2024 ന് സ്വാഗതം; തിളക്കമാർന്ന റെക്കോഡുകളും അഭൂതപൂർവമായ നേട്ടങ്ങളും കൈവരിക്കാനായതിന്റെ അഭിമാന നിറവിൽ സൗദി അറേബ്യ
text_fieldsറിയാദ്: പുതുവർഷത്തെ വരവേൽക്കുേമ്പാൾ തിളക്കമാർന്ന റെക്കോഡുകളും അഭൂതപൂർവമായ നേട്ടങ്ങളും കൈവരിക്കാനായതിെൻറ അഭിമാന നിറവിലാണ് സൗദി അറേബ്യ. വിഷൻ 2030ന് അനുസൃതമായി വികസനത്തിെൻറയും നവീകരണത്തിെൻറയും പാതയിൽ പുതിയ ചുവടുവെപ്പുകളുമായി 2024 ലേക്ക് മുന്നേറാനുള്ള ഒരുക്കത്തിലാണ്. വിവിധ മേഖലകളിൽ മുെമ്പാന്നുമില്ലാത്ത നേട്ടവും പുരോഗതിയുമാണ് സൗദി കൈവരിച്ചത്.
സൽമാൻ രാജാവിെൻറയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ നിർലോഭ പിന്തുണയോടെയും അർപ്പണബോധവും വിവിധ വകുപ്പുകൾ നടത്തിയ പ്രയത്ങ്ങളുമാണ് ഇതെല്ലാം നേടിയത്. രാജ്യത്തിന്റെ വളർച്ചക്കും പൗരന്മാർക്ക് മികച്ച ജീവിത മാർഗം കൈവരിക്കുന്നതിനും ‘വിഷൻ 2030’ അഭിലാഷങ്ങൾക്കും പരിപാടികൾക്കും അനുസൃതമായി സൗദിയിലെ വികസന നവോത്ഥാനം തുടരുകയാണ്.
അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും പ്രാദേശിക സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനും പുതിയ വികസനപദ്ധതികളും പ്രഖ്യാപനങ്ങളും വന്നുകൊണ്ടിരിക്കുന്നു. മുൻ വർഷങ്ങളെ പോലെ 2023ൽ രാജ്യം നേടിയ നേട്ടങ്ങളും വിജയങ്ങളും നിരവധിയാണ്. 2023ൽ 60 ലധികം സുപ്രധാന പ്രഖ്യാപനങ്ങൾക്കും പരിപാടികൾക്കും സൗദി സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ഉച്ചകോടികൾക്ക് ആതിഥ്യം
ആഗോള ശ്രദ്ധനേടിയ പല ഉച്ചകോടികൾക്കും 2023 ൽ സൗദി ആതിഥ്യമരുളി. സൗദി-അറബ്-ചൈനീസ് ഉച്ചകോടി, ജി.സി.സി രാജ്യങ്ങളുടെ ജിദ്ദ ഉച്ചകോടി, മധ്യേഷ്യൻ രാജ്യങ്ങളുടെ ഉച്ചകോടി, ആദ്യത്തെ സൗദി-ആഫ്രിക്കൻ ഉച്ചകോടി, സാധാരണ സംയുക്ത അറബ്-ഇസ്ലാമിക ഉച്ചകോടി എന്നിവ ഇതിൽപെടും. ആഗോള, ജി.സി.സി ഉച്ചകോടികൾ നടത്തിയതിലൂടെ രാജ്യം അതിന്റെ ദേശീയവും അന്തർദേശീയവുമായ സ്ഥാനം ഉറപ്പിച്ചു. സഹോദര-സൗഹൃദ രാജ്യങ്ങളിലേക്കുള്ള കിരീടാവകാശി സന്ദർശനങ്ങളും അന്താരാഷ്ട്ര സമ്മേളനങ്ങളിലെ അദ്ദേഹത്തിന്റെ പങ്കാളിത്തവും ആഴത്തിൽ ഉറപ്പിക്കുന്നതായിരുന്നു പോയവർഷം.
ജി.സി.സി കൗൺസിലിന്റെ പങ്ക് പ്രാദേശികമായും ആഗോളതലത്തിലും സജീവമാക്കുന്നതിൽ സൗദി വിജയിച്ചു. പ്രതിസന്ധികളും വെല്ലുവിളികളും ഉണ്ടായപ്പോൾ അറബ് അണികളുടെ ഐക്യത്തിനും ഐക്യദാർഢ്യത്തിനും പിന്തുണ നൽകി അതിന്റെ മുൻനിരയിൽ നിലയുറപ്പിച്ചു. ഇസ്ലാമിനെ സേവിക്കുന്നതിലും മുസ്ലിം പ്രശ്നങ്ങൾ സംരക്ഷിക്കുന്നതിലും സുപ്രധാനവും അടിസ്ഥാനപരവുമായ പങ്കു വഹിച്ചു. ലോകരാജ്യങ്ങൾക്ക് സഹായം നൽകുന്നതിൽ ഒന്നാമതെത്തി.
