സൗദിയിൽ ഒരാഴ്ചയ്ക്കിടെ 13,308 നിയമലംഘകർ അറസ്റ്റിൽ
text_fieldsഅൽഖോബാർ: ഒരാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 13,308 ഓളം വിദേശികളെ അറസ്റ്റ് ചെയ്തു. ജൂലൈ 20 മുതൽ 26 വരെ രാജ്യത്തുടനീളം സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ പരിശോധനയിലാണ് ഇവർ വലയിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 7,725 താമസ ലംഘകരും 3427 അതിർത്തി നിയമ ലംഘകരും 2156 തൊഴിൽ, നിയമ ലംഘകരുമാണ് അറസ്റ്റിലായത്.
രാജ്യത്തേക്ക് അതിർത്തി വഴി നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ 572 പേർ പിടിയിലായി. ഇതിൽ 62 ശതമാനം യമനികളും 37 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. 58 പേർ സൗദി അറേബ്യയിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടു. താമസ-തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് യാത്ര, താമസ സൗകര്യങ്ങൾ ഒരുക്കുകയും ഇക്കാര്യം മറച്ചുവെക്കുകയും ചെയ്ത അഞ്ചുപേരെയും അറസ്റ്റ് ചെയ്തു.
36,953 നിയമലംഘകർ നിലവിൽ നിയമ നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. അതിൽ 30,660 പുരുഷന്മാരും 6,293 സ്ത്രീകളുമാണ്. ഇവരിൽ 30,701 നിയമലംഘകരുടെ യാത്രാരേഖകൾ ലഭിക്കുന്നതിന് രാജ്യത്തെ അവരുടെ നയതന്ത്ര കാര്യാലയങ്ങളുമായി ബന്ധപ്പെട്ടിരിക്കുകയാണ്.
2,155 നിയമലംഘകരെ അവരുടെ യാത്രാ റിസർവേഷൻ നടപടികൾ പൂർത്തീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് റഫർ ചെയ്തു. 10,205 വിദേശികളെ ഒരാഴ്ചക്കിടെ നാടുകടത്തി. നുഴഞ്ഞുകയറ്റക്കാർക്ക് രാജ്യത്തിലേക്കുള്ള പ്രവേശനം സുഗമമാക്കുകയോ ഗതാഗതമോ പാർപ്പിടമോ മറ്റ് സഹായങ്ങളോ സേവനങ്ങളോ നൽകുകയോ ചെയ്യുന്നവർക്ക് 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയും വിധിക്കുമെന്നും ഗതാഗതത്തിന് ഉപയോഗിച്ച വാഹനങ്ങളും താമസസൗകര്യമൊരുക്കിയ കെട്ടിടങ്ങളും കണ്ടുകെട്ടുമെന്നും ആഭ്യന്തര മന്ത്രാലയം താക്കീത് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.