ഇൻറർനാഷനൽ മാരിടൈം ഓർഗനൈസേഷൻ കൗൺസിലിലേക്ക് സൗദിയും
text_fieldsജുബൈൽ: കടൽമാർഗമുള്ള അന്താരാഷ്ട്ര ഗതാഗതത്തിെൻറ മേൽനോട്ടം വഹിക്കുന്ന യു.എൻ ഏജൻസി ഇൻറർനാഷനൽ മാരിടൈം ഓർഗനൈസേഷെൻറ കൗൺസിലിലേക്ക് സൗദി അറേബ്യയും യു.എ.ഇയും തിരഞ്ഞെടുക്കപ്പെട്ടു. ലണ്ടൻ ആസ്ഥാനമായി 1948ൽ സ്ഥാപിതമായതും നിലവിൽ 175 അംഗരാജ്യങ്ങളുള്ളതുമായ ഐ.എം.ഒയുടെ 32ാമത് പൊതുസമ്മേളനത്തിലായിരുന്നു തെരഞ്ഞെടുപ്പ്. നാവികരുടെ പ്രശ്നം പരിഹരിക്കാനും കടൽ മലിനീകരണം കുറക്കാനും പിന്തുണ നൽകുന്ന പദ്ധതികൾക്ക് രാജ്യം മറ്റ് അംഗരാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ഐ.എം.ഒയിലെ സൗദി സ്ഥിരം പ്രതിനിധി എസ്സാം അൽ-അമ്മാരി പറഞ്ഞു. ഐ.എം.ഒ അംഗരാജ്യങ്ങൾ തമ്മിൽ വർധിച്ചുവരുന്ന അസമത്വം പരിഹരിക്കാനും വികസ്വര രാജ്യങ്ങളെ സാമ്പത്തിക വീണ്ടെടുക്കലിന് സഹായിക്കാനും പദ്ധതിയിടുന്നതായി അദ്ദേഹം വ്യക്തമാക്കി.
കപ്പൽ ഗതാഗതം മൂലമുള്ള പാരിസ്ഥിതിക ആഘാതം കുറക്കുന്നതിന് ഹരിത സാങ്കേതിക വിദ്യകളിൽ നിക്ഷേപം നടത്താനും രാജ്യത്തിന് പദ്ധതിയുണ്ട്. കടൽക്കൊള്ളയുടെ ഭീഷണി നേരിടുന്ന രാജ്യങ്ങൾക്ക് ലോകോത്തര പരിശീലനം നൽകാനും കടൽ യാത്രക്കാർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും ശ്രമിക്കും. ഐ.എം.ഒ കൗൺസിൽ, ജനറൽ അസംബ്ലി, പ്രധാന കമ്മിറ്റികൾ, സബ് കമ്മിറ്റികൾ, വർക്കിങ് ഗ്രൂപ്പുകൾ എന്നിവയുടെ എല്ലാ യോഗങ്ങളിലും രാജ്യം സജീവമായി പങ്കെടുക്കുന്നു. ഐ.എം.ഒയുടെ 40 അന്താരാഷ്ട്ര കൺവെൻഷനുകളും പ്രോട്ടോകോളുകളും സൗദി അറേബ്യ അംഗീകരിച്ചു. കപ്പൽ അധിഷ്ഠിത ഉദ്വമനം ലക്ഷ്യമിട്ടുള്ള പുതിയ ആഗോള പ്രോജക്ട് തയാറാക്കുന്നതിന് സൗദിയുമായി സംഘടന മൂന്ന് പങ്കാളിത്ത കരാറുകളിൽ ഒപ്പുവെച്ചു. ബയോഫൗളിങ്, മറൈൻ പ്ലാസ്റ്റിക് ലിറ്ററുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നിലവിലുള്ള പദ്ധതികൾക്ക് കൂടുതൽ ധനസഹായം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.