കഴിഞ്ഞ ദശകങ്ങളിൽ സൗദിയുടെ മൊത്തം സഹായം 123.22 ശതകോടി യു.എസ് ഡോളറിലെത്തിയെന്നാണ് കണക്ക്. തീവ്രവാദത്തിനെതിരായ ശക്തമായ നിലപാട് രാജ്യം തുടർന്നു. സൈന്യവും അർധസൈന്യവും തമ്മിൽ സംഘർഷം രൂക്ഷമായ സുഡാനിൽ കുടുങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരക്കണക്കിനാളുകളെ സൗദിയുടെ കപ്പൽ, വിമാന സൗകര്യങ്ങൾ വഴി രക്ഷപ്പെടുത്തി അവരെ സ്വദേശങ്ങളിലേക്ക് എത്തിക്കാനായതും 2023 ലെ ശ്രദ്ദേയ പ്രവർത്തനമാണ്. സൗദി അറേബ്യയുടെ ഈ ശ്രമങ്ങളെ പല രാജ്യങ്ങളും പ്രശംസിക്കുകയുണ്ടായി. സുഡാൻ, റഷ്യ-യുക്രെയ്ൻ തർക്കങ്ങൾ പരിഹരിക്കുന്നതിന് ആത്മാർഥവും സത്യസന്ധവുമായ ഒരു മധ്യസ്ഥ പങ്ക് വഹിക്കുന്നതിനും 2023 സാക്ഷിയായി.
ഇറാനുമായി സൗഹൃദം
നീണ്ടകാലത്തിനു ശേഷം ഇറാനുമായി നയതന്ത്രബന്ധവും സൗഹൃദവും പുനഃസ്ഥാപിച്ചത് 2023 ലെ നയതന്ത്ര രംഗത്തെ പ്രധാന സംഭവമാണ്. ചൈനീസ് മധ്യസ്ഥതയിലാണ് ഇതിന് അരങ്ങൊരുങ്ങിയത്. ഗസ്സയിലെ ഇസ്രായേൽ യുദ്ധം തടയാനുള്ള അറബ്-ഇസ്ലാമിക് സംഘത്തിന്റെ ശ്രമങ്ങൾക്ക് നേതൃത്വം നൽകി. ആഗോള രംഗത്തെ സൗദി അറേബ്യയുടെ വളർച്ചയെയും സ്ഥാനത്തെയും അഭിനന്ദിച്ച് ‘ബ്രിക്സ്’ ഗ്രൂപ് തങ്ങളുടെ കൂട്ടായ്മയിൽ ചേരാൻ ക്ഷണം അയച്ചു. എല്ലാ വർഷവും മാർച്ച് 11 ദേശീയപതാക ദിനമായി ആചരിക്കാൻ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചു.
2023ൽ സാമ്പത്തികമായി ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമായി സൗദി തരം തിരിക്കപ്പെട്ടു. ജി20 കൂട്ടായ്മയിലെ വികസിത രാജ്യങ്ങളുടെ മുന്നിലെത്താൻ സൗദിഅറേബ്യക്കായി. വിവിധ പദ്ധതികളിലൂടെയും പരിഷ്കാരങ്ങളിലൂടെയും രാജ്യത്തെ സാമ്പത്തിക വിപണി മെച്ചപ്പെടുത്തി. ‘വേൾഡ് എക്സ്പോ 2030’ ആതിഥേയത്വം വഹിക്കാനുള്ള അവസരം നേടിയെടുക്കുന്നതിലുണ്ടായ വിജയമാണ് 2023ലെ ഏറ്റവും ശ്രദ്ധേയമായ മറ്റൊരു സംഭവം.
പ്രമുഖ നിക്ഷേപ, ആഗോള ലോജിസ്റ്റിക് കേന്ദ്രമായി രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനായി ലോജിസ്റ്റിക് സെൻററുകൾക്കായുള്ള പൊതുപദ്ധതി ആരംഭിച്ചു. മുറബഅ് അൽജദീദ് പദ്ധതി, ഖിമമ് അൽസൗദ പദ്ധതി കൂടാതെ റിയാദ്, ജിസാൻ, ജിദ്ദ കിങ് അബ്ദുല്ല സിറ്റി, റഅ്സ് ഖൈർ എന്നിവിടങ്ങളിൽ നാല് പ്രത്യേക സാമ്പത്തിക മേഖലകൾ ആരംഭിക്കൽ എന്നിവക്കും 2023ൽ തുടക്കം കുറിക്കാനായി. ഇത് ആഗോള നിക്ഷേപ കേന്ദ്രമെന്ന നിലയിൽ സൗദിഅറേബ്യയുടെ സ്ഥാനം ശക്തിപ്പെടുത്തി.
