സുഡാൻ, യമൻ, ഗ്രീസ് രാജ്യങ്ങളിലെ ദുരിതം പേറുന്നവർക്ക് സഹായം തുടർന്ന് സൗദി
text_fieldsയാംബു: സുഡാൻ, യമൻ, ഗ്രീസ് എന്നീ രാജ്യങ്ങളിൽ വിവിധ പ്രകൃതി ദുരന്തങ്ങളിൽപ്പെട്ട് ദുരിതമനുഭവിക്കുന്നവർക്ക് കിംങ് സൽമാൻ സെന്റർ ഫോർ ഹ്യൂമനാറ്റേറിയൻ റിലീഫ് സെന്ററിന്റെ (കെ.എസ്. റിലീഫ്) ആഭിമുഖ്യത്തിൽ സഹായങ്ങൾ തുടർന്ന് സൗദി. യമനിൽ വിവിധ രീതിയിൽ ദുരിതമനുഭവിക്കുന്ന ആളുകൾക്ക് ഭക്ഷണ സാധനങ്ങളും ആവശ്യവസ്തുക്കളും അടങ്ങുന്ന 5,752 ടണ്ണിലധികം ഭാരം വരുന്ന 330 ദുരിതാശ്വാസ ട്രക്കുകളുടെ വാഹനവ്യൂഹം കഴിഞ്ഞ ദിവസം യമനിലെത്തിയതായി കെ.എസ്. റിലീഫ് വക്താവ് അറിയിച്ചു.
യമനിലെ 14 ഗവർണറേറ്റുകളിലെ നൂറുകണക്കിന് ആളുകൾക്ക് ഇത് ഏറെ ഉപകരിക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഭക്ഷണ സാധനങ്ങൾക്കു പുറമെ പാർപ്പിട സാമഗ്രികൾ, മെഡിക്കൽ സാധനങ്ങൾ തുടങ്ങിയവയും സഹായ വസ്തുക്കളുടെ ഗണത്തിൽപ്പെടുത്തിയിട്ടുണ്ട്. സുഡാനിൽ മേയ് 12 മുതൽ 17 വരെയുള്ള കാലയളവിൽ 26 ന്യൂറോ സർജറികൾ നടത്താൻവേണ്ട എല്ലാ സഹായവും കെ.എസ്. റിലീഫ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തി. പതിനഞ്ചോളം മെഡിക്കൽ രംഗത്തെ വിദഗ്ധരും മറ്റു സന്നദ്ധ പ്രവർത്തകരുമടങ്ങുന്ന സംഘമാണ് ആതുരസേവനം സുഡാനിൽ പൂർത്തിയാക്കിയത്. 'മെഡിക്കൽ വളന്റിയർ പ്രോജക്റ്റ്' സൗദി സുഡാനിൽ പൂർത്തിയാക്കിയതോടെ വമ്പിച്ച നേട്ടമാണ് അവിടത്തെ ജനതക്ക് ലഭിച്ചത്.
ഗ്രീസിലെ പ്രയാസപ്പെടുന്ന ആളുകൾക്ക് സൗദി പത്ത് ടൺ ഈത്തപ്പഴമാണ് ഇത്തവണ സഹായ വസ്തുവായിയെത്തിച്ചു നൽകിയത്. ഗ്രീസിന്റെ തലസ്ഥാന നഗരമായ ഏതൻസിലെ സൗദി അംബാസഡർ സാദ് അൽ അമ്മാർ മുഖേന ഗ്രീസിലെ അർഹപ്പെടുന്ന ആളുകൾക്ക് അവയെത്തിച്ചു നൽകാൻ ആവശ്യമായ ഒരുക്കങ്ങൾ പൂർത്തിയാക്കി വരുന്നതായും കെ.എസ്.റിലീഫ് സെന്റർ അധികൃതർ അറിയിച്ചു. ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ പ്രകൃതി ദുരന്തങ്ങൾ മൂലം പ്രതിസന്ധിയിലകപ്പെടുന്ന ആളുകൾക്ക് പ്രയാസം ലഘൂകരിക്കാനും ആശ്വാസം നൽകാനും ലക്ഷ്യമിട്ട് കെ.എസ്.റിലീഫ് ഏജൻസി നടത്തുന്ന മഹത്തായ പദ്ധതികൾ ഇതിനകം ലോക ശ്രദ്ധ നേടിയതാണ്. മാനുഷിക സഹായത്തിനുള്ള സൗദിയുടെ പ്രതിബദ്ധതയെ ഇത്തരം മാനുഷിക സഹായ പ്രവർത്തനങ്ങൾ എടുത്തുകാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.