സൂഫി സംഗീതം: കാലുഷ്യത്തിന്റെ കനൽ കെടുത്താൻ ഇറ്റുവീഴുന്ന മഞ്ഞുതുള്ളി -സമീർ ബിൻസി
text_fieldsദമ്മാം: എല്ലാ കാലത്തെ ഇരുട്ടുകളെയും കെടുത്താൻ പാകമുള്ള വെളിച്ചങ്ങൾ നിറഞ്ഞതാണ് സൂഫി സംഗീതമെന്നും അതിനെ ജനകീയമാക്കി ചുറ്റും സ്നേഹത്തിന്റെ നിലാവ് നിറക്കുക എന്ന സ്വപ്നമാണ് താൻ പേറുന്നതെന്നും സൂഫി, കവാലി ഗായകൻ സമീർ ബിൻസി. ദമ്മാമിൽ മലബാർ ഹെറിറ്റേജ് കൗൺസിൽ ഒരുക്കിയ ‘കലാമേ ഇഷ്ക്’ സംഗീതപരിപാടിക്ക് എത്തിയ ബിൻസി ‘ഗൾഫ് മാധ്യമ’വുമായി സംസാരിക്കുകയായിരുന്നു.
ആകാശത്തുനിന്ന് ഭൂമിയിലേക്ക് ഇറ്റുവീഴുന്ന മഞ്ഞുതുള്ളിയാണത്. ആത്മാനന്ദത്തിന്റേയും ദിവ്യാനുരാഗങ്ങളുടെയും ഈരടികളാണിത്. പ്രണയത്തിന്റെ പരകോടിയിൽ പിറന്ന കവിതകൾ മനസ്സുകളെ നയിക്കുന്നത് അതിരുകളില്ലാത്ത ആനന്ദങ്ങളിലേക്കാണ്. എല്ലാ ചിന്താധാരകളിലും ഇത്തരം പ്രണയകവിതകൾ ഉണ്ടായിട്ടുണ്ട്. പേടിപ്പെടുത്തുന്ന ദൈവത്തിനുപകരം സ്നേഹിക്കുകയും കൂട്ടിപ്പിടിക്കുകയും ചെയ്യുന്ന ദൈവത്തെയാണ് നാം ഇതിൽ ദർശിക്കുന്നത്. ദൈവത്തെ സ്നേഹിച്ചിരുന്നവർക്ക് മതത്തിന്റെ അതിരുകൾ ഇല്ലായിരുന്നു.
ഭഗവത് ഗീതയെ അറബിയിലേക്ക് അൽബിറൂനി പരിഭാഷപ്പെടുത്തിയപ്പോൾ മിർഅതുൽ ഹഖായിഖ് അഥവാ പൊരുളുകളുടെ കണ്ണാടി എന്നാണ് പേർ നൽകിയത്. ഉർദുവിൽ അത് ദിൽ കി ഗീതയായി, ഹൃദയഗീതം. ഇത്തരത്തിൽ എല്ലാ പൊരുളുകളിലും ദൈവത്തെ തിരഞ്ഞവരാണ് സൂഫികൾ. മീരാഭായി എഴുതിയ കൃഷ്ണഗീതം പാടി ജനഹൃദയങ്ങളിലേക്ക് എത്തിച്ചത് ഫതേ അലി ഖാനാണ്.
ദൈവത്തിന്റെ സ്നേഹത്തിന്റെ മുന്നിൽ വിദ്വേഷങ്ങളും വെറുപ്പുകളുമില്ല. അവിടെ സ്നേഹം മാത്രമേയുള്ളൂ. വർത്തമാനകാലത്തെ സങ്കുചിത മനസ്സുകളിലേക്ക് സ്നേഹത്തിന്റെ വെളിച്ചം കൊളുത്താനുള്ള യാത്രകൂടിയാണ് തന്റെ സംഗീത സപര്യയെന്നും അദ്ദേഹം പറഞ്ഞു. പട്ടാള മൈതാനത്ത് എത്തിയ ശ്രീനാരാണഗുരുവിനെ കാത്തുനിന്ന ഇഛമസ്താൻ എഴുതിയ പൊരുളുകളിൽ ഗുരുവിന്റെ ആശയങ്ങളുടെ സമാനതയുണ്ടായിരുന്നു. സൂഫി പർണശാലകളിൽ പാടിയിരുന്ന പ്രണയഗീതങ്ങളെ സാധാരണക്കാർക്കുകൂടി പ്രാപ്യമാക്കുക എന്ന ദൗത്യമാണ് താൻ ചെയ്യുന്നത്. ഇത് കേവലം പാട്ടു മാത്രമല്ല. മനുഷ്യരുടെ മനസ്സുകളിൽ എവിടെയങ്കിലും അവശേഷിക്കുന്ന വിദ്വേഷങ്ങളെ കെടുത്തിക്കളയലുകൾകൂടിയാണ്.
