സൽമാൻ രാജാവിന്റെ ഉത്തരവ്; മാർച്ച് 11 ‘പതാകദിന’മായി ആചരിക്കും
text_fieldsജിദ്ദ: എല്ലാ വർഷവും മാർച്ച് 11 ന് സൗദി അറേബ്യയിൽ പതാകദിനമായി ആചരിക്കുമെന്ന് സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവ്. 1937 മാർച്ച് 11ന് (1335 ദുല്‍ഹജ്ജ് 27) അബ്ദുൽ അസീസ് രാജാവ് സൗദി പതാകക്ക് അംഗീകാരം നൽകിയ ദിവസമെന്ന നിലക്കാണ് ഈ ദിവസം പതാകദിനമായി ആചരിക്കാൻ തീരുമാനിച്ചത്.
ഹിജ്റ 1139ൽ സൗദി അറേബ്യ സ്ഥാപിതമായതു മുതൽ രാജ്യത്തിന്റെ ചരിത്രത്തിലുടനീളം വ്യാപിച്ചുകിടക്കുന്ന ദേശീയ പതാകയുടെ മൂല്യത്തിൽനിന്നാണ് ഇങ്ങനെയൊരു ദിവസം സമർപ്പിക്കുന്നതെന്ന് രാജകീയ ഉത്തരവിൽ പറയുന്നു. രാഷ്ട്രം സ്ഥാപിക്കപ്പെട്ടത് സമാധാനത്തിന്റെയും ഇസ്ലാമിന്റെയും സന്ദേശം അടിസ്ഥാനമാക്കിയാണ്.
ഏകദൈവ വിശ്വാസം, നീതി, ശക്തി, പുരോഗതി, സമൃദ്ധി എന്നിവയെ സൂചിപ്പിക്കുന്ന മഹത്തായ അര്‍ഥങ്ങളുടെ പ്രതീകമാണ് രാജ്യത്തിന്റെ പതാക. മൂന്നു നൂറ്റാണ്ടുകളായി രാജ്യത്തെ ഒരുമിപ്പിച്ചുനിര്‍ത്താനുള്ള എല്ലാ നീക്കങ്ങള്‍ക്കും സൗദി പതാക സാക്ഷ്യംവഹിച്ചു. രാജ്യത്തെ പൗരന്മാര് അഭിമാനമായി ഉയർത്തിപ്പിടിക്കുന്ന ഈ പതാക രാഷ്ട്രത്തിന്റെയും അതിന്റെ ശക്തിയുടെയും പരമാധികാരത്തിന്റെയും ഐക്യത്തിന്റെയും പ്രകടനമാണെന്ന് രാജകീയ വിജ്ഞാപനത്തില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.