രാജ്യാന്തര വിനോദസഞ്ചാര വളർച്ചയിൽ സൗദി മുന്നേറ്റം തുടരുന്നു
text_fieldsറിയാദ്: രാജ്യാന്തര വിനോദസഞ്ചാര വളർച്ചയിൽ സൗദി അറേബ്യയുടെ കുതിപ്പ് തുടരുന്നു. അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണത്തിലും ടൂറിസം വരുമാനത്തിന്റെ വളർച്ചയിലും ജി20 രാജ്യങ്ങളുടെ പട്ടികയിൽ സൗദി മുന്നിലാണ്. ഈ വർഷത്തെ ആദ്യ ഏഴ് മാസത്തെ കണക്കുകൾ പ്രകാരം രാജ്യാന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ സൗദി 73 ശതമാനം വർധന കൈവരിച്ചു. സെപ്റ്റംബറിൽ യു.എൻ ടൂറിസം സംഘടന പുറത്തിറക്കിയ ബാരോമീറ്റർ റിപ്പോർട്ട് അനുസരിച്ച് സൗദിയിലേക്കുള്ള അന്താരാഷ്ട്ര ടൂറിസം വരുമാനം 207 ശതമാനമാണ് വർധിച്ചത്.
സൗദിയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഈ വർഷം എത്തിയ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണം 73 ശതമാനം വർധിച്ചു. ഈ വർഷത്തെ ആദ്യ ഏഴ് മാസങ്ങളിൽ വിദേശത്ത് നിന്ന് സൗദിയിൽ ഏകദേശം 1.75 കോടി വിനോദ സഞ്ചാരികളെത്തിയെന്നാണ് കണക്ക്.
2019നെ അപേക്ഷിച്ച് 2023ൽ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ സൗദി 56 ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ട്. എണ്ണം 2.74 കോടിയായി ഉയർന്നു. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾക്കായുള്ള 2023ലെ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണത്തിന്റെ വളർച്ചാനിരക്ക് സൂചികയിൽ ഐക്യരാഷ്ട്രസഭയുടെ ടൂറിസം പട്ടികയിൽ സൗദി അറേബ്യ ഒന്നാമതെത്തി. 2023ൽ 38 ശതമാനം വാർഷിക വർധനയോടെ 48 ശതകോടി റിയാലിന്റെ മിച്ചം രേഖപ്പെടുത്തി.
ഈ സെപ്റ്റംബറിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ ‘സൗദി വിഷൻ 2030’ന്റെ ചട്ടക്കൂടിനുള്ളിൽ ടൂറിസം മേഖല സൗദിയിൽ കൈവരിച്ച മഹത്തായതും അത്ഭൂതപൂർവവുമായ നേട്ടങ്ങളെയും കുതിപ്പിനെയും അന്താരാഷ്ട്ര നാണയ നിധി പ്രശംസിച്ചിരുന്നു. സൗദി ടൂറിസം ഏറ്റവും പ്രധാനപ്പെട്ട മേഖലയായി ഉയർന്ന് സേവനമേഖലയിലെ സാമ്പത്തിക അടിത്തറ വൈവിധ്യവത്കരിക്കാൻ നടത്തുന്ന ശ്രമങ്ങളെ റിപ്പോർട്ട് പ്രത്യേകം അഭിനന്ദിച്ചിരുന്നു.
സന്ദർശകരുടെ എണ്ണം, ചെലവ്, തൊഴിൽ സൃഷ്ടിക്കൽ, മൊത്ത ആഭ്യന്തര ഉൽപാദനത്തിലേക്കുള്ള സംഭാവന എന്നിവയിൽ ടൂറിസം മേഖല ഏറ്റവും ഉയർന്ന നില രേഖപ്പെടുത്തിയതായും അന്താരാഷ്ട്ര നാണയ നിധിയുടെ റിപ്പോർട്ടിലുണ്ട്. ഈ നേട്ടങ്ങൾ ഒരു പ്രമുഖ ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ സൗദിയുടെ സ്ഥാനം വർധിപ്പിക്കുന്നു. വിനോദസഞ്ചാരികളുടെ എണ്ണത്തിലെ തുടർച്ചയായ വളർച്ച സൗദിയിലെ ആകർഷകമായ ടൂറിസം ഓപ്ഷനുകളിലും അവരുടെ വൈവിധ്യത്തിലുമുള്ള വിനോദസഞ്ചാരികളുടെ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.