സൗദി എയർലൈൻസ് 71 ആഭ്യന്തര, അന്താരാഷ്ട്ര സ്റ്റേഷനുകളിലേക്ക് സർവിസ് നടത്തും
text_fieldsജിദ്ദ: മെയ് 17ന് സൗദിയിലെ യാത്രാവിലക്ക് എടുത്തുകളയുമ്പോൾ 71 ആഭ്യന്തര, അന്താരാഷ്ട്ര സ്റ്റേഷനുകളിലേക്ക് സർവിസ് നടത്താൻ സജ്ജമായതായി സൗദി എയർലൈൻസ്. അൽ അറബിയ ചാനലിന് നൽകിയ അഭിമുഖത്തിൽ സൗദി എയർലൈൻസ് കോർപറേറ്റ് കമ്യൂണിക്കേഷൻ അഫയേഴ്സ് ഡയറക്ടർ എൻജിനീയർ അബ്ദുല്ല അൽശഹ്റാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോവിഡ്മൂലം യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടില്ലാത്ത രാജ്യങ്ങളിലേക്കായിരിക്കും സർവിസ് നടത്തുക. സൗദി എയർലൈൻസ് നെറ്റ്വർക്ക് അനുസരിച്ച് ഡസൺ കണക്കിന് വിമാനങ്ങൾ ദിനേന സർവിസ് നടത്തും. 95 സ്റ്റേഷനുകളിൽ ഇപ്പോൾ 71 സ്റ്റേഷനുകളിലേക്ക് സർവിസ് നടത്താൻ സൗദി എയർലൈൻസ് സജ്ജമാണ്. ഇതിൽ 28 എണ്ണം ആഭ്യന്തര സ്റ്റേഷനുകളും 43 എണ്ണം അന്താരാഷ്ട്ര സ്റ്റേഷനുകളുമാണ്.
സർവിസിന് വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. യു.വി.സി ഉപകരണം ഉപയോഗിച്ച് അൾട്രാവയലറ്റ് രശ്മികളിലൂടെ വിമാനത്തിനകം പതിവായി അണുമുക്തമാക്കിക്കൊണ്ടിരിക്കും. ആശുപത്രികളിലെ ഓപറേഷൻ റൂമുകൾ അണുമുക്തമാക്കുന്നതുപോലുള്ള സംവിധാനമാണിത്. കൂടാതെ കൈകൾ ഉപയോഗിച്ചുള്ള അണുനശീകരണവുമുണ്ടായിരിക്കുമെന്നും സൗദിയ കോർപറേറ്റ് കമ്യൂണിക്കേഷൻ അഫയേഴ്സ് ഡയറക്ടർ പറഞ്ഞു.
യാത്രക്ക് മുമ്പ് യാത്രക്കാരൻ സൗദി വെബ്സൈറ്റ് സന്ദർശിച്ച് വിവരങ്ങൾ അറിഞ്ഞിരിക്കണം. യാത്ര സംബന്ധിച്ച് സൗദിയിലെ ബന്ധപ്പെട്ട വകുപ്പുകൾ പുറപ്പെടുവിക്കുന്ന പുതിയ അറിയിപ്പുകളും എത്തിച്ചേരേണ്ട രാജ്യങ്ങളിലെ നിർദേശങ്ങളും ഒൗദ്യോഗിക സ്രോതസ്സുകളിൽനിന്ന് അറിയാൻ ശ്രമിക്കണം.
ആരോഗ്യ മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും ഏർപ്പെടുത്തിയ മുൻകരുതൽ നടപടികൾ യാത്രക്കാർ പൂർണമായും പാലിക്കണം. വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവർ എത്തിച്ചേരുന്ന രാജ്യങ്ങളിലെ ആവശ്യങ്ങളും കണക്കിലെടുക്കണം. തവക്കൽനാ ആപ്പിൽ യാത്രക്കാരെൻറ ആരോഗ്യസ്റ്റാറ്റസ് രോഗബാധിതനല്ല, കോവിഡ് ബാധിച്ച് പ്രതിരോധം വീണ്ടെടുത്തവൻ അല്ലെങ്കിൽ കുത്തിവെപ്പെടുത്തവൻ എന്നതായിരിക്കണം.
ആദ്യഡോസ് എടുത്തുവർക്ക് കുത്തിവെപ്പെടുത്ത 14 ദിവസം കഴിഞ്ഞാൽ യാത്ര ചെയ്യാനാകും. 18 വയസ്സിന് താഴെയുള്ള പൗരന്മാർക്ക് സൗദിക്ക് പുറത്തേക്കുള്ള യാത്രക്ക് കോവിഡ് ചികിത്സ ഉൾക്കൊള്ളുന്ന സൗദി സെൻട്രൽ ബാങ്ക് അംഗീകരിച്ച ഇൻഷുറൻസ് പോളിസി സമർപ്പിക്കണമെന്ന് നിബന്ധനയായി നിശ്ചയിച്ചിട്ടുണ്ടെന്നും സൗദിയ കോർപറേറ്റ് കമ്യൂണിക്കേഷൻ അഫേയ്സ് ഡയറക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.