നാടണയാം, നാളെ മുതൽ
text_fieldsറിയാദ്: താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തങ്ങുന്നവർക്ക് സൗദി ഗവൺമെൻറ് പ്രഖ്യാപിച്ച പൊതുമാപ്പ് നടപ്പാകുന്നത് ബുധനാഴ്ച മുതൽ. ജൂൺ 24 വരെ നീളുന്ന കാമ്പയിന് വേണ്ടി എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സൗദി ജവാസാത്ത് അറിയിച്ചു. ഇൗ അവസരം തങ്ങളുടെ പൗരന്മാർക്ക് പ്രയോജനപ്പെടുത്താൻ സൗകര്യങ്ങളുമായി ഇന്ത്യൻ മിഷനും തയാറായി കഴിഞ്ഞു. തൊഴിൽ, ഉംറ, ഹജ്ജ്, ട്രാൻസിറ്റ്, സന്ദർശന വിസകളിലെ നിയമലംഘകരും നുഴഞ്ഞുകയറ്റക്കാരുമായ വിദേശികൾക്കാണ് തടവ്, സാമ്പത്തിക പിഴകൾ ഇല്ലാതെ നാടുകളിലേക്ക് മടങ്ങാൻ ഇളവ്. സൗദി കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ നായിഫ് പൊതുമാപ്പ് സംബന്ധിച്ച പ്രഖ്യാപനം നടത്തിയ 2017 മാർച്ച് 19ന് മുമ്പ് ഇഖാമയുടെ കാലാവധി കഴിഞ്ഞവർക്ക് മാത്രമാണ് പൊതുമാപ്പിെൻറ ആനുകൂല്യം.
അതിനുശേഷം നിയമലംഘകരായ ആളുകൾ ശിക്ഷ നേരിണ്ടേിവരും. ഉംറ, ഹജ്ജ്, ട്രാൻസിറ്റ്, സന്ദർശന വിസക്കാർക്ക് ബുധനാഴ്ച മുതൽ വിമാനത്താവളങ്ങളിലൊ തുറമുഖങ്ങളിലൊ റോഡ് മാർഗമുള്ള അതിർത്തി പോസ്റ്റുകളിലൊ എത്തി എക്സിറ്റ് വാങ്ങി നാടുകളിലേക്ക് മടങ്ങാം.
സാധുവായ പാസ്പോർട്ട് കൈവശമുണ്ടാകണമെന്ന് മാത്രം. ഇതല്ലാത്ത നിയമലംഘകരെല്ലാം എക്സിറ്റ് വിസക്ക് ജവാസാത്തിനെയാണ് സമീപിക്കേണ്ടത്. ഇതിന് വേണ്ടി രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ജവാസാത്ത് ഒരുക്കിയ സൗകര്യം ബുധനാഴ്ച മുതൽ പ്രവർത്തനക്ഷമമാവും. ജവാസാത്തിെൻറ അബ്ഷീർ വെബ്സൈറ്റ് (https://www.moi.gov.sa/) സന്ദർശിച്ച് ഒാൺലൈൻ അപോയ്മെൻറ് എടുക്കലാണ് ആദ്യ നടപടി. ഇഷ്ടമുള്ള കേന്ദ്രവും തീയതിയും സമയവും തെരഞ്ഞെടുക്കാൻ വെബ്സൈറ്റിൽ അവസരമുണ്ട്. ഇതെല്ലാം സെലക്ട് ചെയ്ത് അപോയ്മെൻറ് എടുത്താൽ കിട്ടുന്ന ടോക്കണുമായി അതിൽ പറയുന്ന കേന്ദ്രത്തിൽ നേരിെട്ടത്തണം. കൈയ്യിൽ പാസ്പോർട്ട്/ഇ.സി/ഒൗട്ട് പാസ് എന്നിവയിലൊന്ന് നിർബന്ധമായും ഉണ്ടാവണം.
ബുധനാഴ്ചയേ ഒാൺലൈൻ അപോയ്മെൻറ് സൗകര്യം ആക്ടീവാകൂ. റിയാദിൽ മലസ്, സിത്തീൻ സ്ട്രീറ്റിലെ പഴയ നൂറ യൂനിവേഴ്സിറ്റി (ഒാൾഡ് ജാമിഅ നൂറ) ഗേറ്റ് നമ്പർ ഏഴിലും (പുരുഷന്മാർ), എട്ടിലുമാണ് (സ്ത്രീകൾ) ജവാസാത്ത് കേന്ദ്രം പ്രവർത്തിക്കുന്നത്. ഇവിടെ എംബസി ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാകും. എക്സിറ്റ് വിസ ലഭിച്ചുകഴിഞ്ഞാൽ സ്വന്തം ചെലവിലാണ് നാട്ടിലേക്ക് മടങ്ങേണ്ടത്.
ഒൗട്ട് പാസിനോ എക്സിറ്റ് വിസക്കോ ഒരു റിയാൽ ചെലവില്ലെന്നും വിമാന ടിക്കറ്റ് സ്വന്തമായി കണ്ടെത്തണമെന്നും എംബസിയും അറിയിച്ചിട്ടുണ്ട്. ഇതിനിടെ പാസ്പോർട്ടില്ലാത്തവർ ഒൗട്ട് പാസിന് വേണ്ടി എംബസിയിൽ തിരക്ക് കൂട്ടി തുടങ്ങിയിട്ടുണ്ട്. ദിനംപ്രതി 200ലേറെ പേർ എത്തുന്നുണ്ടെന്നാണ് വിവരം. ബുധനാഴ്ച മുതൽ തിരക്ക് വർധിക്കും. എംബസിക്ക് പുറമെ വിവിധ നഗരങ്ങളിലായി 11 ഇടങ്ങളിൽ എംബസി സേവന ബുധനാഴ്ച മുതൽ സേവന കേന്ദ്രങ്ങളും തുറക്കും. ഇവിടെ ഒൗട്ട് പാസ് അപേക്ഷകൾ നൽകാം. അഞ്ച് മുതൽ ഏഴ് ദിവസത്തിനുള്ളിൽ ഒൗട്ട് പാസുകൾ ലഭിക്കും. തൊഴിലാളികളെ സഹായിക്കാൻ എംബസി വളണ്ടിയർ സംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്. ഇതിനായുള്ള പരിശീലന പരിപാടികളും പൂർത്തിയായി കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.