സുമനസ്സുകളുടെ ഇടപെടലിൽ ശശിധരൻ നാടണഞ്ഞു
text_fieldsതബൂക്ക്: കണ്ണുകളുടെ കാഴ്‌ച നഷ്ടപ്പെട്ടും മറ്റു വിവിധ അസുഖങ്ങൾകൊണ്ടും ദുരിതത്തിലായ മലയാളിക്ക് സുമനസ്സുകളായ സാമൂഹിക പ്രവർത്തകരുടെ ഇടപെടലിൽ നാട്ടിലെത്താനായി. തബൂക്കിലെ ആസ്ട്ര ഫാമിൽ വർഷങ്ങളായി ജോലിചെയ്തിരുന്ന കൊല്ലം പെരുനാട് സ്വദേശി ശശിധരൻ പിള്ളയാണ് (53) സി.സി .ഡബ്ല്യൂ.എ പ്രവർത്തകരുടെ സഹായത്തോടെ കഴിഞ്ഞ ദിവസം നാട്ടിലെത്തിയത്. ജോലിസ്ഥലത്തുനിന്ന് രണ്ട് മാസംമുമ്പ് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ശശിധരനെ തബൂക്ക് ന്യൂ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെനിന്ന് രണ്ടാഴ്ചത്തെ ചികിത്സക്കുശേഷം താമസസ്ഥലത്ത് തിരിച്ചെത്തിയ ഇദ്ദേഹം നാട്ടിലേക്ക് പോകാനുള്ള ഒരുക്കം നടത്തുന്നതിനിടയിൽ ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ പരിശോധനയിൽ രണ്ട് വൃക്കയും തകരാറിലായതായി കണ്ടെത്തി.
തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ രണ്ടു കണ്ണുകളുടെയും കാഴ്ചകൂടി നഷ്ടപ്പെട്ടത് ശശിധരന് കൂടുതൽ ദുരിതമായി. ഒരുമാസത്തെ ചികിത്സക്കുശേഷം ആരോഗ്യസ്ഥിതി അൽപം മെച്ചപ്പെട്ടുവെങ്കിലും കാഴ്ചശക്തി തിരിച്ചുപിടിക്കാൻ അദ്ദേഹത്തിനായില്ല. ശശിധരനെ കുറിച്ചുള്ള വിവരങ്ങൾ വീട്ടിൽ അറിയാത്ത അവസ്ഥ വന്നപ്പോൾ വീട്ടുകാർ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടുകയായിരുന്നു. ജിദ്ദ കോൺസുലേറ്റിൽനിന്ന് തബൂക്കിലെ സി.സി.ഡബ്ല്യൂ.എ അംഗം ലത്തീഫിനെ ഇദ്ദേഹത്തിെൻറ വിവരം അന്വേഷിക്കാൻ ചുമതലപ്പെടുത്തി. തുടർന്ന് സി.സി .ഡബ്ല്യൂ.എ ചെയർമാൻ സിറാജ് എറണാകുളത്തിെൻറ നേതൃത്വത്തിൽ അംഗങ്ങളായ ലാലു ശൂരനാട്, ലത്തീഫ് മംഗലാപുരം എന്നിവർ ആസ്ട്രാ ഫാമിൽ ചെന്ന് ശശിധരനെ കണ്ടെത്തുകയായിരുന്നു. ഫാം അധികൃതരുമായി സംസാരിച്ച് ഇദ്ദേഹത്തെ നാട്ടിലെത്തിക്കാനുള്ള വഴിയൊരുക്കുകയായിരുന്നു.
വിമാനടിക്കറ്റും മറ്റ് യാത്രാ ഒരുക്കങ്ങളും പൂർത്തിയാക്കി റിയാദിൽനിന്നുള്ള ദുബൈ-കൊച്ചി എയർ അറേബ്യ വിമാനത്തിൽ ശശിധരൻ കൊച്ചിയിലെത്തി. തബൂക്ക് മുതൽ കൊച്ചിയിൽ ബന്ധുക്കളുടെ കൈകളിൽ എത്തിക്കുന്നതുവരെ സഹായത്തിനുണ്ടായിരുന്നത് പാലാ സ്വദേശി ജോസഫ് ആയിരുന്നു. വിവിധ ഘട്ടങ്ങളിൽ സഹായവുമായി രംഗത്തിറങ്ങിയ സിറാജ് എറണാകുളം, ലത്തീഫ് മംഗലാപുരം, ലാലു ശൂരനാട്, സാലി പട്ടിക്കാട്, ഖാദർ ഇരിട്ടി, കെ.എം.സി.സി വെൽഫെയർ വിങ് നേതാക്കളായ റിയാസ് പപ്പായി, ഹബീബ് വേങ്ങൂർ, ആസ്ട്രാ ഫാം മാനേജ്‌മെൻറ്, ന്യൂ ഫഹദ് ആശുപത്രിയിലെ ഡോക്ടർമാർ, നഴ്‌സുമാർ, കമ്പനി തൊഴിലാളികൾ, സഹതാമസക്കാർ എന്നിവർക്ക് നിറകണ്ണുകളോടെ നന്ദി പറഞ്ഞാണ് ശശിധരൻ പ്രവാസത്തോട് യാത്ര പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.