കാബൂളിലെ ഭീകരാക്രമണം: സൗദി അറേബ്യയും ഒ.ഐ.സിയും ശക്തമായി അപലപിച്ചു
text_fieldsജിദ്ദ: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് നടത്തിയ ഭീകരാക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. നിരവധി മരണങ്ങൾക്കും പരിക്കുകൾക്കും കാരണമായ ഭീകരാക്രമണത്തെ അപലപിക്കുന്നെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. അഫ്ഗാനിസ്താനിലെ നിലവിലെ സംഭവങ്ങളെ രാജ്യം പ്രധാന്യത്തോടെ പിന്തുടരുന്നുണ്ട്. അഫ്ഗാനിസ്താനിലെ സ്ഥിതിഗതികൾ എത്രയുംവേഗം സുസ്ഥിരമാകുമെന്ന പ്രതീക്ഷയിലാണ്. അതോടൊപ്പം അഫ്ഗാൻ ജനതക്കൊപ്പം നിൽക്കുമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
എല്ലാ മതതത്വങ്ങൾക്കും ധാർമികവും മാനുഷികവുമായ മൂല്യങ്ങൾക്കും നിരക്കാത്തതാണ് ഇതുപോലുള്ള ആക്രമണം. ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളെ തള്ളിക്കളയുന്ന നിലപാടാണ് സൗദി അറേബ്യയുടേത്. അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്കും അഫ്ഗാൻ ജനതക്കും അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ (ഒ.ഐ.സി)
സിവിലിയന്മാരും കുട്ടികളും ഉൾപ്പെടെയുള്ളവരുടെ മരണങ്ങൾക്കും പരിക്കുകൾക്കും കാരണമായ കാബൂളിലെ വിമാനത്താവള പരിസരത്ത് നടന്ന ഭീകരമായ ഭീകരാക്രമണത്തെ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ (ഒ.ഐ.സി) ജനറൽ സെക്രട്ടറിയേറ്റ് ശക്തമായി അപലപിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാട്ടെയെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആത്മാർഥമായ അനുശോചനമറിയിക്കുന്നുവെന്നും ജനറൽ സെക്രട്ടറി ഡോ. യൂസുഫ് ബിൻ അഹ്മദ് ഉതൈമീൻ പറഞ്ഞു. ഭീകരതയ്‌ക്കെതിരായ ഒ.ഐ.സിയുടെ ഉറച്ച നിലപാട് ജനറൽ സെക്രട്ടേറിയറ്റ് ആവർത്തിച്ചു. അതിക്രമത്തെ ചെറുക്കാനുള്ള ശ്രമങ്ങളും അന്താരാഷ്ട്ര സഹകരണവും ഇരട്ടിയാക്കേണ്ടതിന്റെ ആവശ്യകത ജനറൽ സെക്രട്ടേറിയറ്റ് ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.