സൗദി എയർലൈൻസ് വഴി യാത്ര ചെയ്തത് പത്ത് ലക്ഷത്തിലധികം തീർഥാടകർ
text_fieldsജിദ്ദ: ഹജ്ജ് വിമാന സർവീസ് വിജയകരമായി അവസാനിച്ചുവെന്ന് സൗദി എയർലൈൻസ് വ്യക്തമാക്കി. സൗദിയയുടെ അവസാന ഹജ്ജ് വിമാനം മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വ്യാഴാഴ്ച ഉച്ചക്ക് 2.50 ന് ഇന്തോനേഷ്യയിലെ സുറാബായയിലേക്കാണ് പറന്നത്. വിമാനത്തിൽ 355 യാത്രക്കാരുണ്ടായിരുന്നു. ഉപഹാരങ്ങളും പൂവുകളും നൽകിയാണ് ഇവരെ യാത്രയയച്ചത്. സൗദി എയർലൈൻസ് വടക്കൻ മേഖല മാർക്കറ്റിങ് മേധാവി മുഹമ്മദ് ബിൻ അലി അൽശംറാനി, മദീനയിലെ സൗദി എയർലൈൻസ് സ്റ്റേഷൻ മേധാവി അയ്മൻ ജറാഅ് തുടങ്ങിയവർ സന്നിഹിതരായിരുന്നുവെന്ന് സൗദി എയർലൈൻസ് പറഞ്ഞു. ജൂലൈ 24നാണ് തീർഥാടകരുടെ വരവ് തുടങ്ങിയത്. തിരിച്ചുപോക്ക് തുടങ്ങിയത് സെപ്റ്റംബർ നാലിനും.
ആദ്യവിമാനം റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിലേക്കാണ് തിരിച്ചു പറന്നത്. പിന്നീട് ലോകത്തെ 100 ഒാളം സ്ഥലങ്ങളിലേക്ക് ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ നിന്ന് തീർഥാടകരെ സൗദി എയർലൈൻസ് എത്തിച്ചു. ഇൗ വർഷത്തെ ഹജ്ജ് സർവീസിൽ പത്ത് ലക്ഷത്തിലധികം തീർഥാടകർ സൗദി എയർലൈൻസ് വഴി യാത്ര ചെയ്തിട്ടുണ്ട്. മുൻവർഷത്തേക്കാൾ തീർഥാടകരുടെ എണ്ണത്തിൽ 40 ശതമാനം വർധനവുണ്ട്. ഇതേ തുടർന്ന് 21 വിമാനങ്ങൾ കൂടുതലായി ഒരുക്കി. തീർഥാടകരുടെ തിരിച്ചുപോക്ക് നടപടികൾ എളുപ്പമാക്കാനും മികച്ച സേവനങ്ങൾ നൽകാനും ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് മുഴുസമയം രംഗത്തുണ്ടായിരുന്നുവെന്നും സൗദി എയർലൈൻസ് വ്യക്തമാക്കി.
ജിദ്ദ വിമാനത്താവള ഹജ്ജ് ടെർമിനൽ വഴിയുള്ള തീർഥാടകരുടെ തിരിച്ചുപോക്കിനും വ്യാഴാഴ്ച പരിസമാപ്തിയായി. 4800 വിമാന സർവീസുകളിലായി പത്ത് ലക്ഷം തീർഥാടകർ ജിദ്ദ വിമാനത്താവളം വഴി യാത്ര തിരിച്ചതായി എയർപോർട്ട് ഹജ്ജ്^ഉംറ കാര്യ മേധാവി അബ്ദുൽ മജീദ് അഫ്ഗാനി പറഞ്ഞു. ഹജ്ജ് ടെർമിനൽ വഴി ഉംറ തീർഥാടകരുടെ വരവ് ഉടനെ ആരംഭിക്കും. സഫർ ആദ്യം മുതൽ സൗത്ത്, നോർത്ത് ടെർമിനൽ വഴി ഉംറ തീർഥാടകരുടെ വരവ് ആരംഭിച്ചിട്ടുണ്ട്. ഇൗ വർഷം തീർഥാടകരുടെ എണ്ണത്തിൽ വർധനവുണ്ടാകും. 70 ലക്ഷം ഉംറ തീർഥാടകരെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹജ്ജ്^ഉംറ കാര്യ മേധാവി പറഞ്ഞു.
ഹജ്ജ് സീസൺ അവസാനിച്ചതോടെ രാജ്യത്തെ കര കടൽ േവ്യാമ പ്രവേശന കവാടങ്ങളിലെ പാസ്പോർട്ട് വകുപ്പിനു കീഴിലെ ഹജ്ജ് സീസൺ ജോലികൾ അവസാനിച്ചതായി സൗദി പാസ്പോർട്ട് ഡറേക്ടറേറ്റ് വ്യക്തമാക്കി. തീർഥാടകരുടെ വരവ് ആരംഭിച്ചതു മുതൽ തിരിച്ചുപോകുന്നതുവരെ യാത്ര നടപടികൾ എളുപ്പമാക്കാനാവശ്യമായ ഉദ്യോഗസ്ഥരേയും വ്യാജരേഖകൾ കണ്ട് പിടിക്കാൻ കഴിയുന്ന നൂതന ഉപകരണങ്ങളും പ്രവേശന കവാടങ്ങളിൽ ഒരുക്കിയിരുന്നു. 17,20, 342 തീർഥാടകർ വിവിധ പ്രവേശന കവാടങ്ങൾ വഴി തിരിച്ചുപോയതായും പാസ്പോർട്ട് ഡയരക്ടറേറ്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.