പൊതുമാപ്പ് ആനൂകൂല്യം നവംബർ 15 വരെ നീട്ടിെയന്ന് ഇന്ത്യൻ എംബസി
text_fieldsറിയാദ്: നിയമലംഘകർക്ക് രാജ്യം വിടാനുള്ള പൊതുമാപ്പ് വീണ്ടും നീട്ടിയതായി വിവരം ലഭിച്ചെന്ന് ഇന്ത്യൻ എംബസി. രാജ്യത്ത് അനധികൃതരായി കഴിയുന്ന വിദേശികൾക്ക് സാമ്പത്തിക പിഴയും ജയിൽ ശിക്ഷയും പുനഃപ്രവേശ വിലക്കുമില്ലാതെ മടങ്ങാൻ സൗദി ആഭ്യന്തര മന്ത്രാലയം ഏഴ് മാസം മുമ്പ് പ്രഖ്യാപിച്ച പൊതുമാപ്പാണ് ഒരിക്കൽ കൂടി ഒരുമാസത്തേക്ക് നീട്ടിയിരിക്കുന്നത്.
നവംബർ പകുതിവരെയാണ് വീണ്ടും അവസരമെന്ന് എംബസി കമ്യൂണിറ്റി വെൽഫെയർ വിങ് കൗൺസലർ അനിൽ നൊട്യാൽ അറിയിച്ചു. വിദേശ രാജ്യങ്ങളുടെ എംബസികളുടെ അഭ്യർഥന കണക്കിലെടുത്ത് ഇത് രണ്ടാം തവണയാണ് കാലാവധി നീട്ടുന്നത്. സെപ്റ്റംബർ 16 മുതൽ ഒരു മാസത്തേക്ക് ലഭിച്ച കാലാവധി അവസാനിച്ചത് കഴിഞ്ഞയാഴ്ചയാണ്. തുടർന്നാണ് വീണ്ടും ഒരു മാസത്തേക്ക് ലഭിച്ചിരിക്കുന്നത്. അവസരം പലതവണ നൽകിയിട്ടും ഉപയോഗപ്പെടുത്താത്ത ആളുകൾക്ക് ശക്തമായ താക്കീതായാണ് ഒരു തവണ കൂടി അനുവദിക്കുന്നത്.
ഇൗ അവസരം പ്രയോജനപ്പെടുത്താൻ അവശേഷിക്കുന്ന നിയമലംഘകരായ മുഴുവൻ ഇന്ത്യാക്കാരും മുന്നോട്ടുവരണമെന്ന് എംബസി വൃത്തങ്ങൾ ഒാർമപ്പെടുത്തി. ഇൗ വർഷം മാർച്ച് 29നാണ് ആദ്യ പൊതുമാപ്പ് പ്രഖ്യാപിച്ചത്. ജൂൺ 24 വരെയായിരുന്നു മൂന്നുമാസ കാലാവധി. അതവസാനിച്ചശേഷം വീണ്ടും ഒരുമാസം കൂടി നീട്ടിയിരുന്നു. ശേഷം ചെറിയൊരു ഇടവേളക്ക് ശേഷമാണ് വിദേശ എംബസികളുടെ അഭ്യർഥന കണക്കിലെടുത്ത് പ്രത്യേകമായി ഒരു മാസം കൂടി നൽകിയത്. അതാണിപ്പോൾ വീണ്ടും നീട്ടിയത്.
ആദ്യ നാലുമാസത്തെ പൊതുമാപ്പ് കാലയളവിൽ ആറുലക്ഷത്തോളം ആളുകൾ ആനുകൂല്യം ഉപയോഗപ്പെടുത്തി നാടുപിടിച്ചിരുന്നു. ഏതാണ്ട് അരലക്ഷം ഇന്ത്യാക്കാർ അവസരം പ്രയോജനപ്പെടുത്തിയവരിലുണ്ട്. അവസരം നീട്ടിയത് സംബന്ധിച്ചുള്ള വിവരങ്ങൾക്ക് ഇന്ത്യൻ എംബസിയുമായി 8002471234 എന്ന ടോൾ ഫ്രീ നമ്പറിലും 00966 11 4884697 എന്ന ഹെൽപ് ലൈൻ നമ്പറിലും sscw@indianembassy.org.sa എന്ന ഇമെയിൽ വിലാസത്തിലും ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.