സൗദി എയർലൈൻസ് ഇൻസ്റ്റിറ്റ്യൂഷനൽ ക്വറന്റീന്‍ പാക്കേജുകൾ പ്രഖ്യാപിച്ചു
text_fieldsജിദ്ദ: കോവിഡ് വാക്സിൻ കുത്തിവെപ്പെടുക്കാതെ സൗദിയിലെത്തുന്ന വിദേശികൾക്ക് ഈ മാസം 20 മുതൽ നിലവിൽ വരുന്ന ഒരാഴ്ചത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വറന്റീന്‍ പദ്ധതിക്കുള്ള സൗദി എയർലൈൻസ് പാക്കേജുകൾ പ്രഖ്യാപിച്ചു. റിയാദ്, ജിദ്ദ, മദീന, ദമ്മാം നഗരങ്ങളിലെ വിവിധ ഹോട്ടലുകളിലെ ക്വറന്റീന്‍ പാക്കേജുകളാണ് സൗദി എയർലൈൻസ് തങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്.
റിയാദിൽ ത്രീ സ്റ്റാർ ഹോട്ടൽ സൗകര്യങ്ങളോടെ 2,920, ഫോർ സ്റ്റാർ 4,965, ഫൈവ് സ്റ്റാർ (ഹിൽട്ടൺ ഹോട്ടൽ) 6,880, ഫൈവ് സ്റ്റാർ (ലെമെറീഡിയൻ ഹോട്ടൽ) 7,744 റിയാൽ എന്നിങ്ങനെയാണ് ക്വാറൻ്റീൻ നിരക്കുകൾ. ജിദ്ദയിൽ ത്രീ സ്റ്റാർ ഹോട്ടൽ 2,425, ഫോർ സ്റ്റാർ 3,010, ഫൈവ് സ്റ്റാർ (കസാബ്ലാങ്ക ഗ്രാൻഡ് ഹോട്ടൽ) 4,375, ഫൈവ് സ്റ്റാർ (ജിദ്ദ ഹിൽട്ടൺ ഹോട്ടൽ) 8,608 റിയാൽ എന്നിങ്ങനെയും ദമ്മാമിൽ ത്രീ സ്റ്റാർ ഹോട്ടൽ 3,100, ഫോർ സ്റ്റാർ 3,424 റിയാൽ എന്നിങ്ങനെയുമാണ് നിരക്കുകൾ. മദീനയിലെ നിരക്ക് ത്രീ സ്റ്റാർ ഹോട്ടൽ 2,443, ഫോർ സ്റ്റാർ 2,460, ഫൈവ് സ്റ്റാർ 3,352 റിയാൽ എന്നിങ്ങനെയാണ്.
ഒരാൾക്കുള്ള രണ്ട് കോവിഡ് പരിശോധനകളും മൂന്ന് നേരം ഭക്ഷണവും എയർപോർട്ടിൽ നിന്നും ഹോട്ടലിലേക്കുള്ള യാത്രയും ആറ് രാത്രി താമസിക്കാനുള്ള സിംഗിൾ റൂമും അടങ്ങുന്നതാണ് പാക്കേജുകൾ. ജൂൺ 30 വരെയുള്ള നിരക്കുകളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. സൗദിയ വിമാന ടിക്കറ്റിനോടൊപ്പം ട്രാവൽ ഏജൻസികൾ മുഖേനയോ സൗദിയയുടെ വെബ്സൈറ്റിൽ നിന്നോ ക്വാറന്റീൻ പാക്കേജ് ബുക്ക് ചെയ്യാവുന്നതാണ്. ഒരിക്കൽ ബുക്ക് ചെയ്താൽ പിന്നീട് കാൻസൽ ചെയ്യാൻ സാധിക്കില്ല.
ഹോട്ടലിലെത്തിയാൽ ഉടൻ യാത്രക്കാർ ഡെപ്പോസിറ്റ് തുക നൽകേണ്ടതുണ്ട്. ഇത് പിന്നീട് തിരിച്ചു നൽകും. ആറ് വയസ്സുവരെയുള്ള കുട്ടികൾക്ക് ഭക്ഷണത്തിനോ താമസത്തിനോ പ്രത്യേകം കാശ് അടക്കേണ്ടതില്ല. എന്നാൽ 12 വയസ് വരെയുള്ള കുട്ടികൾക്ക് പ്രത്യേകം ചാർജ്ജ് നൽകേണ്ടിവരും. ഡബിൾ റൂമിന് പ്രത്യേകം ചാർജ്ജുണ്ടാവുമെന്നും രണ്ട് കുട്ടികളിലധികം ഡബിൾ റൂമിൽ അനുവദിക്കില്ലെന്നും സൗദിയ അധികൃതർ അറിയിച്ചു.
സൗദിയിലേക്ക് സർവിസ് നടത്തുന്ന മറ്റു വിമാനക്കമ്പനികളും തങ്ങളുടെ ക്വാറന്റീൻ പാക്കേജുകൾ വരുംദിവസങ്ങളിൽ പ്രഖ്യാപിച്ചേക്കും. എന്നാൽ കുറഞ്ഞ നിരക്കിൽ ലഭ്യമാവുന്ന സാധാരണ ഹോട്ടലുകളോ ഫർണീസ്ഡ് അപ്പാർട്മെന്റുകളോ വിമാനക്കമ്പനികളുടെ ക്വറന്റീന്‍ പാക്കേജിൽ ഉൾപ്പെടുന്നില്ലെങ്കിൽ സൗദിയിലേക്ക് വാക്സിനെടുക്കാതെ വരുന്ന പ്രവാസികൾക്ക് സൗദിയിലെ ഒരാഴ്‍ചത്തെ ക്വറന്റീന്‍ ചാർജ്ജും ചെലവേറിയതായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.