പൊതുമാപ്പ് പ്രവർത്തനങ്ങൾ തൃപ്തികരമെന്ന് അധികൃതർ
text_fieldsറിയാദ്: രാജ്യത്ത് അനധികൃതരായി കഴിഞ്ഞ വിദേശികൾക്ക് സാമ്പത്തിക പിഴയും ജയിൽ ശിക്ഷയും പുനഃപ്രവേശ വിലക്കുമില്ലാതെ സ്വദേശങ്ങളിലേക്ക് മടങ്ങാൻ അവസരമൊരുക്കിയ പൊതുമാപ്പ് പ്രവർത്തനങ്ങളെ കുറിച്ച് വിവിധ പ്രവിശ്യാ ഭരണകൂടങ്ങൾ വിലയിരുത്തൽ നടത്തുന്നു. ‘നിയമ ലംഘകരില്ലാത്ത രാജ്യം’ എന്ന ശീർഷകത്തിൽ നാലുമാസം നീണ്ട കാമ്പയിൻ തിങ്കളാഴ്ച അവസാനിച്ചതിനെ തുടർന്ന് വിവിധ പ്രവിശ്യകളിലെ ഗവർണറേറ്റുകളും ജവാസാത്ത് മേഖല ഘടകങ്ങളും ഇതുവരെ നടന്ന പ്രവർത്തനങ്ങളാണ് അവലോകനം ചെയ്യുന്നത്. അടുത്ത ഘട്ടത്തിെൻറ പ്രാരംഭം പ്രവർത്തനങ്ങളും ചർച്ച ചെയ്യുന്നു. ഖസീം ഗവർണർ അമീർ ഫൈസൽ ബിൻ മിഷേൽ ബിൻ സഉൗദ് ബിൻ അബ്ദുൽ അസീസിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗം പൊതുമാപ്പിെൻറ ആദ്യ മൂന്നുമാസത്തേയും പിന്നീട് കാലാവധി നീട്ടിയ ഒരു മാസത്തേയും രണ്ട് ഘട്ടങ്ങളായി തിരിച്ച് സമഗ്രമായ അവലോകനം നടത്തി.
സമയബന്ധിതമായി പ്രവർത്തന പദ്ധതികൾ പൂർത്തിയാക്കി നിയമലംഘകരെ അവസരം വിനിയോഗിക്കാൻ പ്രേരിപ്പിക്കുകയും നിശ്ചിത സമയത്തിനുള്ളിൽ തന്നെ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ വഴിയൊരുക്കുകയും ചെയ്തതിൽ യോഗം സംതൃപ്തി രേഖപ്പെടുത്തി. അതിർത്തി നുഴഞ്ഞുകയറ്റക്കാരും ഇഖാമ, തൊഴിൽ നിയമലംഘകരുമായ നിരവധിയാളുകൾക്കാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ കഴിഞ്ഞത്. അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളുമൊരുക്കാൻ പ്രവിശ്യയിലെ ബന്ധപ്പെട്ട സർക്കാർ വിഭാഗങ്ങളെല്ലാം യോജിച്ച് പ്രവർത്തിച്ചെന്നും എല്ലാ വിഭാഗങ്ങളുടെയും പ്രവർത്തനങ്ങൾ പ്രശംസനീയമായിരുന്നെന്നും ഗവർണർ യോഗത്തിൽ വ്യക്തമാക്കി. അനധികൃതരായി കഴിഞ്ഞ വിദേശികളെ കണ്ടെത്തുന്നതും അവരെ എക്സിറ്റ് കേന്ദ്രങ്ങളിലെത്തിക്കുന്നതടക്കം കാമ്പയിൻ വിജയിപ്പിക്കുന്നതിനാവശ്യമായ സഹായസഹകരണങ്ങൾ നൽകിയ പ്രവിശ്യയിലെ വിവിധ സർക്കാർ കാര്യാലയ ഉദ്യോഗസ്ഥർ, പ്രദേശ വാസികൾ, കർഷകർ, വ്യവസായികൾ തുടങ്ങി എല്ലാവർക്കും ഗവർണർ നന്ദി അറിയിച്ചു. കാമ്പയിെൻറ മൂന്നാം ഘട്ടമായ കർശന പരിശോധനയുടെ പ്രാരംഭ പ്രവർത്തനങ്ങളെ കുറിച്ചും അവലോകനം നടത്തി.
ഗവർണറേറ്റ് സുരക്ഷാവിഭാഗം അണ്ടർ സെക്രട്ടറി ഇബ്രാഹിം ബിൻ മുഹമ്മദ് അൽഹദ്ലി, നിയമകാര്യ അസിസ്റ്റൻറ് അണ്ടർസെക്രട്ടറി സാലെഹ് ബിൻ മുഹമ്മദ് അൽബറാദി, റീജനൽ പൊലീസ് ഡയറക്ടർ മേജർ ജനറൽ ബദർ ബിൻ മുഹമ്മദ് അൽതാലിബ്, ജവാസാത്ത് റീജനൽ ഡയറക്ടർ മേജർ ജനറൽ മുഹമ്മദ് ബിൻ നാസർ അബുതൈനിൻ, തൊഴിൽ മന്ത്രാലയം റീജനൽ അസിസ്റ്റൻറ് ഡയറക്ടർ ജനറൽ അഹമ്മദ് ബിൻ മുഹമ്മദ് അൽമുത്തവ തുടങ്ങി നിരവധി ഉന്നതോദ്യോഗസ്ഥർ യോഗത്തിൽ പെങ്കടുത്തു. സൗദിയുടെ തെക്കൻ മേഖലയായ അസീറിൽ നിന്ന് അനധികൃതരായ 21,448 വിദേശികൾ സ്വന്തം നാടുകളിലേക്ക് മടങ്ങിയതായി ജവാസാത്ത് അധികൃതർ അറിയിച്ചു. അതിർത്തി നുഴഞ്ഞുകയറ്റക്കാരും ഇഖാമ, തൊഴിൽ നിയമലംഘകരുമായ ആളുകളാണിതെന്ന് ജവാസാത്ത് അസീർ മേഖല വക്താവ് കേണൽ അബ്ദുല്ല ബിൻ ഹുസൈൻ അൽഹാദി പറഞ്ഞു.
‘നിയമ ലംഘകരില്ലാത്ത രാജ്യം’ എന്ന കാമ്പയിൻ ഫലപ്രദമായി നടപ്പാക്കുന്നതിനും അനധികൃതരായ ആളുകൾക്ക് അവസരം ഉപയോഗപ്പെടുത്താനും നാലുമാസത്തെ കാലയളവിൽ വിപുലമായ സൗകര്യമാണ് അബഹ, ഖമീസ് മുശൈത്ത്, ബീശ, തെക്കൻ ദഹ്റാൻ തുടങ്ങിയ മേഖലയിലെ പ്രധാന നഗരങ്ങളിലും ഇതര പ്രദേശങ്ങളിലും ഒരുക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. അബഹ വിമാനത്താവളത്തിലും സൗകര്യം ഏർപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.