സൗദിയിൽ ഉച്ചവെയിലിൽ പുറം ജോലികൾക്ക് നിരോധനം ഏർപ്പെടുത്തി
text_fieldsജിദ്ദ: ചൂട് കൂടിയ സാഹചര്യത്തിൽ സൗദിയിൽ ഉച്ചവെയിലിൽ പുറം ജോലികൾക്ക് നിരോധനം ഏർപ്പെടുത്തിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം (എം.എച്ച്. ആർ.എസ്.ഡി ) അറിയിച്ചു. ഉച്ചക്ക് 12 മുതൽ 3 മണി വരെ മൂന്ന് മാസത്തേക്കാണ് നിരോധനം. ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണം സെപ്റ്റംബർ 15 വരെ തുടരും. നിരോധത്തിൽ നിന്ന് ഒഴിവാക്കിയ ചില മേഖലകൾ ഒഴികെ എല്ലാ സ്വകാര്യ മേഖലയിലെ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും നിയമം ബാധകമായിരിക്കും.
പ്രധാനമായും രാജ്യത്തെ കരാർ മേഖലയിലുള്ള 27,40,000 സ്ത്രീ-പുരുഷ തൊഴിലാളിൾക്ക് നിരോധന തീരുമാനത്തിന്റെ ഗുണം ലഭിക്കുമെന്നാണ് കണക്ക്. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷിതത്വവും ആരോഗ്യവും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുകൊണ്ടാണ് നേരിട്ടുള്ള സൂര്യപ്രകാശത്തിൽ തുറന്ന സ്ഥലത്ത് ജോലി ചെയ്യുന്നത് നിരോധിച്ചതെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അൽ റാജ്ഹി അറിയിച്ചു.
മന്ത്രിതല തീരുമാനം സ്വകാര്യ മേഖലയിലെ സംരംഭങ്ങളെ അവരുടെ തൊഴിലാളികൾക്ക് ആരോഗ്യകരവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യാനും സൂര്യപ്രകാശം, ചൂട്, സമ്മർദ്ദം എന്നിവ മൂലമുണ്ടാകുന്ന അപകടങ്ങളിൽ നിന്നും ദോഷങ്ങളിൽ നിന്നും അവരെ രക്ഷിക്കാനും നിർബന്ധിതരാക്കുന്നു.
എന്നാൽ എണ്ണ, വാതക കമ്പനികളിലെ തൊഴിലാളികളെയും അടിയന്തര അറ്റകുറ്റപ്പണി തൊഴിലാളികളെയും രാജ്യത്തിന്റെ ചില പ്രദേശങ്ങളിലെ ഗവർണറേറ്റുകൾക്ക് കീഴിലുള്ള തൊഴിലാളികളെയും ഉച്ചകഴിഞ്ഞുള്ള ജോലി നിരോധനത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നതിൽ നിന്ന് അവരെ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കമ്പനി അധികൃതർ ബാധ്യസഥരായിരിക്കും.
വിവിധ തൊഴിൽപരമായ അപകടങ്ങളിൽ നിന്ന് സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം പ്രദാനം ചെയ്യാൻ മന്ത്രാലയം പരിശ്രമിക്കുന്നതിനാൽ, തൊഴിൽ സമയം ക്രമീകരിക്കാനും തീരുമാനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കാനും മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു. പുതിയ തൊഴിൽ നിരോധന നിയമലംഘനത്തെക്കുറിച്ച് ഉപഭോക്തൃ സേവന ഫോൺ നമ്പർ 199911 വഴി അറിയിക്കാൻ എല്ലാവരോടും മന്ത്രാലയം അഭ്യർത്ഥിച്ചു.
കഴിഞ്ഞ വർഷം മന്ത്രാലയത്തിന്റെ ഉച്ചകഴിഞ്ഞുള്ള ജോലി നിരോധന തീരുമാനം ലംഘിച്ച നൂറുകണക്കിന് ആളുകളെ മന്ത്രാലയ ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 236 പ്രകാരം, മധ്യാഹ്ന ജോലി നിരോധനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ലംഘിക്കുന്ന കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ഓരോ ലംഘനത്തിനും 3,000 റിയാലിൽ കുറയാത്തതും 10,000 റിയാലിൽ കൂടാത്തതുമായ പിഴ ചുമത്തും. 30 ദിവസത്തിൽ കൂടാത്ത കാലയളവിൽ സ്ഥാപനം അടച്ചുപൂട്ടുകയോ സ്ഥിരമായി അടച്ചിടുകയോ പിഴ ചുമത്തുകയോ സ്ഥാപനം അടച്ചുപൂട്ടുകയോ ചെയ്യുന്നതും പിഴകളിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.