സൗദി അറേബ്യയും ബ്രിട്ടനും പ്രതിരോധ സഹകരണ പദ്ധതിയിൽ ഒപ്പുവച്ചു
text_fieldsറിയാദ്: സൗദി അറേബ്യയും ബ്രിട്ടനും പ്രതിരോധ സഹകരണ പദ്ധതിയിൽ ഒപ്പുവച്ചു. ലണ്ടനിലെ ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയ ആസ്ഥാനത്ത് സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാനും ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെൻ വാലസും തമ്മിൽ ചൊവ്വാഴ്ച നടന്ന കൂടിക്കാഴ്ചക്കിടെയാണ് പദ്ധതിയിൽ ഒപ്പുവെച്ചത്.
സൗദി പ്രതിരോധ മന്ത്രാലയത്തിന്‍റെ ശേഷി വർധിപ്പിക്കുക, സൈനിക വ്യവസായങ്ങൾ പ്രാദേശികവത്കരിക്കുക, സൈനിക-പ്രതിരോധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുക തുടങ്ങിയവയാണ് പ്രതിരോധ സഹകരണ പദ്ധതി ലക്ഷ്യമിടുന്നത്. സൈനിക, പ്രതിരോധ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിന്‍റെ വിവിധ വശങ്ങൾ ഇരുവരുടെയും ചർച്ചകളിൽ ഉയർന്നുവന്നതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ലണ്ടനിലെത്തിയ അമീർ ഖാലിദിനെ റോയൽ കാവൽറി ഗാർഡ് സ്ക്വയറിൽ ബെൻ വാലസ് സ്വീകരിച്ചു. ആദരസൂചകമായി സൗദി രാജകീയ ഗാനത്തിന്‍റെ അകമ്പടിയോടെ നടന്ന ഔദ്യോഗിക സ്വീകരണ ചടങ്ങിൽ അദ്ദേഹം ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു. ഇരുവരുടെയും കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും നയതന്ത്രപരവുമായ ബന്ധം അവലോകനം ചെയ്തു. പൊതുതാൽപര്യമുള്ള നിരവധി വിഷയങ്ങളും പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ചർച്ച ചെയ്തു.
പ്രതിരോധ സഹകരണ പദ്ധതിയുമായി ബന്ധപ്പെട്ട യോഗത്തിലും ഒപ്പിടൽ ചടങ്ങിലും ബ്രിട്ടനിലെ സൗദി സ്ഥാനപതി അമീർ ഖാലിദ് ബിൻ ബന്ദർ, ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്‍റ് ജനറൽ ഫയാദ് അൽ റുവൈലി എന്നിവരും സൗദിയിലെ മുതിർന്ന സൈനിക, സിവിലിയൻ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. ബ്രിട്ടീഷ് വ്യോമസേന ചീഫ് ഓഫ് സ്റ്റാഫ് എയർ ചീഫ് മാർഷൽ സർ മൈക്കിൾ വിഗ്സ്റ്റൺ, സൗദിയിലെ ബ്രിട്ടീഷ് സ്ഥാനപതി നീൽ ക്രോംപ്ടൺ, മിലിട്ടറി അറ്റാഷെ ബ്രിഗേഡിയർ എഫ്.എ.ജെ. പിഗ്ഗോട്ട് എന്നിവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുക, സൈനിക, പ്രതിരോധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുക, പ്രാദേശിക, അന്തർദേശീയ തലങ്ങളിലെ പൊതുതാൽപര്യമുള്ള വിഷയങ്ങൾ അവലോകനം ചെയ്യുക എന്നിവ മുൻനിർത്തി വരുംദിനങ്ങളിൽ മന്ത്രിയും ഒപ്പമുള്ള പ്രതിനിധി സംഘവും ഉന്നത ബ്രിട്ടീഷ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.