ചെങ്കടൽ സംരക്ഷണത്തിന് ദേശീയ പദ്ധതിയുമായി സൗദി അറേബ്യ
text_fieldsസൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ
റിയാദ്: ചെങ്കടലിന്റെ സംരക്ഷണത്തിനും സുസ്ഥിരതക്കുമായി സൗദി അറേബ്യ ദേശീയ പദ്ധതി ആരംഭിച്ചു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പദ്ധതി പ്രഖ്യാപനം നടത്തി. ചെങ്കടൽ ആവാസവ്യവസ്ഥയെ സംരക്ഷിക്കാനും അത് നിലനിർത്തുന്നതിന് സഹകരണം ശക്തിപ്പെടുത്താനും സമൂഹത്തെ ശാക്തീകരിക്കുകയും സാമ്പത്തിക വൈവിധ്യവത്കരണം കൈവരിക്കുകയും ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സുസ്ഥിരമായ നീല സമ്പദ്വ്യവസ്ഥയിലേക്കുള്ള പരിവർത്തനത്തെ പിന്തുണക്കാനും ലക്ഷ്യമിട്ടാണിത്.
സൗദി അറേബ്യ അതിെൻറ സാമ്പത്തികവും ഭൂമിശാസ്ത്രപരവും സാംസ്കാരികവുമായ സാധ്യതകളും സുസ്ഥിരത, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിലെ ശ്രമങ്ങൾ പുറത്തുവിടുന്നത് തുടരുകയാണെന്ന് കിരീടാവകാശി പറഞ്ഞു. ഈ പദ്ധതിയിലൂടെ സൗദി അറേബ്യ അതിന്റെ സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാന സ്തംഭമെന്ന നിലയിൽ നീല സമ്പദ്വ്യവസ്ഥയുടെ പദവി ശക്തിപ്പെടുത്തുന്നു. ചെങ്കടൽ പ്രദേശം നീല സമ്പദ്വ്യവസ്ഥയുടെ മികച്ച പ്രവർത്തനങ്ങളുടെ ഒരു റഫറൻസായി മാറാനും നീല സമ്പദ്വ്യവസ്ഥയിലെ ഗവേഷണം, വികസനം, നവീകരണം എന്നീ മേഖലകളിൽ സൗദി ഒരു ആഗോള നേതാവാകാനും ആഗ്രഹിക്കുന്നു.
ചെങ്കടലിന്റെ സുസ്ഥിരമായ ഭാവിയിലേക്കുള്ള പ്രതിബദ്ധത ഇതിലൂടെ സൗദി സ്ഥിരീകരിക്കുന്നു. ചെങ്കടലിലെ നമ്മുടെ തീരങ്ങളെയും പ്രകൃതിയെയും അതിനെ ആശ്രയിക്കുന്ന സമൂഹങ്ങളെയും സംരക്ഷിക്കാൻ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നുവെന്നും കിരീടാവകാശി പറഞ്ഞു.
ചെങ്കടൽ സൗദിയുടെ ഏറ്റവും വ്യതിരിക്തവും ജൈവശാസ്ത്രപരമായി വൈവിധ്യപൂർണവുമായ പ്രദേശങ്ങളിൽ ഒന്നാണ്. 1,86,000 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള പ്രകൃതിദത്ത പ്രദേശമാണ്. 1800 കിലോമീറ്റർ തീരപ്രദേശം, ലോകത്തിലെ നാലാമത്തെ വലിയ പവിഴപ്പുറ്റുകളുടെയും പവിഴപ്പുറ്റുകളുടെ 6.2 ശതമാനം നിലനിൽക്കുന്നതുമായ ഇടം, നൂറുകണക്കിന് ദ്വീപുകൾ അടങ്ങുന്ന ദ്വീപസമൂഹം എന്നിവ ഇതിന്റെ സവിഷേതകളിലുൾപ്പെടും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.