സാംസ്കാരിക-പൈതൃക ടൂറിസം രംഗത്ത് കുതിച്ച് സൗദി അറേബ്യ
text_fieldsയാംബു: സാംസ്കാരിക-പൈതൃക ടൂറിസം രംഗത്ത് സൗദി ലോകത്തിന് പുതിയ മാതൃക സൃഷ്ടിക്കുന്നു. ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള വിനോദ സഞ്ചാരപ്രിയർക്ക് രാജ്യത്തിന്റെ സാംസ്കാരിക പൈതൃക മേഖലകൾ സന്ദർശിക്കാൻ വിസാ നടപടികൾ ലളിതമാക്കിയിരിക്കുകയാണ്. സാമ്പത്തിക, വികസന രംഗങ്ങളിലെ വൻ മുന്നേറ്റത്തിനൊപ്പം വിനോദസഞ്ചാര രംഗത്തും വലിയ കുതിച്ചുചാട്ടത്തിനാണ് സാദി ഒരുക്കം നടത്തുന്നത്.
വിനോദ സഞ്ചാരികൾക്ക് സൗദി സന്ദർശിക്കാനുള്ള വാതിലുകൾ തുറന്നിട്ടു കഴിഞ്ഞു. ഒരു പതിറ്റാണ്ട് മുമ്പ് പോലും സൗദിയുടെ ചരിത്ര സ്ഥലങ്ങളും സംസ്കാരവും അനുഭവിച്ചറിയാനുള്ള ഒരു യാത്ര മിക്കവർക്കും ചിന്തിക്കാൻ പോലും പറ്റാത്തതായിരുന്നു. എന്നാൽ അടുത്തകാലത്തായി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ വികസനോന്മുഖ പദ്ധതി ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളുടെ ഭാഗമായി ലോകത്തിന് സൗദിയിലേക്ക് എത്താനുള്ള നടപടി ലളിതവത്കരിച്ചിരിക്കുകയാണ്.
2019ൽ ഇ-വിസ പ്രോഗ്രാം ആരംഭിച്ചതുമുതൽ ഗൾഫ് രാജ്യത്തേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വമ്പിച്ച മാറ്റമുണ്ടായി. 2022 ൽ 9.4 കോടി ആളുകൾ രാജ്യം സന്ദർശിച്ചതായാണ് കണക്ക്. 2021 നെ അപേക്ഷിച്ച് 93 ശതമാനം വർധനയാണിത്. ടൂറിസ്റ്റ് വിസ നടപടികൾ ലളിതമാക്കിയ തുടക്കത്തിൽ ‘ഇ-വിസ പൂളി’ൽ 49 രാജ്യങ്ങളാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ ആ പട്ടിക 57 രാജ്യങ്ങളുടേതായി ഉയർന്നു. ഒപ്പം രണ്ട് പ്രത്യേക ഭരണപ്രദേശങ്ങളും ഉൾപ്പെട്ടു. അൽബേനിയ, കിർഗിസ്താൻ, മാലദ്വീപ്, ദക്ഷിണാഫ്രിക്ക, ഉസ്ബകിസ്താൻ എന്നിവയാണ് ഇ-വിസ പൂളിലെ പുതിയ രാജ്യങ്ങൾ.
സൗദി ജി.ഡി.പിയുടെ 4.5 ശതമാനം സംഭാവന ചെയ്യുന്നത് ട്രാവൽ ആൻഡ് ടൂറിസ രംഗമാണ്. ഇത് 2019 ൽ മൂന്ന് ശതമാനമായിരുന്നു. ആ വർഷം മുതലാണ് സൗദിയെ ലോക വിനോദസഞ്ചാര ഭൂപടത്തിൽ അടയാളപ്പെടുത്താനുള്ള ഔദ്യോഗിക നീക്കം ശക്തമാക്കുന്നത്. തുടർന്ന് വിസ നടപടികൾ ലളിതമാക്കുന്ന പ്രഖ്യാപനങ്ങൾ ഉണ്ടാവുകയും ചെയ്തു. ഇത് ടൂറിസ്റ്റുകൾ ലക്ഷ്യമായി കാണേണ്ട വിനോദസഞ്ചാര കേന്ദ്രമായി മാറുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായിരുന്നെന്നും ഈ മാറ്റങ്ങൾ വിനോദസഞ്ചാരികൾ പ്രയോജനപ്പെടുത്തുന്നുണ്ടെന്നും സൗദി ടൂറിസം അതോറിറ്റി വക്താവ് അബ്ദുല്ല അൽ ദഖീൽ പറഞ്ഞു.
രാജ്യം ഇപ്പോൾ മറ്റൊരു ചുവടുവെപ്പ് നടത്തുകയും അതിന്റെ ടൂറിസം അനുഭവം പുനരാവിഷ്കരിക്കുകയും ചെയ്യുന്നു. അൽബേനിയ, അസർബൈജാൻ, ജോർജിയ, കിർഗിസ്താൻ, മാലദ്വീപ്, ദക്ഷിണാഫ്രിക്ക, തജിക്കിസ്താൻ, ഉസ്ബകിസ്താൻ എന്നീ എട്ട് രാജ്യങ്ങളിൽനിന്നുള്ള വിനോദ, ബിസിനസ്, ഉംറ യാത്രികർക്കായി ഈ മാസം മുതൽ ഓൺ അറൈവൽ ടൂറിസ്റ്റ് വിസ അനുവദിച്ചു തുടങ്ങിയിരിക്കുകയാണ്.
ഏതു തരം വിസയിലെത്തുന്ന മുസ്ലിം സന്ദർശകർക്കും ഇനി ഉംറ നിർവഹിക്കാനും കഴിയുമെന്നതാണ് സവിശേഷത. സൗദി സന്ദർശിക്കുന്നത് വിനോദസഞ്ചാരത്തിനായാലും ബിസിനസ് ആവശ്യത്തിനാണെങ്കിലും മുസ്ലിം യാത്രികർക്ക് അവരുടെ യാത്രാവേളയിൽ നിയമാനുസൃതം ഉംറ നിർവഹിക്കാൻ കഴിയും.
സൗദി ടൂറിസം അതോറിറ്റിയുടെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള വ്യവസായ മേഖലയിലെ ഏറ്റവും വലിയ നിക്ഷേപക രാജ്യങ്ങളിലൊന്ന് സൗദി അറേബ്യയാണ്. 2030 ഓടെ ഈ രംഗത്ത് 80,000 കോടി ഡോളറിന്റെ നിക്ഷേപമാണുണ്ടാവുക. ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനത്തിനായി 55,000 കോടി ഡോളർ നീക്കിവെച്ചിട്ടുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സൗദിയിലെ ഹോട്ടൽ മുറികളുടെ എണ്ണം ഇരട്ടിയായി വർധിക്കും.
അതായത് ഏകദേശം രണ്ട് ലക്ഷമാകും. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2030 ഓടെ 1,000 കോടി സന്ദർശനങ്ങൾ എന്ന ലക്ഷ്യം കൈവരിക്കാനുള്ള പാതയിലാണ്. ജി.ഡി.പിക്ക് വിനോദസഞ്ചാര മേഖല നൽകുന്ന സംഭാവന 10 ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.