ഈ ഗാനസപര്യ ജനങ്ങൾ ഏറ്റെടുത്തതോടെ ഈ മേഖലയിൽ വലിയ പഠനങ്ങൾ നടക്കുന്നുണ്ട്. സംഗീതരംഗത്തുതന്നെ വലിയ മാറ്റങ്ങളുടെ ഇടം സൃഷ്ടിക്കാൻ ഈ പഠനങ്ങൾക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
20 വർഷമായി സൂഫി മിസ്റ്റിക് സംഗീത അവതരണ രംഗത്തും സൂഫി സംഗീതത്തെക്കുറിച്ചുള്ള പഠനത്തിലും സജീവമായ സമീർ ബിൻസി അറബ്, ഉർദു, പേർഷ്യൻ, മലയാളം, തമിഴ് ഭാഷകളിലുള്ള സൂഫി ഗസലുകളും ഖവാലികളും ഗീതങ്ങളും അതോടൊപ്പംതന്നെ മറ്റു മിസ്റ്റിക് പാരമ്പര്യങ്ങളിൽ വരുന്ന യോഗാത്മക ശീലുകളും കൺസർട്ടുകളിൽ അവതരിപ്പിച്ചു വരുന്നു.
ലോകപ്രശസ്ത സൂഫി കവികളുടെയും ദാർശനികളുടെയും വരികളും ഗീതങ്ങളും മറ്റു പാരമ്പര്യങ്ങളിലെ യോഗാത്മക ശീലുകളും വേദസൂക്തങ്ങൾ, ഖുർആൻ, ഉപനിഷത്ത്, ബൈബിൾ വചനങ്ങൾ, തത്ത്വചിന്തകളുടെ വാക്യങ്ങൾ, കവിതകൾ... ഇവയൊക്കെയും കടന്നുവരുന്ന ബിൻസിയുടെയും കൂട്ടരുടെയും സൂഫിയാനാ കൺസർട്ട് കേരളത്തിൽ പ്രത്യേകിച്ച് യുവമനസ്സുകളിൽ സവിശേഷമായി ഇടം പിടിച്ചിട്ടുണ്ട്. റൂമി മുതൽ അമീർ ഖുസ്റു മുതൽ, ഇഖ്ബാൽ, ഗാലിബ് തുടങ്ങി നാരായണഗുരു, ഗുരു നിത്യചൈതന്യ വരെ ഇഴചേർന്നു വരുന്ന ഇവരുടെ ആലാപന രീതി ആസ്വാദകരുടെ സവിശേഷമായ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.
പതിഞ്ഞ മെലഡികളിലൂടെ തുടങ്ങുന്ന പാട്ടും പറച്ചിലും ക്രമേണ, ആളുകളെ ദിവ്യാനന്ദത്തിന്റെ പരകോടിയിലെത്തിക്കുന്ന പാട്ടുകളായി പെയ്യുകയാണ് ഇവരുടെ കൺസേർട്ടിൽ. ചെറുപ്പംതൊട്ടേയുള്ള പാട്ടന്വേഷണവും പാട്ടുപറച്ചിലും ബിൻസിയെ അലീഗഢിലെ ഉസ്താദ് പർവേസ് ഖാനിൽ എത്തിച്ചു. ഇന്നും ആലാപന, അന്വേഷണങ്ങളുടെ യാത്ര ബിൻസി തുടർന്നുകൊണ്ടിരിക്കുന്നു. മാലിക് എന്ന ജനപ്രിയ സിനിമയിലെ പ്രശസ്ത പശ്ചാത്തല ഗാനം ‘റഹീമുൻ അലീമുൻ..’ ബിൻസിയാണ് എഴുതിയിട്ടുള്ളത്. അതിൽതന്നെ ‘ചന്ദിരപ്പുതു നാരി’ എന്ന പാട്ടിന് ശബ്ദം നൽകിയ ബിൻസി, ഉടൻ ഇറങ്ങാൻ പോകുന്ന പെൻഡുലം എന്ന സിനിമയിലെ ഇപ്പോൾ ഹിറ്റായിക്കൊണ്ടിരിക്കുന്ന ‘മായും കാലങ്ങൾ’ എന്ന പാട്ടിന് വരികൾ എഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.