പുതിയ യു.എ.ഇ പ്രസിഡന്‍റിന് സൗദിയുടെ അഭിനന്ദനം; സൽമാൻ രാജാവും കിരീടാവകാശിയും അനുമോദിച്ചു
text_fieldsജിദ്ദ: യു.എ.ഇ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും അഭിനന്ദിച്ചു.
സഹോദര രാജ്യമായ യു.എ.ഇയുടെ പ്രസിഡന്‍റായി ഫെഡറൽ സുപ്രീം കൗൺസിൽ ശൈഖ് മുഹമ്മദ് ബിൻ സായിദിനെ തെരഞ്ഞെടുത്തതിൽ തങ്ങൾ അതീവ സന്തുഷ്ടരാണ്. ആത്മാർഥമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. പിതാവ് സായിദ് ആൽ നഹ്യാന്‍റെയും സഹോദരൻ ശൈഖ് ഖലീഫ ബിൻ സായിദിന്‍റെയും നന്മയുടെയും വികസനത്തിന്‍റെയും പാത പിന്തുടരാനും യു.എ.ഇയെയും അവിടെയുള്ള ജനങ്ങളെയും സേവിക്കാനും നയിക്കാനും സാധ്യമാകട്ടെയെന്ന് പ്രാർഥിക്കുന്നുവെന്നും സൽമാൻ രാജാവ് പറഞ്ഞു.
സൗദിയും യു.എ.ഇയും തമ്മിലുള്ള സാഹോദര്യപരവും സൗഹൃദപരവുമായ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും ഗൾഫ് അറബ് സഹകരണ കൗൺസിൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയട്ടെയെന്നും രാജാവ് ആശംസിച്ചു. ശൈഖ് മുഹമ്മദ് ബിൻ സായിദിന് നല്ല ആരോഗ്യവും ക്ഷേമവും നേരുന്നു. യു.എ.ഇക്ക് കൂടുതൽ സുരക്ഷിതത്വവും സമൃദ്ധിയും സ്ഥിരതയുമുണ്ടാകട്ടെയെന്ന് പ്രാർഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നുവെന്നും സൽമാൻ രാജാവ് പറഞ്ഞു.
കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ അഭിനന്ദിച്ച് സന്ദേശമയച്ചു. യു.എ.ഇ പ്രസിഡന്‍റായി ഫെഡറൽ സുപ്രീം കൗൺസിൽ താങ്കളെ തെരഞ്ഞെടുത്തതിൽ സന്തോഷിക്കുന്നു. ഊഷ്മളമായ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഒപ്പം നല്ല ആരോഗ്യത്തിനും സന്തോഷത്തിനും വേണ്ടി ആശംസിക്കുന്നു. യു.എ.ഇയെയും ജനങ്ങളെയും സേവിക്കാനും മുന്നോട്ട് നയിക്കാനും താങ്കൾക്ക് കഴിയട്ടെയെന്ന് പ്രാർഥിക്കുന്നു.
വികസന പ്രക്രിയ തുടരുന്നതിനും യു.എ.ഇക്ക് കൂടുതൽ സുരക്ഷ, സമൃദ്ധി, സ്ഥിരത എന്നിവയുണ്ടാകാനും ആശംസിക്കുന്നുവെന്നും കിരീടാവകാശി അനുമോദന സന്ദേശത്തിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.