പൗരാണിക അറേബ്യ പുനർജനിച്ചു; സൗദി സ്ഥാപകദിനാഘോഷം പ്രൗഢമായി
text_fieldsറിയാദ്: സൗദി അറേബ്യയുടെ പൈതൃകവും പാരമ്പര്യവും വിളിച്ചോതി രാജ്യത്തിന്‍റെ നാനാ ഭാഗങ്ങളിലും സ്ഥാപക ദിനം ആഘോഷിച്ചു. തീർത്തും വ്യത്യസ്‍തമായ ആഘോഷം പുരാതന അറേബ്യയെ പുതുതലമുറക്ക് പരിചയപ്പെടുത്തും വിധമാണ് ചിട്ടപ്പെടുത്തിയിരുന്നത്.
സൗദി നഗരങ്ങളിലും ഗ്രാമങ്ങളിലും പ്രത്യേകം പരിപാടികൾ അരങ്ങേറി. സൗദി പരമ്പരാഗത വേഷം ധരിച്ചാണ് കുട്ടികളും മുതിർന്നവരും ആഘോഷ നഗരികളിൽ എത്തിയത്. നാടൻ പാട്ടുകൾ പാടിയും കവിയരങ്ങുകൾ തീർത്തും ചരിത്രം പറഞ്ഞും പ്രദർശിപ്പിച്ചും പൂർവസ്മരണയിൽ ആബാലവൃദ്ധം അറേബ്യയെ പുനരാവിഷ്കരിച്ചു.
ഈ വർഷത്തെ ആഘോഷത്തിൽ ലോകപ്രശസ്ത ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പങ്കാളിത്വം ശ്രദ്ധേയമായി. അറബി പാരമ്പര്യ വസ്ത്രം ധരിച്ച് താരം ആഘോഷത്തിൽ പങ്കെടുത്തുകൊണ്ടിരിക്കെ അൽ നസ്ർ ക്ലബിന്‍റെ ഔദ്യോഗിക ട്വിറ്റർ പേജിൽ വന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും വൻ പ്രചാരമാണ് ലഭിച്ചത്. അറേബ്യൻ തോബണിഞ്ഞും സൗദി പതാക പുതച്ചും വാളേന്തി സ്വദേശികൾക്കൊപ്പം ‘അർദ’ എന്ന പാരമ്പര്യ നൃത്ത ചുവട് വെക്കുന്നതും ഗഹ്‌വ നുകരുന്നതുമായ വീഡിയോ ദൃശ്യങ്ങളാണ് താരം ട്വിറ്ററിൽ പങ്കുവെച്ചത്. ‘സൗദി തലസ്ഥാനത്ത് നടന്ന സ്ഥാപകദിന ആഘോഷ പരിപാടികളിൽ പങ്കെടുത്തത് പ്രത്യേക അനുഭവമായിരുന്നു’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്.
സ്വദേശികളോടൊപ്പം വിദേശികളും ആഘോഷ പരിപാടികളിൽ സജീവ പങ്കാളിത്തം വഹിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിവിധ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലും രാജ്യത്തിന്‍റെ പൈതൃകം വിളംബരം ചെയ്യുന്ന കലാപ്രകടനങ്ങളും സൃഷ്‌ടികളും ചുവരെഴുത്തും ഒരുക്കി ആഘോഷം പ്രൗഢമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.