അഞ്ച് തീർഥാടകരെ വരെ വിദേശത്ത് നിന്ന് കൊണ്ടുവരാവുന്ന 'ഹോസ്റ്റ് ഉംറ' പദ്ധതി നിർത്തലാക്കി
text_fieldsബുറൈദ: സ്വദേശി പൗരന്മാർക്കും പ്രവാസികൾക്കും മൂന്ന് മുതൽ അഞ്ച് വരെ വിദേശ തീർഥാടകരെ ഉംറ നിർവഹിക്കാനായി രാജ്യത്തേക്ക് കൊണ്ടുവരാനും ആതിഥ്യമരുളാനും കഴിയുന്ന 'ഹോസ്റ്റ് ഉംറ' പദ്ധതി സൗദി അറേബ്യ റദ്ദാക്കിയതായി ഒദ്യോഗിക സ്ഥിരീകരണം. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ പ്രാദേശിക മാധ്യമ പ്രതിനിധിയോട് ഹജ്ജ്, ഉംറ മന്ത്രാലയ വക്താവ് ഹിഷാം ബിൻ സഈദാണ് മൂന്ന് വർഷം മുമ്പ് നടപ്പാക്കി തുടങ്ങിയ പദ്ധതി നിർത്തലാക്കിയ വിവരം അറിയിച്ചത്.
'ഹോസ്റ്റ് ഉംറ' പദ്ധതിപ്രകാരം സ്വദേശി, വിദേശി വ്യത്യാസമന്യേ രാജ്യത്ത് തങ്ങുന്ന ഒരാൾക്ക് അന്യരാജ്യത്തുനിന്നുള്ള ഇസ്‌ലാംമത വിശ്വാസികളായ അഞ്ച് വ്യക്തികളെ വരെ കൊണ്ടുവന്ന് ഉംറ നിർവഹിക്കാനും സേവനങ്ങൾ നൽകാനും കഴിയുമായിരുന്നു.
അതേസമയം പ്രവാസികൾക്ക് അവരുടെ ഉറ്റ ബന്ധുക്കളെ കൊണ്ടുവന്ന് ഉംറ ചെയ്യിക്കുന്നതിനും ആതിഥേയത്വം വഹിക്കുന്നതിനും തടസ്സമില്ല. വിദേശികൾക്ക് സാധാരണ നടപടിക്രമം അനുസരിച്ച് ലഭിക്കുന്ന സന്ദർശക വിസ ഇതിനായി പ്രയോജനപ്പെടുത്താം.
നിലവിൽ ഹൗസ് ഡ്രൈവർ ഉൾപ്പെടെ എല്ലാ ഗണത്തിലുംപെട്ട വിദേശ ജോലിക്കാർക്ക് കുടുംബത്തിനുള്ള സന്ദർശക വിസ ലഭിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.