പൊതുമാപ്പ്: ശുമൈസി തർഹീലിൽ ഇന്ത്യക്കാർക്ക് പ്രത്യേക കൗണ്ടർ
text_fieldsറിയാദ്: സൗദി അറേബ്യ പ്രഖ്യാപിച്ച പൊതുമാപ്പിെൻറ ഭാഗമായി റിയാദ് ശുമൈസി ഡീപോർട്ടേഷൻ സെൻററിൽ ഇന്ത്യക്കാർക്കായി പ്രത്യേക കൗണ്ടർ തുറന്നു. പൊതുമാപ്പ് ഉപയോഗിച്ച് മടങ്ങുന്നവരുടെ എക്സിറ്റ് നടപടികൾ വേഗത്തിലാക്കുന്നതിന് പ്രത്യേക സംവിധാനം വേണമെന്ന് ഇന്ത്യൻ എംബസി അഭ്യർഥിച്ചിരുന്നു. എംബസിയുടെ ആവശ്യം പരിഗണിച്ചാണ് പ്രത്യേക കൗണ്ടറുകൾ തുറന്നതെന്ന് പൊതുമാപ്പ് കാര്യ വകുപ്പ് മേധാവി കേണൽ ഉസ്മാൻ അബ്ദുല്ല അൽ ഖുറൈശി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
ഡീപോർട്ടേഷൻ സെൻറിെല രണ്ടാമത്തെ കെട്ടിടത്തിലാണ് രണ്ട് ഹാളുകളിലായി വിപുലമായ സൗകര്യം ഒരുക്കിയത്. പാസ്പോർട്ട് വിഭാഗത്തിലെ ഉദ്യോഗസ്ഥരോടൊപ്പം ഇന്ത്യൻ എംബസിയുടെ ഉദ്യോഗസ്ഥരും വളണ്ടിയർമാരും ഇവിടെ സേവനത്തിനുണ്ട്. സേവനങ്ങൾ വിലയിരുത്തുന്നതിനും പൊതുമാപ്പ് അർഹരുടെ ആവശ്യങ്ങൾ കേൾക്കുന്നതിനുമായി അംബാസഡർ അഹ്മദ് ജാവേദ്, ഡിസിഎം ഹേമന്ത് കോട്ടൽവാർ, കോൺസുലർ അനിൽ നോട്ടിയാൽ തുടങ്ങിയവർ ഇന്നലെ ഡീപോർട്ടേഷൻ സെൻററിലെത്തിയിരുന്നു. എംബസി സംഘം പൊതുമാപ്പ് കാര്യ വകുപ്പ് മേധാവി കേണൽ ഉസ്മാൻ അബ്ദുല്ല അൽ ഖുറൈശി നടത്തുകയും പുതിയ സൗകര്യം നോക്കിക്കാണുകയും ചെയ്തു.
എക്സിറ്റ് നേടാൻ ഇന്നെത്തിയ വിവിധ സംസ്ഥാനക്കാരുമായി അംബാസഡർ ആശയവിനിമയം നടത്തുകയും അവർ നേരിടുന്ന പ്രയാസങ്ങൾ ചോദിച്ചറിയുകയും ചെയ്തു. വരും ദിവസങ്ങളിലും എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഇവിടെ ഉറപ്പാക്കും. അർഹരായ മുഴുവൻ ആളുകൾക്കും എക്സിറ്റ് നടപടികൾ വേഗത്തിലാക്കാനാണ് അധികൃതരുടെ നീക്കം. മലസിലെ എക്സിറ്റ് കേന്ദ്രത്തിൽ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യക്കാർക്ക് ലഭിക്കുന്ന ഇൗ പ്രത്യേക സൗകര്യം വരും ദിവസങ്ങളിൽ ആയിരക്കണക്കിനാളുകൾക്ക് ഉപകാരപ്പെടും. ഇതുവരെയായി എമർജൻസി സർട്ടിഫിക്കറ്റിന് 18,420 അപേക്ഷകൾ ലഭിച്ചതായും ഇതിൽ 18,110 പേരുടെ രേഖകൾ പൂർത്തീകരിച്ച് ഔട്ട് പാസ് നൽകിയതായും എംബസി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.