ആണവ വിഷയത്തിൽ പ്രതിബദ്ധത നിറവേറ്റണമെന്ന് ഇറാനോട് സൗദി അറേബ്യ
text_fieldsറിയാദ്: ആണവ നിരായുധീകരണത്തിനുള്ള പ്രതിബദ്ധത അടിയന്തരമായി നിറവേറ്റാൻ ഇറാൻ തയാറാവണമെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ആവശ്യപ്പെട്ടു. ന്യൂയോർക്കിൽ നടന്ന 77ാമത് യു.എൻ പൊതുസഭ സമ്മേളനത്തെ അഭിസംബോധന ചെയ്യവേയാണ് അദ്ദേഹം ഈ ആവശ്യമുന്നയിച്ചത്.
രാഷ്ട്രീയപരിഹാരത്തിലൂടെ റഷ്യൻ-യുക്രെയ്ൻ പ്രതിസന്ധി പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. ആണവായുധങ്ങളുടെ വ്യാപനം തടയാൻ അന്താരാഷ്ട്ര സമൂഹം ഉണർന്നുപ്രവർത്തിക്കണം. സമാധാനവും സുരക്ഷയും നിലനിർത്തുന്നതിനും രാജ്യങ്ങളുടെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും പരസ്പര ബഹുമാനത്തിന്റെ അടിസ്ഥാനത്തിൽ സഹകരണം അനിവാര്യമാണ്. സമാധാനപരമായ മാർഗങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കുക, ബലപ്രയോഗം നടത്താതിരിക്കുക എന്നിവ ലക്ഷ്യമാക്കുന്ന അന്താരാഷ്ട്ര തത്ത്വങ്ങളെ സൗദി അറേബ്യ ശക്തമായി പിന്തുണക്കുന്നു.
മയക്കുമരുന്നുകളുടെയും ആയുധങ്ങളുടെയും കയറ്റുമതിക്ക് ലബനാൻ മുതിരരുത്. സിറിയയിൽ മാനുഷിക സഹായം അനുവദിക്കണം. ഈജിപ്തിലെയും സുഡാനിലെയും ജലസുരക്ഷയെ ഞങ്ങൾ പിന്തുണക്കുന്നു. 1967ലെ അതിർത്തികൾക്ക് അനുസൃതമായി ഫലസ്തീൻ പ്രശ്നത്തിനുള്ള പരിഹാരത്തെയാണ് മധ്യപൂർവേഷ്യ ആഗ്രഹിക്കുന്നത്. യമനിൽ വെടിനിർത്തൽ നീട്ടുന്നതിനുള്ള പിന്തുണ സൗദി സ്ഥിരീകരിക്കുന്നതായി അമീർ ഫൈസൽ ബിൻ ഫർഹാൻ അറിയിച്ചു.
ഊർജ വിപണികളുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ആഗോള സാമ്പത്തിക വീണ്ടെടുക്കലിനെ പിന്തുണക്കുന്നതിനും ഞങ്ങൾ ഉത്സുകരാണ്. ആഗോളതലത്തിൽ വർധിച്ചുവരുന്ന ഊർജ ആവശ്യം നിറവേറ്റുന്നതിനും പ്രത്യാഘാതങ്ങൾ ഒഴിവാക്കുന്നതിനുമായി ഫോസിൽ ഊർജത്തിലും അതിന്റെ സാങ്കേതികവിദ്യകളിലും നിക്ഷേപം നടത്തേണ്ടതിന്റെ പ്രാധാന്യം ഏറിവരുകയാണ്.
ആഗോള വിതരണ ശൃംഖല, പണപ്പെരുപ്പം, ഉയർന്ന ഊർജ വില, വർധിച്ച തൊഴിലില്ലായ്മ നിരക്ക്, മറ്റ് സാമൂഹിക സാമ്പത്തിക സുരക്ഷ പ്രത്യാഘാതങ്ങൾ എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന പ്രധാന ഊർജ സ്രോതസ്സുകളെ ഒഴിവാക്കുകയാണ് നയങ്ങൾ ലക്ഷ്യമിടുന്നത്. ശുദ്ധമായ ഊർജം പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി അറേബ്യ സൗദി ഗ്രീൻ ഇനിഷ്യേറ്റിവ്, ഗ്രീൻ മിഡിലീസ്റ്റ് ഇനിഷ്യേറ്റിവ് പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്.
രാജ്യം മനുഷ്യാവകാശങ്ങൾക്ക് വലിയ പ്രാധാന്യമാണ് നൽകുന്നത്. 'ദൂരക്കാഴ്ചയുള്ള നാളെയ്ക്കായി ഒരുമിച്ച്' എന്ന പ്രമേയത്തിൽ നടക്കുന്ന 'എക്സ്പോ 2030' സൗദിക്ക് നേടാനായാൽ അതിന്റെ യഥാർഥ ആശയത്തിലേക്ക് എക്സിബിഷൻ പുനഃസ്ഥാപിക്കാൻ ഞങ്ങൾക്ക് കഴിയും. നിയമ, നീതിന്യായ വ്യവസ്ഥകളുടെ കാര്യക്ഷമത ഉയർത്തുന്നതിനായി 'വിഷൻ 2030' അംഗീകരിച്ച പരിഷ്കാരങ്ങളുടെ ചട്ടക്കൂടിനുള്ളിൽ നിയമനിർമാണ വികസനം സൗദിയിൽ നടപ്പാക്കും.
എല്ലാ മനുഷ്യരാശിക്കും മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമത്തിൽ ഞങ്ങളുടെ സന്ദേശവും മൂല്യങ്ങളും തത്ത്വങ്ങളും ലോകത്തിന് കൈമാറാനുള്ള നീക്കം ഫലംചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. രാജ്യത്തിന്റെ ശ്രമത്തിന് പിന്തുണ പ്രഖ്യാപിച്ച എല്ലാ രാജ്യങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.