സാംസ്കാരിക വിനിമയം ശക്തിപ്പെടുത്തി സൗദിയും ഫ്രാൻസും
text_fieldsയാംബു: സാംസ്കാരിക രംഗത്തെ വിനിമയം ശക്തിപ്പെടുത്താൻ സൗദി അറേബ്യയും ഫ്രാൻസും ധാരണപത്രത്തിൽ ഒപ്പിട്ടത് ഈ രംഗത്ത് ലോകതലത്തിൽ വലിയ ചലനമുണ്ടാക്കുമെന്ന് വിലയിരുത്തൽ. സാംസ്കാരിക മേഖലയിൽ പുതിയ സാധ്യതകൾ കണ്ടെത്താൻ സഹായിക്കുന്നതാണ് ഈ കൈകോർക്കൽ. കലാ സാംസ്കാരിക മേഖലയിൽ വേറിട്ട മികവ് ഇതുമൂലം ഉണ്ടാക്കാൻ കഴിയുന്നതോടൊപ്പം ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കാൻ ധാരണപത്രം വഴിവെക്കും. സൗദി സാംസ്കാരിക മന്ത്രി അമീർ ബദർ ബിൻ ഫർഹാൻ പാരിസിൽ ഡോ. റോസ്ലിം ബാച്ച്ലോട്ടുമായി നേരത്തേ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതിെൻറ തുടർച്ചയായാണ് സാംസ്കാരിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കാൻ ധാരണപത്രം രൂപപ്പെടുത്തിയതും ഇരുരാജ്യങ്ങളും അതിൽ ഒപ്പുവെച്ചതുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. അഞ്ചു വർഷത്തെ കരാറിെൻറ അടിസ്ഥാനത്തിൽ സൗദി അറേബ്യയും ഫ്രാൻസും വാസ്തുവിദ്യ, ഓഡിയോ വിഷ്വൽ പ്രൊഡക്ഷൻ, ഡിസൈൻ, സിനിമ, പൈതൃകം, സാഹിത്യം, പെർഫോമിങ് ആർട്സ്, വിഷ്വൽ ആർട്സ് തുടങ്ങി വിവിധരംഗങ്ങളിൽ സഹകരണവും വിനിമയവും വർധിപ്പിക്കും. കൂടാതെ, സാംസ്കാരിക നിയന്ത്രണങ്ങളും നയങ്ങളും പര്യവേക്ഷണം ചെയ്യാൻ പുതിയ ധാരണാപത്രം ഇരുരാജ്യങ്ങൾക്കും കൂടുതൽ സൗകര്യമൊരുക്കും. സാംസ്കാരിക വിനിമയ പരിപാടികളിൽ സൗദി, ഫ്രാൻസ് കലാകാരന്മാരുടെ സംയുക്ത പങ്കാളിത്തം വർധിപ്പിക്കാനും ഇരുരാജ്യങ്ങളിലെയും കലാകാരന്മാരും സാംസ്കാരിക സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനും അവസരമുണ്ടാകും.
കഴിഞ്ഞവർഷം രാജ്യത്തെ പൈതൃക നഗരിയായ അൽഉലയുടെ സാംസ്കാരിക വികസനത്തിന് പിന്തുണ നൽകുന്നതിനായി 2018ൽ ഒരു കരാറിൽ ഫ്രാൻസുമായി ഒപ്പുവെച്ചിരുന്നു. സംയുക്ത പദ്ധതികളിലൂടെയും പരിപാടികളിലൂടെയും സംരംഭങ്ങളിലൂടെയും സൗദി അറേബ്യയും ഫ്രാൻസും തമ്മിലുള്ള സാംസ്കാരിക ബന്ധങ്ങൾ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ ഇതുവഴി കഴിഞ്ഞിരുന്നു. ഈവർഷം നവംബറിൽ, മന്ത്രി അമീർ ബദർ ഡോ. ബാച്ചിലോട്ടുമായും മറ്റു നിരവധി ഫ്രഞ്ച് സാംസ്കാരിക നേതാക്കളുമായും സ്ഥാപനങ്ങളുമായും പാരിസിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. സൗദിയുടെ സാംസ്കാരിക പൈതൃക മേഖലയിൽ വൻ മുന്നേറ്റം ഉണ്ടാക്കാൻ പുതിയ കാൽവെപ്പ് ഏറെ ഫലം ചെയ്യുമെന്ന് സാംസ്കാരിക മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.