പുതുചരിതം തുന്നിച്ചേർത്ത് സന്തോഷ് ട്രോഫി റിയാദിൽ
text_fieldsറിയാദ്: ഇന്ത്യയുടെ സുപ്രധാന ഫുട്ബാൾ ചാമ്പ്യൻഷിപ്പായ ഹീറോ സന്തോഷ് ട്രോഫിയുടെ 2022-23 സെമി ഫൈനലുകൾ ചരിത്രത്തിലാദ്യമായി ഒരു വിദേശ മണ്ണിൽ അരങ്ങേറി. ബുധനാഴ്ച റിയാദ് കിങ് ഫഹദ് ഇൻറർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന ആദ്യ സെമി ഫൈനലിൽ ശക്തരായ പഞ്ചാബിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു മേഘാലയ ഫൈനലിൽ പ്രവേശിച്ചു. ഇരു പാതിയിലും നല്ലകളി പുറത്തെടുത്ത മേഘാലയ ആദ്യമായിട്ടാണ് സന്തോഷ്ട്രോഫി ഫൈനൽ മത്സരിക്കാൻ അർഹത നേടുന്നത്.
മത്സരത്തിെൻറ 16-ാം മിനുട്ടിൽ പരംജിത് സിങ്ങിലൂടെ പഞ്ചാബ് ലീഡ് നേടിയെങ്കിലും മുപ്പത്തിയേഴാം മിനിറ്റിൽ ഫിഗാ സിൻഡായ് മേഘാലയക്ക് ആശ്വാസം പകർന്ന സമനില ഗോൾ നേടി. ഇഞ്ചുറി ടൈമിൽ സ്റ്റീവൻസൻ ഷോഖ്തുങ് പഞ്ചാബിനെ ഞെട്ടിച്ച് സൗദിയിലെ ആദ്യ സെമിഫൈനൽ മത്സരത്തിൽ വിജയികളായി. രണ്ടാം സെമിയിലെ വിജയികളുമായി ഫൈനലിൽ മേഘാലയ കൊമ്പ് കോർക്കും. ഫൈനൽ മത്സരം റിയാദിൽ ശനിയാഴ്ച വൈകീട്ട് 6.30-ന് കിങ് ഫഹദ് സ്റ്റേഡിയത്തിൽ നടക്കും. കേരളം, ബംഗാൾ, ഗോവ ടീമുകൾ ആദ്യ റൗണ്ടിൽ തന്നെ പുറത്തായതിനാൽ ഈ വർഷത്തെ സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് പൊലിമ കുറഞ്ഞിട്ടുണ്ട്.
വിദേശത്ത് നടക്കുന്ന മത്സരത്തെ കുറിച്ച പ്രചാരണം കുറവായതിനാലും ജോലി സമയമായത് കൊണ്ടും മത്സരം കാണാൻ വേണ്ടത്ര ഫുട്‌ബാൾ പ്രേമികൾക്ക് എത്തിച്ചേരാൻ കഴിഞ്ഞില്ല. മത്സരത്തിൽ മേഘാലയ ടീം ഉണർന്നു കളിച്ചതായി റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (റിഫ) ടെക്നിക്കൽ മാനേജർ ഷക്കീൽ തിരൂർക്കാട് അഭിപ്രായപ്പെട്ടു. അടുത്ത മത്സരത്തിന് കൂടുതൽ ആളുകൾ എത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. റിഫ പ്രസിഡൻറ് ബഷീർ ചേലേമ്പ്ര, മറ്റ് ഭാരവാഹികളായ മുസ്തഫ മമ്പാട്, ഹസൻ പുന്നയൂർ, മുസ്തഫ കവ്വായി തുടങ്ങിയവർ മത്സരം വീക്ഷിക്കാനെത്തിയിരുന്നു.
1941-ൽ ആരംഭിച്ച സന്തോഷ് ട്രോഫി മത്സരങ്ങളുടെ നോക്കൗട്ട് ഘട്ടങ്ങൾ അരങ്ങേറുന്ന ആദ്യത്തെ വിദേശ രാജ്യമാണ് സൗദി അറേബ്യ. ട്രോഫിയുടെ 76-ാം പതിപ്പിെൻറ റിയാദിലെ ആതിഥേയത്വം, സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷെൻറയും ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷെൻറയും ഫുട്ബാൾ മേഖലയിലെ എല്ലാ രംഗത്തുമുള്ള ശക്തമായ ബന്ധത്തിെൻറ ഭാഗമാണ്. കഴിഞ്ഞ വർഷം ഒക്ടോബറിൽ യുവജന വികസനം മുതൽ പരിശീലനം, വനിതാ ഫുട്ബാൾ വരെയുള്ള കളിയുടെ വിവിധ മേഖലകൾ ഉൾക്കൊള്ളുന്ന ഒരു ധാരണാപത്രം ഒപ്പുവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.