വീണ്ടും രാജകാരുണ്യം: നിയമലംഘകർക്ക് അവസാനത്തെ അവസരം
text_fieldsജിദ്ദ: പൊതുമാപ്പ് കാലാവധി ഒരു മാസത്തേക്ക് നീട്ടിയ സൗദി ഗവൺമെൻറ് തീരുമാനത്തിലൂടെ രാജ്യത്ത് അവശേഷിക്കുന്ന തൊഴിൽ താമസ നിയമ, അതിർത്തി സുരക്ഷ ലംഘകർക്ക് ലഭിച്ചിരിക്കുന്നത് പിഴയും ശിക്ഷയും കൂടാതെ രാജ്യം വിടുന്നതിനുള്ള അവസാനത്തെ അവസരം. വ്യാഴാഴ്ച രാത്രി പൊതുമാപ്പ് കാലാവധി ഒരു മാസത്തേക്ക് നീട്ടാൻ ഗവൺമെൻറ് അനുമതി നൽകിയതായുള്ള പാസ്പോർട്ട് ഡയറക്ടറേറ്റിെൻറ അറിയിപ്പ് രാജ്യത്ത് അനധികൃതമായി കഴിയുന്നവർക്കും ഇനിയും തിരിച്ചുപോകൽ നടപടി പൂർത്തിയാക്കാൻ സാധിക്കാത്തവർക്കും വലിയ ആശ്വാസമാണുണ്ടാക്കിയിരിക്കുന്നത്. രാജ്യത്തെ തൊഴിൽ താമസ നിയമ ലംഘകരായ വിദേശികൾക്ക് വീണ്ടും ലഭിച്ച വലിയ രാജകാരുണ്യമായാണിത് വിലയിരുത്തപ്പെടുന്നത്. ശവ്വാൽ ഒന്ന് മുതൽ ഒരു മാസത്തേക്കാണ് നിയമലംഘകരായ ആളുകൾക്ക് രാജ്യം വിടുന്നതിനുള്ള കാലാവധിയാണ് സൗദി ഭരണകൂടം നീട്ടി നൽകിയിരിക്കുന്നത്. ഇക്കഴിഞ്ഞ റജബ് ഒന്നിനാണ് പിഴയും ശിക്ഷയുമില്ലാതെ രാജ്യവിടാനുള്ള പൊതുമാപ്പ് പ്രഖ്യാപിച്ചത്. 90 ദിവസം നീണ്ട പൊതുമാപ്പ് റമദാൻ 30 നാണ് അവസാനിച്ചത്.
ഇൗ കാലയളവിൽ അഞ്ച് ലക്ഷം വിവിധ രാജ്യക്കാരായ പേർ പൊതുമാപ്പ് ഉപയോഗപ്പെടുത്തിയായി കഴിഞ്ഞ ദിവസം സൗദി പാസ്പോർട്ട് മേധാവി വ്യക്തമാക്കിയിരുന്നു. പൊതുമാപ്പ് നീട്ടുകയില്ലെന്നും ഉപയോഗപ്പെടുത്താത്തവരെ വരുംദിവസങ്ങളിൽ കാത്തിരിക്കുന്നത് കടുത്ത പിഴയും ശിക്ഷയുമാണെന്നും എക്സിറ്റ് വിസ ലഭിച്ച് പോകാത്തവരുടെ വിസ റദ്ദാക്കുമെന്നും പാസ്പോർട്ട് വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പൊതുമാപ്പ് കലാവധി തീർന്ന ശേഷം ബന്ധപ്പെട്ട വിവിധ വകുപ്പുകൾക്ക് കീഴിൽ വ്യാപകമായ പരിശോധന ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് ഇളവ്കാലം ഒരു മാസത്തേക്ക് നീട്ടികൊണ്ടുള്ള അറിയിപ്പ് നിയമലംഘകർക്ക് ആശ്വാസമായി എത്തിയിരിക്കുന്നത്. പല കാരണങ്ങളാലും ഇനിയും നാട് വിടാൻ കഴിയാത്തവർക്ക് നടപടികൾ പൂർത്തിയാക്കി വേഗം നാടണയാനുള്ള സുവർണാവസരമാണ് ഇതിലൂടെ അനധകൃത താമസക്കാർക്കും തൊഴിൽ നിയമലംഘകർക്കും ലഭിച്ചിരിക്കുന്നത്.
ആഭ്യന്തര വകുപ്പ് അമീർ അബ്ദുൽ അസീസ് ബിൻ സഉൗദ് ബിൻ നാഇഫിെൻറ നിർദേശത്തെ തുടർന്ന് രാജ്യത്തെ എല്ലാ ഭാഗങ്ങളിലും നിയമലംഘകരെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സൗദി പാസ്പോർട്ട് മേധാവി കേണൽ സുലൈമാൻ ബിൻ അബ്ദുൽ അസീസ് അൽയഹ്യ വ്യകതമാക്കിയിട്ടുണ്ട്.
നേരത്തെ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്താത്തവരും നടപടികൾ പൂർത്തിയാക്കാത്താവരും നീട്ടി നൽകിയ പൊതുമാപ്പ് കാലയളവ് ഉപയോഗപ്പെടുത്തണമെന്നും നിയമലംഘകരോട് പാസ്പോർട്ട് മേധാവി ആവശ്യപ്പെട്ടു. പൊതുമാപ്പ് കാലാവധി നീട്ടിയതിലൂടെ നിയമലംഘകരുടെ യാത്ര നടപടികൾ എളുപ്പമാക്കി കൊടുക്കുന്നതിനുള്ള കേന്ദ്രങ്ങളുടെ പ്രവർത്തനം ഒരു മാസം കൂടി തുടരും. പ്രധാന പട്ടണങ്ങളിലെല്ലാം സ്ഥിരവും താത്കാലികവുമായ കേന്ദ്രങ്ങൾ പാസ്പോർട്ട് വകുപ്പിനു കീഴിൽ പ്രവർത്തിച്ചുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.