ബെയ്ജിങ് ഉടമ്പടി നടപ്പാക്കാൻ പ്രതിജ്ഞാബദ്ധം -സൗദിയും ഇറാനും
text_fieldsറിയാദ്: ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ കാരണമായ ബെയ്ജിങ് ഉടമ്പടി മുഴുവൻ വ്യവസ്ഥകളോടെയും നടപ്പാക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് സൗദി അറേബ്യയും ഇറാനും. റിയാദ് ആതിഥേയത്വം വഹിച്ച സൗദി-ചൈനീസ്-ഇറാൻ സംയുക്തസമിതി രണ്ടാം യോഗത്തിലാണ് ഇരു രാജ്യങ്ങളും ഒരേ സ്വരത്തിൽ പ്രസ്താവിച്ചത്.
സൗദി വിദേശകാര്യ ഉപമന്ത്രി എൻജി. വലീദ് അൽഖുറൈജി, ചൈനീസ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഡെങ് ലീ, ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഡോ. മജീദ് തഖ്ത് റവാഞ്ചി എന്നിവരുടെ നേതൃത്വത്തിൽ മൂന്ന് രാജ്യങ്ങളുടെയും പ്രതിനിധി സംഘങ്ങൾ യോഗത്തിൽ പങ്കെടുത്തു. ബെയ്ജിങ് കരാറിന്റെ തുടർനടപടികൾക്കായുള്ള യോഗമാണ് റിയാദിൽ നടന്നത്.
ചൈനയുടെ തുടർച്ചയായ അനുകൂല പ്രവർത്തനങ്ങളും ബെയ്ജിങ് ഉടമ്പടി നടപ്പാക്കുന്നതിനുള്ള പിന്തുണയും തുടർനടപടികളും സൗദിയും ഇറാനും സ്വാഗതം ചെയ്തു. സൗദിയും ഇറാനും വിവിധ മേഖലകളിൽ തങ്ങളുടെ ബന്ധം വികസിപ്പിച്ചെടുക്കുന്നതിന് കൈക്കൊള്ളുന്ന നടപടികളെ പിന്തുണക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സന്നദ്ധത ചൈന സ്ഥിരീകരിച്ചു.
സൗദി-ഇറാൻ ബന്ധങ്ങളിലെ തുടർച്ചയായ പുരോഗതിയെയും ഇരു രാജ്യങ്ങളും തമ്മിൽ എല്ലാ തലങ്ങളിലും മേഖലകളിലും നേരിട്ടുള്ള ആശയവിനിമയത്തിനുള്ള അവസരങ്ങളെയും മൂന്ന് രാജ്യങ്ങളും സ്വാഗതം ചെയ്തു.
സൗദി, ഇറാൻ മുതിർന്ന ഉദ്യോഗസ്ഥർ തമ്മിലുള്ള സമ്പർക്കങ്ങളുടെയും കൂടിക്കാഴ്ചകളുടെയും പരസ്പര സന്ദർശനങ്ങളുടെയും പ്രാധാന്യം, പ്രത്യേകിച്ച് മേഖലയുടെയും ലോകത്തിന്റെയും സുരക്ഷക്ക് ഭീഷണിയായ പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങളുടെയും ആക്രമണങ്ങളുടെയും വെളിച്ചത്തിൽ സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
2024ലെ ആദ്യ10 മാസങ്ങളിൽ 87,000 ഇറാനിയൻ തീർഥാടകർക്ക് ഹജ്ജ് നിർവഹിക്കാനും 52,000ലധികം ഇറാനികൾക്ക് ഉംറ അനായാസമായും സുരക്ഷിതമായും നിർവഹിക്കാനും സഹായിച്ച ഇരു രാജ്യങ്ങളും തമ്മിലുള്ള കോൺസുലാർ സേവനങ്ങളിലെ പുരോഗതിയെയും സൗദി-ഇറാൻ സംയുക്ത മാധ്യമ സമിതിയുടെ ആദ്യ യോഗം നടന്നതിനെയും പങ്കാളികൾ സ്വാഗതം ചെയ്തു.
അമീർ സഉൗദ് അൽഫൈസൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിപ്ലോമാറ്റിക് സ്റ്റഡീസും ഇറാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കൽ ആൻഡ് ഇന്റർനാഷനൽ സ്റ്റഡീസും തമ്മിൽ ധാരണപത്രം ഒപ്പുവെച്ചതും പ്രസ്താവനയിൽ പരാമർശിച്ചു.
ഇരട്ട നികുതി ഒഴിവാക്കൽ കരാറിൽ (ഡി.ടി.എ.എ) ഒപ്പുവെക്കാനുള്ള സന്നദ്ധതയും ഇരു രാജ്യങ്ങളും അറിയിച്ചു. സാമ്പത്തികവും രാഷ്ട്രീയവും ഉൾപ്പെടെ വിവിധ മേഖലകളിൽ തങ്ങൾക്കിടയിൽ സഹകരണം വിപുലീകരിക്കാനാകുമെന്ന് മൂന്ന് രാജ്യങ്ങളും പ്രത്യാശ പ്രകടിപ്പിച്ചു.
ഫലസ്തീനിലെയും ലബനാനിലെയും ഇസ്രായേൽ ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്ന് മൂന്ന് രാജ്യങ്ങളും ആവശ്യപ്പെട്ടു. ഇസ്രായേൽ ആക്രമണത്തെയും ഇറാന്റെ പരമാധികാരത്തിന്റെ ലംഘനത്തെയും അപലപിച്ചു. ഫലസ്തീനിലേക്കും ലബനാനിലേക്കും മാനുഷിക, ദുരിതാശ്വാസ സഹായങ്ങൾ തുടരണമെന്ന് ആവശ്യപ്പെട്ടു.
തുടർച്ചയായ ആക്രമണം സമുദ്ര സുരക്ഷക്ക് പുറമെ പശ്ചിമേഷ്യൻ മേഖലയുടെയും ലോകത്തിന്റെയും സുരക്ഷക്ക് ഗുരുതര ഭീഷണിയുണ്ടാക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട തത്വങ്ങൾക്കനുസൃതമായി യെമനിൽ സമഗ്ര രാഷ്ട്രീയ പരിഹാരത്തിനുള്ള പിന്തുണ യോഗം ആവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.