ആദർശ രാഷ്ട്രീയത്തിന്റെ യുവമുഖമായിരുന്നു സതീശൻ പാച്ചേനി –ദമ്മാം ഒ.ഐ.സി.സി
text_fieldsദമ്മാം: ആദർശ രാഷ്ട്രീയത്തിന്റെ യുവമുഖമായിരുന്നു സതീശൻ പാച്ചേനിയെന്ന് ഒ.ഐ.സി.സി ദമ്മാം റീജ്യൻ കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം അഭിപ്രായപ്പെട്ടു. കണ്ണൂർ ജില്ലയിൽ സി.പി.എം പാർട്ടി ഗ്രാമത്തിൽ കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച സതീശൻ പാച്ചേനി എ.കെ. ആൻറണിയുടെ ആദർശ രാഷ്ട്രീയത്തിൽ ആകൃഷ്ടനായി കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രസ്ഥാനങ്ങളിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്.
അർഹമായ അവസരം നഷ്ടപ്പെട്ടപ്പോഴും പാർട്ടിയോട് ഒരുവിധ പരിഭവവും കാണിക്കാതെ അച്ചടക്കമുള്ള നേതാവായി തുടർന്ന അദ്ദേഹം രാഷ്ട്രീയജീവിതം അവസരങ്ങൾതേടി പുത്തൻ മേച്ചിൽപ്പുറങ്ങൾ തേടുന്ന അവസരവാദ രാഷ്ട്രീയ നേതാക്കളിൽനിന്ന് വിപരീതമായിരുന്നു. തനിക്ക് പാർട്ടി നൽകിയതിനേക്കാളും കൂടുതൽ പാർട്ടിക്ക് തിരിച്ച് നൽകിയാണ് സതീശൻ പാച്ചേനി മടങ്ങിയതെന്നും പ്രസംഗകർ പറഞ്ഞു.
സ്വന്തം ഭവനംപോലും പാർട്ടിക്കുവേണ്ടി പണയപ്പെടുത്തി ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ ആസ്ഥാന മന്ദിരത്തിന്റെ പണി പൂർത്തീകരിച്ച ഡി.സി.സി പ്രസിഡന്റായിരുന്ന സതീശൻ പാച്ചേനി എക്കാലവും ഓർമിക്കപ്പെടാൻ ഡി.സി.സി മന്ദിരത്തിന് സതീശൻ പാച്ചേനിയുടെ പേര് നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ല കമ്മിറ്റി പ്രസിഡന്റ് മുസ്തഫ നണിയൂർ നമ്പ്രം അധ്യക്ഷത വഹിച്ചു. സമ്മേളനം റീജനൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. സി. അബ്ദുൽ ഹമീദ്, ഇ.കെ. സലിം, ഹനീഫ് റാവുത്തർ, ചന്ദ്രമോഹൻ, റഫീഖ് കൂട്ടിലങ്ങാടി, അബ്ദുൽ ഗഫൂർ വണ്ടൂർ, തോമസ് തൈപ്പറമ്പിൽ, ഹമീദ് കണിച്ചാട്ടിൽ, സക്കീർ പറമ്പിൽ, ഡെന്നീസ് മണിമല, അസ്‌ലം ഫറോക്ക്, ഷിജില ഹമീദ്, മുഹമ്മദലി പാഴൂർ, ഷാജി പുരുഷു തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷിബു ശ്രീധരൻ സ്വാഗതവും ജിബിൻ തോമസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.