സന്തോഷ് ട്രോഫി സെമി ഫൈനൽ നാളെ റിയാദ് കിങ് ഫഹദ് സ്റ്റേഡിയത്തിൽ
text_fieldsറിയാദ്: സന്തോഷ് ട്രോഫി സെമി ഫൈനൽ മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ ഒരുക്കം പൂർത്തിയാക്കി സൗദി അറേബ്യ. തലസ്ഥാന നഗരമായ റിയാദിലെ ബഗ്ലഫിലുള്ള കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ബുധനാഴ്ച വൈകീട്ട് മത്സരത്തിന് വിസിൽ മുഴങ്ങും. വിദേശ രാജ്യത്ത് നടക്കുന്ന ആദ്യത്തെ സന്തോഷ് ട്രോഫി മത്സരത്തിന് കാഴ്ചക്കാരായി സ്റ്റേഡിയത്തിലെത്തി ചരിത്രത്തിെൻറ ഭാഗമാകാൻ ഒരുങ്ങുകയാണ് സൗദിയിലെ ഇന്ത്യൻ ഫുട്ബാൾ പ്രേമികൾ. പഞ്ചാബ് - മേഘാലയ, സർവിസസ് - കർണാടക മത്സരങ്ങളാണ് കിങ് ഫഹദ് സ്റ്റേഡിയത്തിൽ പുതുചരിത്രത്തിെൻറ ആരവമുയർത്തുക.
76-ാമത് സന്തോഷ് ട്രോഫി ടൂർണമെൻറാണ് ഇപ്പോൾ സെമി ഫൈനലിൽ എത്തിയിരിക്കുന്നത്. പഞ്ചാബ്, സർവിസസ്, കര്‍ണാടക, മേഘാലയ ടീമുകൾ റിയാദിലെത്തി. ആദ്യ സെമി ഫൈനൽ മത്സരം ബുധനാഴ്ച സൗദി സമയം ഉച്ചകഴിഞ്ഞ് മൂന്നിന് (ഇന്ത്യൻ സമയം വൈകീട്ട് 5.30) നടക്കും. പഞ്ചാബും മേഘാലയയും തമ്മിലാണ് ആദ്യ മത്സരം. വൈകീട്ട് 6.30 ന് (ഇന്ത്യന്‍ സമയം രാത്രി ഒമ്പത്) സർവിസസും കര്‍ണാടകയും തമ്മിൽ രണ്ടാം സെമിയിൽ മാറ്റുരക്കും.
ലൂസേഴ്‌സ് ഫൈനല്‍ ശനിയാഴ്ച (മാർച്ച് നാല്) ഉച്ചകഴിഞ്ഞ് 3.30 ന് (ഇന്ത്യന്‍ സമയം ആറിന്) നടക്കും. അന്ന് തന്നെ വൈകീട്ട് 6.30 ന് (ഇന്ത്യന്‍ സമയം രാത്രി ഒമ്പത്) ഫൈനൽ മത്സരത്തിനും റിയാദ് സാക്ഷിയാകും. മത്സരം കാണാനുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റിന് വാറ്റ് ഉൾപ്പടെ അഞ്ച് സൗദി റിയാലാണ്. കാറ്റഗറി ഒന്നിന് 10 റിയാലും സിൽവർ കാറ്റഗറിക്ക് 150 റിയാലും ഗോൾഡ് കാറ്റഗറിക്ക് 300 റിയലുമാണ് മറ്റ് നിരക്കുകൾ. ticketmax.com അല്ലെങ്കിൽ ആപ്പ് വഴി ടിക്കറ്റ് സ്വന്തമാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.