നിയുക്ത സൗദി അംബാസഡർ ഇറാനിലെത്തി
text_fieldsജിദ്ദ: ഇറാനിലെ നിയുക്ത സൗദി അംബാസഡർ അബ്ദുല്ല ബിൻ സഊദ് അൽഅൻസി തെഹ്റാനിലെത്തി. ഏഴുവർഷത്തെ ഇടവേളക്ക് ശേഷം ഇറാൻ തലസ്ഥാനത്ത് ആരംഭിച്ച എംബസിയിലെ ജോലികൾ ആരംഭിക്കുന്നതിനാണ് സൗദി സ്ഥാനപതി അവിടെ എത്തിയത്. സൗദി ഭരണകൂടത്തിന്റെ നിർദേശങ്ങൾ സൗദിയും ഇറാനും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെയും ആശയവിനിമയവും കൂടിക്കാഴ്ചകളും ശക്തമാക്കുന്നതിന്റെയും പ്രാധാന്യം വ്യക്തമാക്കുന്നതാണെന്ന് അംബാസഡർ പറഞ്ഞു.
സൗദിയും ഇറാനും അയൽക്കാരായതിനാൽ ബന്ധങ്ങൾ വിശാലമായ ചക്രവാളങ്ങളിലേക്ക് നയിക്കും. മേഖലയിലെ വികസനം, സമൃദ്ധി, സ്ഥിരത, സുരക്ഷ എന്നിവ വർധിപ്പിക്കുന്നതിന് സഹായിക്കുന്ന നിരവധി സാമ്പത്തിക ഘടകങ്ങളും പ്രകൃതിവിഭവങ്ങളും നേട്ടങ്ങളും ഇരുരാജ്യങ്ങൾക്കുണ്ടെന്നും അംബാസഡർ പറഞ്ഞു.
2016 മുതൽ സൗദിയും ഇറാനും തമ്മിൽ വിച്ഛേദിച്ച നയതന്ത്ര ബന്ധം കഴിഞ്ഞ മാർച്ചിൽ ബെയ്ങ്ങിൽ ചൈനയുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചയുടെയും ധാരണയുടെയും അടിസ്ഥാനത്തിലാണ് പുനരാരംഭിച്ചത്. അതേസമയം, സൗദി അറേബ്യയിലെ ഇറാൻ അംബാസഡറായി ചുമതലയേൽക്കുന്നതിന് അലി റിദാ ഇനായത്തി റിയാദിലെത്തിയതായി റിപ്പോർട്ടുണ്ട്. ജൂണിലാണ് സൗദി അറേബ്യയിലെ ഇറാനിയൻ എംബസിയുടെ പ്രവർത്തനം പുനരാരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.