സൗദിയിൽ മേഖല ആസ്ഥാനം ആരംഭിക്കാൻ 450 അന്താരാഷ്ട്ര കമ്പനികൾക്ക് ലൈസൻസ്
text_fieldsറിയാദ്: 450 ബഹുരാഷ്ട്ര കമ്പനികൾക്ക് സൗദി അറേബ്യയിൽ മേഖല ആസ്ഥാനം തുറക്കുന്നതിന് ലൈസൻസ് അനുവദിച്ചതായി നിക്ഷേപ മന്ത്രി എൻജി. ഖാലിദ് ബിൻ അബ്ദുൽ അസീസ് അൽഫാലിഹ് പറഞ്ഞു.
റിയാദിൽ നടന്ന ഹ്യൂമൻ കപ്പാസിറ്റി ഇനിഷ്യേറ്റിവ് സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിക്ഷേപവും മനുഷ്യശേഷിയും തമ്മിൽ ശക്തമായ സഹവർത്തിത്വ ബന്ധമുണ്ടെന്നും ഈ ചലനാത്മകത രാജ്യത്തിന് പുതിയതല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
90 വർഷത്തിലേറെയായി ഊർജമേഖലയിൽ സൗദി അറേബ്യ നേതൃസ്ഥാനത്താണ്. നിലവിലെ ദശകത്തിൽ ‘വിഷൻ 2030’ന് മുമ്പുള്ള സമ്പദ്വ്യവസ്ഥയേക്കാൾ ഇരട്ടിയാക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്. സ്വകാര്യമേഖലയുമായുള്ള പങ്കാളിത്തം തുടരും. പ്രാദേശിക സമ്പദ്വ്യവസ്ഥയിലേക്ക് മൂന്ന് ലക്ഷം കോടി ഡോളറിലധികം നിക്ഷേപം ഒഴുക്കും. ഇതിലൂടെ നിക്ഷേപ പങ്കാളിത്തം 40 ശതമാനത്തിൽനിന്ന് 65 ശതമാനമായി വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു.
ആരോഗ്യ സംരക്ഷണം, ഫാർമസി, ബയോടെക്നോളജി എന്നിവക്ക് പുറമെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥ, ടൂറിസം, ധനകാര്യം തുടങ്ങിയ പുതിയ സാമ്പത്തിക മേഖലകളിലായിരിക്കും ഇതിന്റെ വലിയൊരു ഭാഗം. ഈ നിക്ഷേപങ്ങൾ മനുഷ്യമൂലധന വികസനത്തിന് വമ്പിച്ച അവസരങ്ങൾ പ്രദാനം ചെയ്യും. ഇതിന് വ്യത്യസ്തമായ ശേഷിയും പുതിയ ലോകവീക്ഷണവും ആവശ്യമാണ്. തൊഴിൽ ശക്തിയിൽ നിക്ഷേപം നടത്താനും അത് വികസിപ്പിക്കാനും പുതിയ കഴിവുകൾ നേടിയെടുക്കാനും നിക്ഷേപ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.