സൗദി എയര്‍ലൈന്‍സ് 2030ഓടെ റിയാദ് എയര്‍പോര്‍ട്ടില്‍നിന്ന് പിന്‍വാങ്ങും
text_fieldsജിദ്ദ: സുപ്രധാന നീക്കവുമായി സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദി എയര്‍ലൈന്‍സ് (സൗദിയ). 2030 ഓടെ റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തില്‍നിന്ന് പിൻവാങ്ങും. ഇതോടെ ഉംറ, ഹജ്ജ് യാത്രക്കാര്‍ക്ക് സേവനം നല്കുന്ന ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരിക്കും സൗദി എയര്‍ലൈന്‍സ് പ്രാഥമികമായി തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിക്കുക. ഈ തന്ത്രപരമായ നീക്കം പുതിയ എയര്‍ലൈൻ കമ്പനിയായ ‘റിയാദ് എയറി’ന് റിയാദ് വിമാനത്താവളത്തിൽ പ്രവർത്തനം കേന്ദ്രീകരിക്കാൻ വേണ്ടിയാണ്.
റിയാദ് എയര്‍ 2025ലാണ് സർവിസ് ആരംഭിക്കുന്നത്. സൗദി എയര്‍ലൈന്‍സും റിയാദ് എയറും ദുബൈ എയര്ഷോ 2023ൽ പങ്കെടുത്തിരുന്നു.
അവിടെ ‘എയര്‍വേസ്’ മാഗസിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് ഇരു വിമാനക്കമ്പനികളുടെയും പ്രതിനിധികൾ ഇക്കാര്യം പ്രഖ്യാപിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരസ്പര ബന്ധിതവും സമഗ്രവുമായ സേവനത്തിനായി തങ്ങളുടെ എയർ റൂട്ട് ശൃംഖലകൾ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രണ്ട് എയര്‍ലൈനുകളും കോഡ്ഷെയര്‍ കരാറില്‍ ഒപ്പുവെച്ചു.
‘ജിദ്ദ ഹബ്ബ്’ രാജ്യത്തിന്റെ പരിവര്‍ത്തന പരിപാടിയിലെ പ്രധാന സ്തംഭമാണെന്ന് സൗദി എയര്‍ലൈൻസ് മീഡിയ അഫയേഴ്സ് ജനറല്‍ മാനേജര്‍ അബ്ദുല്ല അൽ ഷഹ്റാനി പറഞ്ഞു.
റിയാദിലെ ബിസിനസുകളിലും പ്രവര്‍ത്തനങ്ങളിലുമായിരിക്കും റിയാദ് എയര്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൗദി എയര്‍ലൈന്‍സ് ഇരട്ട ഹബ് തന്ത്രം ഉപേക്ഷിച്ച് ജിദ്ദയില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കുമെന്ന് റിയാദ് എയർ സി.ഇ.ഒ പീറ്റര്‍ ബെല്ല്യൂ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.