എണ്ണ ഉൽപാദനം വെട്ടിക്കുറക്കാനുള്ള ഒപെക് പ്ലസ് തീരുമാനം അംഗീകരിച്ച് സൗദി മന്ത്രിസഭ
text_fieldsറിയാദ്: എണ്ണ ഉൽപാദനം വെട്ടിക്കുറക്കാനുള്ള ഒപെക് പ്ലസ് തീരുമാനം സൗദി മന്ത്രിസഭ അംഗീകരിച്ചു. വിപണിസ്ഥിരതയും സന്തുലിതാവസ്ഥയും മുന്നിൽക്കണ്ട് സൗദി അറേബ്യ ഉൽപാദനം സ്വമേധയാ വെട്ടിക്കുറക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ജിദ്ദ അൽസലാം കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭ യോഗമാണ് ഇതിന് അംഗീകാരം നൽകിയത്. 2024 ജനുവരി മുതലുള്ള ഒരു വർഷത്തേക്ക് പ്രതിദിന ഉൽപാദനം 4.4 കോടി ബാരലായി വെട്ടിക്കുറക്കാനാണ് കഴിഞ്ഞ ശനിയാഴ്ച വിയനയിൽ ചേർന്ന ഒപെക് പ്ലസ് രാജ്യങ്ങളിലെ മന്ത്രിമാരുടെ യോഗം തീരുമാനമെടുത്തത്.
വെനിസ്വേലയുടെ പ്രസിഡന്റുമായി കിരീടാവകാശി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകൾ യോഗം ചർച്ച ചെയ്തു. വികസനം, പുരോഗതി, സഹകരണം എന്നിവ മുൻനിർത്തി അന്താരാഷ്ട്ര സമൂഹവുമായി മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും നടത്തിയ ചർച്ചകൾ കാബിനറ്റ് അവലോകനം ചെയ്തു.
2030ഓടെ സുസ്ഥിര വികസന ലക്ഷ്യം സാക്ഷാത്കരിക്കാൻ ഉതകുന്നതായിരുന്നു ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിൽ നടന്ന 'ബ്രിക്സ്' സൗഹൃദ രാജ്യങ്ങളുടെ മന്ത്രിതല യോഗത്തിലെ പങ്കാളിത്തമെന്ന് കാബിനറ്റ് വിലയിരുത്തി. മനുഷ്യരാശിയുടെ ശാക്തീകരണത്തിനും ഗ്രഹ സംരക്ഷണത്തിനും ശാസ്ത്ര വളർച്ചക്കും സംഭാവന അർപ്പിക്കുന്നതാണ് സൗദി ബഹിരാകാശ യാത്രികർ നിർവഹിച്ച വിജയകരമായ യാത്രയെന്ന് മന്ത്രിസഭ യോഗം അഭിപ്രായപ്പെട്ടു. ജലസ്രോതസ്സുകളുടെ സുസ്ഥിരത ഉറപ്പാക്കുന്നതടക്കം പൗരന്മാർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം ഉയർത്താനുള്ള കർമപദ്ധതി മന്ത്രിസഭ ചർച്ച ചെയ്തു. 2022 ലെ പൊതുജന സംഖ്യ, പാർപ്പിട സെൻസസ് കാബിനറ്റ് അവലോകനം ചെയ്തതായി മാധ്യമമന്ത്രി സൽമാൻ അൽ ദൗസരി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.