2034 ലോകകപ്പ് ഫുട്ബാൾ ആതിഥേയത്വത്തിനുള്ള നീക്കവുമായി സൗദി അറേബ്യ
text_fieldsജിദ്ദ: 2034-ലെ ലോകകപ്പ് ഫുട്ബാളിന് ആതിഥേയത്വം വഹിക്കാനുള്ള നീക്കവുമായി സൗദി അറേബ്യ. ഇതിനായുള്ള ലേലത്തിൽ പങ്കെടുക്കുമെന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ചു. സൗദി ഫുട്ബാൾ അസോസിയേഷൻ അതിെൻറ ശേഷിയും ഊർജവും ഇതിനായി ചെലവഴിക്കുമെന്നും നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങൾക്കും ഇവൻറുകൾക്കും ആതിഥേയത്വം വഹിച്ച രാജ്യത്തിെൻറ അനുഭവപരിജ്ഞാനം ഇതിന് പശ്ചാത്തലമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സൗദി അറേബ്യയുടെ ഇത്തരമൊരു അഭിലാഷം രാജ്യം നേടിയ സമഗ്രമായ നവോത്ഥാനത്തിെൻറ പ്രതിഫലനമാണെന്നും കിരീടാവകാശി കൂട്ടിച്ചേർത്തു. ഇത്തരമൊരു ആഗോള ഇവൻറ് നടത്താനുള്ള സാമ്പത്തിക ശേഷിയും മഹത്തായ നാഗരിക സാംസ്കാരിക പൈതൃകവും രാജ്യത്തിനുണ്ട്. ലോകത്ത് സമാധാനത്തിെൻറയും സ്നേഹത്തിെൻറയും സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ രാജ്യം നടത്തുന്ന വ്യക്തവും മഹത്തായതുമായ ശ്രമങ്ങളുടെ ഭാഗമാണ് ഇത്.
സ്പോർട്സ് രാജ്യത്തിെൻറ ഏറ്റവും പ്രധാനപ്പെട്ടതും പ്രമുഖവുമായ വശങ്ങളിലൊന്നാണ്. വ്യത്യസ്ത വംശങ്ങളിലും സംസ്‌കാരങ്ങളിലും പെട്ട ആളുകൾക്ക് ഒത്തുചേരാനുള്ള ഒരു പ്രധാന മാർഗമാണ് കായികരംഗം. സ്‌പോർട്‌സ് ഉൾപ്പെടെ വിവിധ മേഖലകളിൽ രാജ്യം നേടിയെടുക്കാൻ ശ്രമിച്ചത് ഇതാണെന്നും കിരീടാവകാശി പറഞ്ഞു.
‘വിഷൻ 2030’െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് തുടർച്ചയായ പ്രവർത്തനത്തിലൂടെ കായിക മേഖലയിൽ മികച്ച നിക്ഷേപം നടത്താൻ രാജ്യം താൽപ്പര്യപ്പെടുന്നതിനാൽ സമ്പദ് വ്യവസ്ഥയുടെ വളർച്ചക്കും സമൃദ്ധിക്കും സ്‌പോർട്‌സ് അത്യന്താപേക്ഷിതമാണ്. ഇത് രാജ്യത്തെ പൗരന്മാരുടെയും താമസക്കാരായ വിദേശികളുടെയും ജീവിത നിലവാരത്തെ പ്രതിഫലിപ്പിക്കുകയും 2034-ൽ ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകർക്ക് അതിശയകരവും അഭൂതപൂർവവുമായ അനുഭവം പകരുകയും ചെയ്യും. ഫുട്ബാൾ, മോട്ടോർ സ്പോർട്സ്, ഗോൾഫ്, ഇലക്ട്രോണിക് സ്പോർട്സ്, ടെന്നീസ്, കുതിര സവാരി തുടങ്ങിയ വിവിധ കായിക ഇനങ്ങളിൽ 2018 മുതൽ ഇതുവരെ 50ലധികം അന്താരാഷ്ട്ര കായിക മത്സരങ്ങൾ വിജയകരമായി സംഘടിപ്പിക്കാൻ സൗദി അറേബ്യക്ക് കഴിഞ്ഞു.
അതിലൂടെ ഏറ്റവും പ്രമുഖമായ ആഗോള കായിക കേന്ദ്രമെന്ന നിലയിൽ ലോകത്ത് ശ്രദ്ധനേടാൻ രാജ്യത്തിനായി. ഫുട്ബാൾ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂർണമെൻറിന് ആതിഥേയത്വം വഹിക്കാൻ നാമനിർദ്ദേശം ചെയ്യാനുള്ള ഈ പ്രഖ്യാപനം സൗദി ദേശീയ ടീം മുമ്പ് ആറ് തവണ ഫിഫ വേൾഡ് കപ്പിൽ പങ്കെടുത്തതിെൻറ ചരിത്ര പശ്ചാത്തലത്തിൽ കൂടിയാണ്. 2022-ലെ ഖത്തർ ലോകകപ്പായിരുന്നു അതിൽ ഒടുവിലത്തേതെന്നും കിരീടാവകാശി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.