സിറിയൻ ജനതക്ക് സഹായമെത്തിച്ച് സൗദി; ദുരിതാശ്വാസ വസ്തുക്കളുമായി മൂന്നാം വിമാനം ഡമസ്കസിൽ
text_fieldsറിയാദ്: സിറിയൻ ജനതക്ക് സഹായവുമായി സൗദിയുടെ മൂന്നാം വിമാനവും ഡമസ്കസിൽ പറന്നിറങ്ങി. ഭക്ഷണം, മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളും, പാർപ്പിട സംവിധാനങ്ങൾ എന്നിവയാണ് മൂന്ന് വിമാനങ്ങളിലായി എത്തിച്ചത്. സൗദിയുടെ ചാരിറ്റി ഏജൻസിയായ കിങ് സൽമാൻ ഹുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് (കെ.എസ്. റിലീഫ്) സെന്റർ സഹായം എത്തിക്കുന്നതിനുള്ള ചുമതല വഹിക്കുന്നത്. ബുധനാഴ്ചയാണ് ദുരിതാശ്വാസ സഹായങ്ങളുമായി ആദ്യ വിമാനം റിയാദിലെ കിങ് ഖാലിദ് ഇന്റർനാഷനൽ എയർപോർട്ടിൽനിന്ന് പുറപ്പെട്ടത്. പിന്നീട് തുടർച്ചയായി രണ്ട് വിമാനങ്ങളിൽ കൂടി അടിയന്തര സഹായം എത്തിക്കുകയായിരുന്നു.
ആദ്യദിവസം രണ്ട് വിമാനങ്ങളിലെത്തിച്ചത് 81 ടൺ ദുരിതാശ്വാസ വസ്തുക്കളാണ്. വ്യാഴാഴ്ചയാണ് മൂന്നാം വിമാനം ഡമസ്കസിലെത്തിയത്. സഹായമെത്തിക്കൽ തുടരുന്നതിനായി റിയാദിനും ഡമസ്കസിനും ഇടയിൽ ഒരു എയർ ബ്രിഡ്ജ് തുറന്നതായി കെ.എസ് റിലീഫ് ജനറൽ സൂപ്പർ വൈസർ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ റബീഅ പറഞ്ഞു. വരും ദിവസങ്ങളിൽ സിറിയൻ സഹോദരങ്ങൾക്കായി കരമാർഗവും സഹായങ്ങൾ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിറിയയിലെ സഹോദരങ്ങളെ അവരുടെ ഏറ്റവും മോശം അവസ്ഥയിൽ സഹായിക്കാനും ആ ദാരുണാവസ്ഥയിൽനിന്ന് അവരെ കൈപിടിച്ചുയർത്താനും സൗദി അറേബ്യ വഹിക്കുന്ന മാനുഷികമായ ഇടപെടലിന്റെ ഭാഗമാണ് ഈ എയർ ബ്രിഡ്ജെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും ആവശ്യമുള്ള പ്രദേശങ്ങളിലേക്കാണ് സഹായമെത്തിക്കുന്നത്. ആദ്യ വിമാനത്തെ സിറിയയിലെ സൗദി എംബസി ചാർജ് ഡി അഫയേഴ്സ് അബ്ദുല്ല ബിൻ സാലിഹ് അൽ ഹുറൈസ്, സിറിയൻ റെഡ് ക്രസന്റ് പ്രസിഡന്റ് ഡോ. മുഹമ്മദ് ഹാസിം ബഖ്ല തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. തന്റെ രാജ്യത്തിന് നൽകിയ ദുരിതാശ്വാസത്തിനും മാനുഷിക സഹായത്തിനും സൗദി അറേബ്യയോട് ആത്മാർഥമായ നന്ദി രേഖപ്പെടുത്തുന്നുവെന്ന് സിറിയൻ റെഡ് ക്രസന്റ് ഓർഗനൈസേഷൻ മേധാവി പറഞ്ഞു. വിവേചനമില്ലാതെ എല്ലാ സിറിയൻ പ്രദേശങ്ങളിലെയും ആവശ്യക്കാർക്കും ദുരിതബാധിതർക്കും ഇത് എത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഡമസ്കസിലേക്ക് വിമാനം വഴി സഹായം എത്തിക്കാൻ മുൻകൈയെടുത്തതിലൂടെ സിറിയയുടെ സ്ഥിരത മെച്ചപ്പെടുത്തുന്നതിനും സമാധാനം ശാശ്വതമാക്കുന്നതിനും സിറിയക്കാരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിനും സൗദിഭരണകൂടം കാണിക്കുന്ന താൽപര്യമാണ് പ്രകടമാകുന്നത്. ഇത് വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമായാണ് സൗദി വിലയിരുത്തുന്നത്. പ്രത്യേകിച്ച് ഡമാസ്കസിലെ സുരക്ഷയെ പിന്തുണക്കുന്നതിൽ സൗദി അതിന്റെ താൽപര്യം ഉൗന്നിപ്പറഞ്ഞ സമയത്താണ് ഇൗ സഹായം. സൗദി എയ്ഡ് പ്ലാറ്റ്ഫോം പ്രകാരം സിറിയക്ക് നൽകിയ സൗദി സഹായത്തിന്റെ ആകെ കണക്ക് ഏകദേശം 7,380,560,787 ബില്യൺ ഡോളറാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.