സൗദിയിൽ വിവിധ പ്രവിശ്യകളിൽ വേനൽ ഇനിയും കടുക്കും; മക്ക, മദീന, റിയാദ് പ്രദേശങ്ങളിൽ കടുത്ത ചൂട് ഈയാഴ്ചയും തുടരും
text_fieldsയാംബു: ശനിയാഴ്ച വരെ സൗദിയുടെ ചില ഭാഗങ്ങളിൽ ചൂട് കൂടുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തെ ശരിപ്പെടുത്തുന്ന രീതിയിൽ രാജ്യത്തിന്റെ ചില മേഖലകളിൽ കടുത്തചൂട് തുടരുകയാണ്. രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യകളിലും റിയാദ്, മക്ക, മദീന തുടങ്ങിയ പ്രദേശങ്ങളിലും കടുത്ത ചൂട് ശനിയാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം ബുധനാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. റിയാദിന്റെ കിഴക്കൻ പ്രദേശങ്ങൾ, അൽ-ഖസീം, മക്ക, മദീന എന്നിവടങ്ങളിൽ ചൂട് കൂടിയ കാലാവസ്ഥയായിരിക്കുമെന്നും മറ്റിടങ്ങളിൽ നേരിയ ചൂടുള്ള കാലാവസ്ഥയായിരിക്കുമെന്നും കേന്ദ്രം അറിയിച്ചു. ചെങ്കടലിന്റെ തെക്ക് ഭാഗത്ത് മൂടൽ മഞ്ഞ് രൂപപ്പെട്ടേക്കും.
ദമ്മാമിൽ 48 ഡിഗ്രി സെൽഷ്യസ്, അൽ-അഹ്‌സ, ഹാഫ്ർ അൽ-ബാത്വിൻ എന്നിവിടങ്ങളിൽ 49 ഡിഗ്രി, റിയാദിൽ 46 ഡിഗ്രി, മക്ക, മദീന, ബുറൈദ എന്നിവടങ്ങളിൽ 45 ഡിഗ്രി, ജിദ്ദ 37 ഡിഗ്രി എന്നിങ്ങനെയാണ് വരുംദിനങ്ങളിൽ പ്രതീക്ഷിക്കുന്ന താപനില എന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചൂട് കൂടുന്ന കാലാവസ്ഥയിൽ സൂര്യാതപം ഏൽക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിർജ്ജലീകരണം വരാതിരിക്കാനും അതുവഴി ഉണ്ടായേക്കാവുന്ന രോഗങ്ങളിൽനിന്ന് ആരോഗ്യസുരക്ഷ ഒരുക്കാൻ ധാരാളം വെള്ളം കുടിക്കാനും ദ്രാവകരൂപത്തിലുള്ള പാനീയങ്ങൾ കൂടുതൽ ഉപയോഗിക്കാനും ശ്രദ്ധിക്കണമെന്നും ആരോഗ്യ മന്ത്രാലയം ഓർമപ്പെടുത്തി.
ജൂൺ 15 മുതൽ സെപ്തംബർ 15 വരെ ഉച്ചക്ക് 12 മുതൽ മൂന്നുവരെ പുറത്ത് ജോലി ചെയ്യിക്കുന്നതിന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നേരിട്ട് സൂര്യതാപം ഏൽക്കുന്നത് വഴിയുള്ള ക്ഷീണവും മറ്റ് അപകടങ്ങളും ഒഴിവാക്കനാണിത്. വിലക്കുള്ള സമയത്ത് തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന വ്യക്തികൾക്കും കമ്പനികൾക്കുമെതിരെ കർശനനടപടി ഉണ്ടാവുമെന്ന് അധികൃതർ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.