കുറ്റകൃത്യങ്ങൾക്കെതിരെ സൗദിയും ബഹ്റൈനും
text_fieldsറിയാദ്: കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനും തീവ്രവാദം, അതിന് ധനസഹായം ചെയ്യൽ, സംഘടിത കുറ്റകൃത്യങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയെ ചെറുക്കാൻ സംയുക്ത നീക്കത്തിന് സൗദി അറേബ്യയും ബഹ്റൈനും. ഇതിനുവേണ്ടിയുള്ള സഹകരണത്തിനും ഏകോപനത്തിനുമായി ഇരുരാജ്യങ്ങളും കരാറൊപ്പുവെച്ചു. സൗദി അറ്റോർണി ജനറൽ ശൈഖ് സഊദ് അൽ മുഅ്ജബ്, ബഹ്റൈൻ അറ്റോർണി ജനറൽ ഡോ. അലി അൽ ബൂഅയ്നൈൻ എന്നിവരാണ് ഒപ്പിട്ടത്.
ഇരുരാജ്യങ്ങളിലും നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും അനുഭവങ്ങളും കൈമാറാനും കരാർ വ്യവസ്ഥ ചെയ്യുന്നു. ഈ സുപ്രധാന മേഖലകളിലെ വെല്ലുവിളികളും പരിഹാരങ്ങളും ഉയർത്തിക്കാട്ടുന്ന സംയുക്ത പഠനങ്ങളും പരിശീലന കോഴ്സുകളും സെമിനാറുകളും സമ്മേളനങ്ങളും സംഘടിപ്പിച്ച് ഗവേഷണവും പ്രായോഗിക സഹകരണവും വർധിപ്പിക്കുക, പൊതുതാൽപര്യമുള്ള വിഷയങ്ങളിൽ സംഭാഷണവും സഹകരണവും ആഴത്തിലാക്കുന്നതിന് ഇരുപക്ഷവും തമ്മിൽ നിരന്തര സന്ദർശനങ്ങൾ നടത്തുക എന്നിവയും കരാറിൽ ഉൾപ്പെടുന്നു.
പ്രാദേശിക സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിന് സംഭാവന ചെയ്യുന്ന വിധത്തിൽ, അതിന് വിഘാതമാവുന്ന എല്ലാ കുറ്റകൃത്യങ്ങളെയും ചെറുക്കുന്നതിന് നൂതനവും ഫലപ്രദവുമായ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനുള്ള സംയുക്ത പ്രവർത്തനത്തിന്റെ പ്രാധാന്യം ഇരു പാർട്ടികളും ഊന്നിപ്പറഞ്ഞു.
ഈ കരാർ അറബ് സഹോദരങ്ങളുമായുള്ള ബന്ധം ഏകീകരിക്കാനും ജുഡീഷ്യൽ സഹകരണത്തിന്റെ ചക്രവാളങ്ങൾ വിപുലീകരിക്കാനുമുള്ള പബ്ലിക് പ്രോസിക്യൂഷന്റെ താൽപര്യത്തിന്റെ ചട്ടക്കൂടിനുള്ളിലാണ്.
അതോടൊപ്പം സമ്പൂർണ നീതി നേടുന്നതിനും സംഘടിത കുറ്റകൃത്യങ്ങൾ, തീവ്രവാദം, കള്ളപ്പണം വെളുപ്പിക്കൽ എന്നിവ മൂലമുണ്ടാകുന്ന പൊതുവായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് സംഭാവന നൽകുന്നതിനും വേണ്ടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.