പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവെച്ച് സൗദിയും തുർക്കിയയും
text_fieldsജിദ്ദ: സൗദി അറേബ്യയും തുർക്കിയയും പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവെച്ചു. തുർക്കിയ പ്രതിരോധ മന്ത്രി യാഷർ ഗുലറും സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാനുമാണ് ഒപ്പിട്ടത്. പ്രതിരോധ-സൈനിക രംഗങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ നിർണായക ചുവടുവെപ്പാണ് ഇത്. പ്രതിരോധ മന്ത്രാലയവും തുർക്കിയ ബേക്കർ ഡിഫൻസ് ഇൻഡസ്ട്രീസ് കമ്പനിയും തമ്മിൽ രണ്ട് ഏറ്റെടുക്കൽ കരാറുകൾ ഒപ്പുവെച്ചിട്ടുണ്ട്.
പ്രതിരോധ മന്ത്രാലയത്തിന് ഡ്രോണുകൾ വാങ്ങുന്നത് കരാറിലുൾപ്പെടും. സായുധ സേനയുടെ സന്നദ്ധത ഉയർത്തുക, രാജ്യത്തിന്റെ പ്രതിരോധ-ഉൽപാദന ശേഷികൾ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളുമുണ്ട്. കഴിഞ്ഞ ദിവസത്തെ തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ സൗദി സന്ദർശന വേളയിലായിരുന്നു കരാർ ഒപ്പിടലെന്ന് പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ ട്വീറ്റ് ചെയ്തു.
സൗദി പ്രതിരോധ മന്ത്രാലയവുമായുള്ള കരാറിൽ സാങ്കേതിക വിദ്യ കൈമാറ്റവും ഉൽപാദനത്തിലുള്ള സഹകരണവും ഉൾപ്പെടുമെന്ന് തുർക്കിയ ബേക്കർ കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ഗൾഫ് പര്യടനത്തിന്റെ തുടക്കമായാണ് തുർക്കിയ പ്രസിഡന്റ് സൗദിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത ബന്ധവും സാമ്പത്തിക, നിക്ഷേപ, വ്യാപാര സഹകരണവും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗം കൂടിയാണിത്.
സൗദിക്ക് പുറമെ ഖത്തറിലും യു.എ.ഇയിലും ഉൾപ്പെടെ പര്യടനം നടത്തുമെന്ന് യാത്രക്ക് മുമ്പ് ഉർദുഗാൻ പറഞ്ഞിരുന്നു. തുർക്കിയയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയത്തിന്റെ അളവ് കഴിഞ്ഞ 20 വർഷത്തിനിടെ 160 കോടി ഡോളറിൽനിന്ന് ഏകദേശം 220 കോടി ഡോളറായി വർധിച്ചിട്ടുണ്ട്. മൂന്ന് ഗൾഫ് രാജ്യങ്ങളിലെ സന്ദർശനത്തിനിടയിൽ ജിദ്ദ, ദോഹ, അബൂദബി എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന ബിസിനസ് ഫോറങ്ങളിലൂടെ ഈ സംഖ്യ കൂടുതൽ വലിയ അളവിലേക്ക് എത്തിക്കാനുള്ള വഴികൾ തേടുമെന്നും ഉർദുഗാൻ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.