പ്രതിരോധ സഹകരണ മേഖലയിൽ പുത്തൻ ചുവടുവെപ്പുമായി സൗദിയും തുർക്കിയയും പാകിസ്താനും
text_fieldsയാംബു: സൗദി, തുർക്കിയ, പാകിസ്താൻ എന്നീ രാജ്യങ്ങൾ പ്രതിരോധ മേഖലയിൽ സഹകരണം വർധിപ്പിക്കാൻ ധാരണ ചർച്ച നടത്തി. തുർക്കിയയിലെ ഇസ്തംബൂളിൽ കഴിഞ്ഞ ദിവസമാണ് സൗദി പ്രതിരോധ സഹമന്ത്രി തലാൽ ബിൻ അബ്ദുല്ല അൽ ഉതൈബി, തുർക്കിയ ദേശീയ പ്രതിരോധ ഉപമന്ത്രി ബിലാൽ ദുർദാലി, പാകിസ്താൻ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് ഉവൈസ് എന്നിവർ മൂന്നാമത് ചർച്ചായോഗം ചേർന്നത്. ഓരോ രാജ്യത്തിനും പ്രതിരോധ മേഖലയിൽ പരസ്പര സഹകരണവും പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള വഴികൾ നീണ്ടനേരം നടന്ന ചർച്ചായോഗത്തിൽ വിഷയമായിരുന്നുവെന്ന് സൗദി പ്രതിരോധ മന്ത്രാലയം കഴിഞ്ഞദിവസം പുറത്തിറക്കിയ റിപ്പോർട്ടിൽ പറഞ്ഞു. സൗദി, തുർക്കിയ ഉഭയകക്ഷി പ്രതിരോധ സഹകരണ സമിതിയും ഇസ്തംബൂളിൽ നേരത്തേ യോഗം ചേർന്നു വിഷയം ചർച്ച ചെയ്തിരുന്നു.
പ്രതിരോധ മേഖലയിലെ സംയുക്ത സഹകരണം, സാങ്കേതിക വിദ്യകളുടെ കൈമാറ്റം, പ്രതിരോധ സംവിധാനങ്ങളുടെ പ്രാദേശികവത്കരണം എന്നീ വിഷയങ്ങൾ യോഗത്തിൽ പ്രാധാന്യപൂർവം ചർച്ച ചെയ്തു. സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ വിഷൻ 2030 ലക്ഷ്യങ്ങളിൽ പെട്ട പ്രതിരോധ മേഖലയിലെ ശാസ്ത്രീയ ഗവേഷണ വികസനം എന്ന ശീർഷകത്തിലും മൂന്നു രാജ്യങ്ങളിലെ നായകർ പങ്കെടുത്ത സുപ്രധാന സംഗമത്തിൽ ചർച്ചയായി. പ്രതിരോധ മേഖലയിൽ സഹകരണം ശക്തമാക്കാൻ നിരവധി രാജ്യങ്ങളുമായി സൗദി നേരത്തേ തന്നെ വിവിധ കരാറുകളിൽ ഒപ്പിട്ടിട്ടുണ്ട്. വിദേശ രാജ്യങ്ങളുമായി സൗദി തന്ത്രപരവും ചരിത്രപരവുമായ ബന്ധങ്ങളും പ്രതിരോധ, സൈനിക മേഖലയിൽ പരസ്പര സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചും ചർച്ചായോഗത്തിൽ വിശകലനം ചെയ്തു. പ്രതിരോധ മന്ത്രാലയത്തിന്റെ ശേഷിപ്പുകൾ വർധിപ്പിക്കാനും സൈനിക വ്യവസായം സ്വദേശിവത്കരിക്കാനും പ്രതിരോധ, സൈനിക മേഖലയിൽ പുതിയ സാധ്യതകൾ കണ്ടെത്താനും മൂന്നു രാജ്യങ്ങൾ തമ്മിൽ ചേർന്ന സംയുക്ത സഹകരണ ചർച്ചായോഗം വഴിവെക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.