വ്യാപാര സഹകരണം ശക്തിപ്പെടുത്തി സൗദിയും തുർക്കിയയും
text_fieldsറിയാദ്: സൗദിയും തുർക്കിയ കമ്പനികളും വിവിധ മേഖലകളിൽ 10 സഹകരണ കരാറുകൾ ഒപ്പുവച്ചു. സൗദി ചേംബേഴ്സും തുർക്കിയയിലെ ഫോറിൻ ഇക്കണോമിക് റിലേഷൻസ് കൗൺസിലും ചേർന്ന് ഇസ്തംബൂളിൽ സംഘടിപ്പിച്ച സൗദി-ടർക്കിഷ് ബിസിനസ് ഫോറത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായാണിത്.
സൗദിയും തുർക്കിയയും തമ്മിലുള്ള ശക്തമായ ബന്ധം, തുർക്കിയ ഉൽപന്നങ്ങളുടെ ഗുണനിലവാരം, തുർക്കിയ സേവന മേഖലയുടെ വിജയഗാഥ എന്നിവ വാണിജ്യമന്ത്രി ഡോ. മാജിദ് അൽ ഖസബി ഫോറത്തിൽ നടത്തിയ പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
ഖനനം, ആരോഗ്യം, സാങ്കേതികവിദ്യ, വാർത്തവിനിമയം തുടങ്ങി നിരവധി മേഖലകളിൽ സൗദി സാക്ഷ്യംവഹിക്കുന്ന പരിവർത്തനങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. അതിൽനിന്ന് പ്രയോജനം നേടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
സൗദിയുമായുള്ള ഉഭയകക്ഷി വ്യാപാരത്തിന്റെ അളവ് ഇടത്തരം, ദീർഘകാലാടിസ്ഥാനത്തിൽ 30 ശതകോടി ഡോളറായി ഉയർത്താനും, ടൂറിസം, ആരോഗ്യം, ഇൻഫ്രാസ്ട്രക്ചർ, ഇൻഫർമേഷൻ ടെക്നോളജി, പ്രതിരോധ വ്യവസായം എന്നിവയെ വൈവിധ്യവത്കരിക്കാനും തുർക്കിയ ലക്ഷ്യമിടുന്നുവെന്ന് തുർക്കി വ്യാപാര മന്ത്രി ഡോ. ഉമർ പുളാത്ത് പറഞ്ഞു.
സൗദി-തുർക്കിയ ബന്ധങ്ങൾ ഗുണപരമായ മാറ്റത്തിന് സാക്ഷ്യംവഹിച്ചതായി ഫെഡറേഷൻ ഓഫ് സൗദി ചേംബേഴ്സ് വൈസ് പ്രസിഡൻറ് ഫാഇസ് അൽശുവൈലി വിശദീകരിച്ചു.
സൗദി-ടർക്കിഷ് ബിസിനസ് കൗൺസിലിന്റെ സ്ഥാപനം സാമ്പത്തിക ബന്ധങ്ങളുടെ വികാസത്തിന് കാരണമായി. അങ്ങനെ സൗദി തുർക്കിയയുടെ ഒരു പ്രധാന സാമ്പത്തിക പങ്കാളിയായി.
തുർക്കിയയുടെ ഏറ്റവും വലിയ എട്ട് വ്യാപാര പങ്കാളികളിൽ ഒന്നാണ്. തുർക്കിയയിലെ സൗദി കമ്പനികളുടെ എണ്ണം 2011-ലെ 11 കമ്പനികളിൽനിന്ന് 2023-ൽ 1400-ലധികമായി വർധിച്ചു. നിക്ഷേപം 1,800 കോടി റിയാലായെന്നും അൽ ശുവൈലി പറഞ്ഞു.
സൗദിയിലെ ബിസിനസ് അന്തരീക്ഷം സൗദി വിപണിയിൽ നിക്ഷേപം നടത്താൻ 390 തുർക്കിയ കമ്പനികളെ ആകർഷിച്ചതായി സൗദി-ടർക്കിഷ് ബിസിനസ് കൗൺസിൽ ചെയർമാൻ എൻജി. സാമി അൽ ഉസൈമി പറഞ്ഞു. ഹ്രസ്വകാലത്തേക്ക് 10 ശതകോടി ഡോളറിന്റെ വ്യാപാര വ്യാപ്തിയിലേക്കെത്താനാണ് കൗൺസിൽ ശ്രമിക്കുന്നതെന്നും അൽ ഉസൈമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.