യമൻ പ്രതിസന്ധി അവസാനിപ്പിക്കാൻ സൗദി അറേബ്യ പുതിയ സമാധാന പദ്ധതി പ്രഖ്യാപിച്ചു
text_fieldsജിദ്ദ: യമൻ പ്രതിസന്ധി അവസാനിപ്പിക്കാൻ സൗദി അറേബ്യ പുതിയ സമാധാന പദ്ധതി പ്രഖ്യാപിച്ചു. റിയാദിൽ സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാനാണ് പുതിയ സമാധാന പദ്ധതി പ്രഖ്യാപിച്ചത്. യു.എന്നിന്റെ മേൽനോട്ടത്തിൽ യമനിലുടനീളം വെടിനിർത്തൽ സമാധാന പദ്ധതിയിൽ ഉൾപ്പെടുമെന്ന് പത്രസമ്മേളനത്തിൽ സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു. സൗദി നേതൃത്വത്തിലുള്ള സഖ്യം ഹുദൈദ തുറമുഖ ഉപരോധം ലഘൂകരിക്കും. തുറമുഖത്തു നിന്നുള്ള നികുതി വരുമാനം സ്റ്റോക്ക്ഹോം കരാർ അനുസരിച്ച് ഹുദൈദയിലെ സെൻട്രൽ ബാങ്ക് ഓഫ് യെമനിൽ നിക്ഷേപിക്കും. നിർണിത പ്രാദേശിക, അന്തർദേശീയ സ്ഥലങ്ങളിലേക്കുള്ള വിമാന സർവിസുകൾക്ക് സൻആ വിമാനത്താവളം വീണ്ടും തുറക്കാൻ അനുവദിക്കും എന്നിവ പദ്ധതിയിലെ പ്രധാന പോയിൻറുകളാണ്. പ്രതിസന്ധി പരിഹരിക്കാൻ യമൻ രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള രാഷ്ട്രീയ പരിഹാര ചർച്ചകൾ ആരംഭിക്കും. ഹൂതികൾ സമാധാന പദ്ധതി സമ്മതിച്ചു കഴിഞ്ഞാൽ വെടിനിർത്തൽ ആരംഭിക്കുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
ശത്രുതയും ആക്രമണത്തിനുള്ള പിന്തുണയുമല്ലാതെ ഇറാനിൽ നിന്ന് സൗദി അറേബ്യ ഒന്നും കണ്ടിട്ടില്ല. മിലീഷ്യകൾക്ക് ആയുധങ്ങൾ നൽകുകയും രാജ്യങ്ങളിൽ അസ്ഥിരതയുണ്ടാക്കുകയും ചെയ്യുന്ന ഇറാന്റെ നിലപാട് അനുരജ്ഞനം ആഗ്രഹിക്കുന്നില്ലെന്നാണ് വ്യക്തമാക്കുന്നതെന്നും വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. യമനിലെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് വാഷിങ്ട്ടണും അന്താരാഷ്ട്ര സമൂഹവും പിന്തുണ നൽകുമെന്ന് സൗദി അറേബ്യ പ്രതീക്ഷിക്കുന്നു. യമനിന്റെ താൽപര്യം ഇറാന്റെ താൽപര്യങ്ങളുടെ മുന്നിൽ വെക്കണം. യമനിന്റെ താൽപര്യങ്ങൾക്കാണോ അതല്ല ഇറാന്റെ താൽപര്യങ്ങൾക്കാണോ മുൻഗണന നൽകേണ്ടതെന്ന് ഹൂതികൾ ആലോചിക്കേണ്ടതുണ്ട്. യമനിലെ രാഷ്ട്രീയ പരിഹാരത്തിന് ചർച്ച ചെയ്യാൻ വെടിനിർത്തൽ സഹായിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
യൂ.എന്നിന്റെ ആഭ്യമുഖ്യത്തിൽ യമൻ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരത്തിലെത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ സമാധാന പദ്ധതിയെന്ന് കരടിൽ സൗദി അറേബ്യ വ്യക്തമാക്കി. യമനിലെ രക്തച്ചൊരിച്ചിൽ തടയുക, യമൻ ജനതയെ ബാധിക്കുന്ന മാനുഷികവും സാമ്പത്തികവുമായ പ്രശ്നങ്ങൾ പരിഹരിക്കുക, സമാധാനം കൈവരിക്കുന്നതിൽ പങ്കാളിയാവുക എന്നിവക്ക് അവസരം നൽകുന്ന പദ്ധതി കൂടിയാണിത്. ഈ പദ്ധതി അംഗീകരിക്കാൻ യമൻ സർക്കാറിനോടും ഹൂതികളോടും സൗദി അറേബ്യ ആവശ്യപ്പെട്ടു.
അതേ സമയം സൗദിയിലെ സിവിലിയന്മാരുടെ വസ്തുക്കൾക്കും സുപ്രധാന സ്ഥാപനങ്ങൾക്കുമെതിരെയും ഇറാനിയൻ പിന്തുണയുള്ള ഹൂതികൾ നടത്തിയ ആസൂത്രിതമായ ആക്രമണങ്ങളിൽ നിന്ന് സൗദിയുടെ പ്രദേശങ്ങളെയും അതിലെ പൗരന്മാരെയും താമസക്കാരെയും സംരക്ഷിക്കാനുള്ള മുഴുവൻ അവകാശവും സൗദി അറേബ്യക്കുണ്ടെന്നും കരടിൽ വ്യക്തമാക്കിയിട്ടുണ്ട്. മേഖലയിലും യമനിലുമുള്ള ഇറാനിയൻ ഇടപെടലിനെ പൂർണമായും നിരസിക്കുന്നു. യമൻ പ്രതിസന്ധി നീണ്ടുപോകാനുള്ള പ്രധാന കാരണമിതാണെന്നും സൗദി അറേബ്യ പറഞ്ഞു. യമൻ ജനതക്കും അവിടെത്തെ നിയമാനുസൃത സർക്കാറിനുമുള്ള പിന്തുണ സൗദി അറേബ്യ തുടരും. യമൻ ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും വികസനത്തിനും സമാധാനം, സുരക്ഷ, സുസ്ഥിരത എന്നിവക്കും ശ്രമങ്ങൾ തുടരുമെന്നും സൗദി അറേബ്യ പുതിയ സമാധാന പദ്ധതി കരടിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.