ബിജെപി വക്താവിന്റെ പ്രവാചക നിന്ദ: സൗദി അറേബ്യയും അപലപിച്ചു
text_fieldsജിദ്ദ: ബി.ജെ.പിയുടെ ദേശീയ വക്താവ് നുപുർ ശർമ നടത്തിയ പ്രവാചക നിന്ദ പ്രസ്താവനയെ സൗദി അറേബ്യയും അപലപിച്ചു. മുഹമ്മദ് നബിയെ അപമാനിക്കുന്ന ഇന്ത്യൻ ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) വക്താവിന്റെ പ്രസ്താവനകളെ സൗദി വിദേശകാര്യ മന്ത്രാലയം അപലപിക്കുന്നുവെന്നും വിശ്വാസങ്ങളോടും മതങ്ങളോടും ബഹുമാനം ആവശ്യപ്പെടുന്ന രാജ്യത്തിന്റെ നിലപാട് ആവർത്തിച്ച്, വക്താവിനെ സസ്പെൻഡ് ചെയ്ത ബി.ജെ.പിയുടെ നടപടിയെ സ്വാഗതം ചെയ്യുന്നതായും സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഗ്യാൻവാപി വിഷയത്തിൽ ടെലിവിഷൻ ചാനലിൽ നടന്ന ചർച്ചക്കിടെയാണ് ബി.ജെ.പി ദേശീയ വക്താവ് നുപുർ ശർമ വിവാദ പരാമർശം നടത്തിയത്. മസ്ജിദിൽ കണ്ടെത്തിയ ശിവലിംഗത്തെ നീരുറവയെന്ന് വിളിച്ച് ഹിന്ദു വിശ്വാസങ്ങളെ മുസ്ലിംകൾ പരിഹസിച്ചു. അതിനാൽ, മുസ്ലിം മതഗ്രന്ഥങ്ങളിൽ ചില കാര്യങ്ങൾ ഉണ്ടെന്നും ആളുകൾക്ക് അവയെ പരിഹസിക്കാമെന്നും നുപുർ ശർമ്മ പറഞ്ഞിരുന്നു. കൂടാതെ, ആക്ഷേപകരമായ ചില പരാമർശങ്ങളും നുപുർ ശർമ്മ നടത്തിയിരുന്നു.
പ്രസ്താവനക്കെതിരെ ഖത്തർ, ഒമാൻ, കുവൈത്ത്, ഇറാൻ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ പ്രതിഷേധവുമായി നേരത്തെ രംഗത്തെത്തിയിരുന്നു. ലോകരാജ്യങ്ങളിൽ നിന്നുണ്ടായ കനത്ത പ്രതിഷേധത്തെത്തുടർന്ന് പ്രസ്താവനയിൽ പങ്കില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുകയും പാർട്ടി നിലപാടിന് വിരുദ്ധമാണ് പരാമർശമെന്ന് വിശദീകരിച്ച ബി.ജെ.പി, നൂപുർ ശർമയെ സസ്‍പെൻഡ് ചെയ്തു. സമാനമായി ട്വീറ്റിലൂടെ പ്രവാചക നിന്ദ പ്രസ്താവന നടത്തിയ ബി.ജെ.പി ഡൽഹി മീഡിയ ഇൻചാർജ് നവീൻകുമാർ ജിൻഡാലിനെ പുറത്താക്കുകയും എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്നും മതനിന്ദ പ്രോത്സാഹിപ്പിക്കില്ലെന്നും ബി.ജെ.പി ജനറൽ സെക്രട്ടറി അരുൺസിങ് വ്യക്തമാക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.