സിറിയക്ക് സമ്പൂർണ പിന്തുണ ആവർത്തിച്ച് സൗദി അറേബ്യ
text_fieldsറിയാദ്: സിറിയയെ പിന്തുണക്കുന്ന നിലപാട് ആവർത്തിച്ച് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ. റിയാദിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് പുതിയ സിറിയൻ ഭരണകൂടത്തിലെ വിദേശകാര്യ മന്ത്രി അസദ് അൽ ശൈബാനിയെ സ്വീകരിക്കുേമ്പാഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. തുടർന്ന് നടത്തിയ കൂടിക്കാഴ്ചയിൽ സിറിയയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും പ്രതിസന്ധി മറിക്കാൻ നടത്തിയ ശ്രമങ്ങളും അവലോകനം ചെയ്തു.
സിറിയയുടെ പരമാധികാരം, സ്വാതന്ത്ര്യം, പ്രാദേശിക സമഗ്രത എന്നിവ സംരക്ഷിക്കുന്ന വിധത്തിൽ രാജ്യത്ത് രാഷ്ട്രീയ സാമൂഹിക സുസ്ഥിരതയുണ്ടാക്കാനുള്ള എല്ലാത്തിനും പൂർണ പിന്തുണ ഉറപ്പാക്കി വിദേശകാര്യ മന്ത്രി സൗദിയുടെ നിലപാട് ആവർത്തിച്ചു.
സിറിയക്കും അവിടുത്തെ സഹോദര ജനങ്ങൾക്കും സുരക്ഷിതത്ത്വത്തിന്റെയും സുസ്ഥിരതയുടെയും സമൃദ്ധിയുടെയും ശോഭനമായ ഭാവി കൈവരിക്കുന്നതിന് സംഭാവന ചെയ്യുന്ന എല്ലാത്തിനും പിന്തുണ നൽകുന്നതിനുള്ള വഴികളും ഇരുപക്ഷവും ചർച്ച ചെയ്തു.
സിറിയയിലെ സ്ഥാപനങ്ങളും അവയുടെ ശേഷിയും സംരക്ഷിക്കുന്നതിനും അറബ്, ഇസ്ലാമിക ലോകത്ത് അതിന്റെ സ്വാഭാവിക നിലയിലേക്കും സ്ഥാനത്തേക്കും തിരികെ കൊണ്ടുവരാനും ലക്ഷ്യമിട്ടുള്ള നിരവധി വിഷയങ്ങളും അഭിസംബോധന ചെയ്യുകയുണ്ടായി.
സ്വീകരണച്ചടങ്ങിൽ വിദേശകാര്യ മന്ത്രിയുടെ രാഷ്ട്രീയകാര്യ ഉപദേഷ്ടാവ് അമീർ മിസ്അബ് ബിൻ മുഹമ്മദ് അൽ ഫർഹാൻ, പൊളിറ്റിക്കൽ അഫയേഴ്സ് അണ്ടർ സെക്രട്ടറി അംബാസഡർ ഡോ. സഉൗദ് അൽ സാത്വി, അംബാസഡർ ഡോ. ഫൈസൽ അൽ മുജ്ഫൽ എന്നിവർ പങ്കെടുത്തു.
സിറിയൻ വിദേശകാര്യ മന്ത്രി അസദ് അൽ ശൈബാനി, പ്രതിരോധ മന്ത്രി മുർഹഫ് അബു കസ്റ, ഇന്റലിജൻസ് മേധാവി അനസ് ഖത്താബ് എന്നിവരടങ്ങിയ ഉന്നതതല സിറിയൻ പ്രതിനിധിസംഘം ബുധനാഴ്ചയാണ് സൗദിയിലെത്തിയത്. കഴിഞ്ഞ ഡിസംബറിൽ മുൻ പ്രസിഡന്റ് ബശാർ അൽ അസദിനെ അട്ടിമറിച്ചതിനു ശേഷം പുതിയ സിറിയൻ അധികാരികൾ നടത്തുന്ന ആദ്യ വിദേശ സന്ദർശനമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.