സൗദിയിൽ വാറ്റ് പിഴ ഒഴിവാക്കല്‍ നടപടി ഡിസംബര്‍ 31 വരെ നീട്ടി
text_fieldsറിയാദ്: സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് മൂല്യവർധിത നികുതി (വാറ്റ്) ഇനത്തിൽ ചുമത്തിയ പിഴകള്‍ ഒഴിവാക്കുന്നതിന് അനുവദിച്ച ഇളവുകാലാവധി വീണ്ടും ദീർഘിപ്പിച്ചു. സകാത് ആൻഡ് ടാക്സ് അതോറിറ്റി അനുവദിച്ച കാലാവധിയാണ് നീട്ടിയത്. മേയ് 31ന് അവസാനിച്ച കാലാവധിയാണ് ഏഴു മാസത്തേക്കുകൂടി നീട്ടി ഡിസംബര്‍ 31 വരെയാക്കി പുതുക്കിയത്. അനുവദിച്ച സാവകാശം പരമാവധി എല്ലാ നികുതിദായകരും പ്രയോജനപ്പെടുത്താന്‍ അതോറിറ്റി ആവശ്യപ്പെട്ടു.
കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കുന്നതിനും സ്ഥാപനങ്ങൾക്കുണ്ടായ സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇളവ് പ്രഖ്യാപിച്ചിരുന്നത്. 2021 ജൂണിലാണ് പദ്ധതി പ്രഖ്യാപിച്ചത്. വാറ്റ് രജിസ്ട്രേഷന് വൈകല്‍, നികുതി പണമടക്കാന്‍ വൈകല്‍, വാറ്റ് റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള കാലതാമസം, വാറ്റ് റിട്ടേണ്‍ തിരുത്തല്‍, ഡിജിറ്റല്‍ ഇൻവോയിസിങ്ങുമായി ബന്ധപ്പെട്ട് സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ നിയമലംഘനം എന്നിവക്ക് ചുമത്തിയ പിഴകളാണ് ഒഴിവാക്കുന്നത്.
എന്നാല്‍, നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട പിഴകള്‍ ആനുകൂല്യത്തില്‍ ഉള്‍പ്പെടില്ല. ഇളവുകാലം നീട്ടി നൽകിയെങ്കിലും പരിശോധനകള്‍ തുടരുമെന്നും അതോറിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.