കായികരംഗത്തെ നേട്ടങ്ങൾ
കായികരംഗത്ത് അഭൂതപൂർവമായ നേട്ടങ്ങളാണ് 2023ൽ സൗദി അറേബ്യക്കുണ്ടായത്. രാജ്യത്തെ സ്പോർട്സ് മേഖലയിൽ പ്രത്യേകിച്ച് സ്പോർട്സ് ക്ലബുകളുടെ കാര്യത്തിൽ വലിയ നിക്ഷേപവും സ്വകാര്യവത്കരണപദ്ധതിയും ആരംഭിച്ചു. ലോകോത്തര ഫുട്ബാൾ താരങ്ങളെ സൗദി ക്ലബുകളിലേക്ക് എത്തിക്കുന്നതിനും 2023ൽ തുടക്കംകുറിച്ചു.
ഇതിലൂടെ രാജ്യം ശ്രദ്ധിക്കപ്പെടുന്ന ഒരു ആഗോള കായിക കേന്ദ്രമായി മാറി. 2034 ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ സൗദി തിരഞ്ഞെടുക്കപ്പെട്ടതും സുപ്രധാന സംഭവമാണ്. ഫിഫ ക്ലബ് ലോകകപ്പിന് ജിദ്ദയിൽ ആതിഥേയത്വം വഹിക്കാനും കഴിഞ്ഞ വർഷമായി. അതൊരു ചരിത്രസംഭവമായി. 2027ലെ ഏഷ്യൻ കപ്പും 2025ലെ പുരുഷന്മാർക്കുള്ള ഏഷ്യൻ ബാസ്കറ്റ്ബാൾ കപ്പും നടത്താനുള്ള തീരുമാനങ്ങളുണ്ടായതും ഇതേ വർഷമാണ്. 2023 ലെ ഫോർമുല വൻ ലോക ചാമ്പ്യൻഷിപ്പിന്റെ റൗണ്ട് രണ്ടിനും ആതിഥേയത്വം വഹിച്ചു. വെഹിക്കിൾ സ്പോർട്സായ ദാകർ വേൾഡ് റാലിയുടെ നാലാംപതിപ്പിനും തുടക്കം കുറിച്ചു.
കുതിച്ചുയർന്ന് ടൂറിസം
ടൂറിസം മേഖലയിൽ 2023 ആദ്യ പാദത്തിൽ രാജ്യം 64 ശതമാനം വളർച്ച നിരക്കോടെ വലിയ കുതിച്ചുചാട്ടം കൈവരിച്ചു. വിനോദസഞ്ചാരികളുടെ എണ്ണത്തിൽ രാജ്യം ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തെത്തി. പ്രകൃതിയുടെ ആവാസവ്യവസ്ഥകളെ സംരക്ഷിക്കുന്നതിനും വിവിധ പരിപാടികൾ അരങ്ങേറി. യുനെസ്കോയുടെ ലോക പൈതൃകപട്ടികയിൽ ‘ഉറുഖ് ബാനീ മആരിദ്’ എന്ന പുരാവസ്തു സംരക്ഷിത പ്രദേശം രജിസ്റ്റർ ചെയ്യുന്നതിൽ വിജയിച്ചു.
റിയാദിൽ ലോകോത്തര നിലവാരത്തിൽ കിങ് സൽമാൻ അന്താരാഷ്ട്ര വിമാനപദ്ധതി പ്രഖ്യാപിച്ചു. പുതിയ വിമാന കമ്പനിയ ‘റിയാദ് എയറി’ന്റെ വിമാനങ്ങളെ ലോകസമക്ഷം അവതരിപ്പിച്ചു. തലസ്ഥാന നഗരിക്ക് മുകളിലൂടെ റിയാദ് എയർ വിമാനം പറന്ന ചരിത്ര നിമിഷത്തിനും 2023 സാക്ഷിയായി.
ബഹിരാകാശത്തും
ബഹിരാകാശ രംഗത്തും സൗദി അറേബ്യ കുതിച്ചുയർന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് രണ്ട് സ്വന്തം സഞ്ചാരികളെ അയച്ച് റോക്കട്രി സയൻസ് രംഗത്ത് വൻകുതിച്ചുയരലാണ് സൗദിഅറേബ്യ നടത്തിയത്. ഇതിലൂടെ ബഹിരാകാശ പര്യവേക്ഷണ രംഗത്ത് ആഗോള ശ്രദ്ധനേടി. തൊഴിൽ വിപണിയിലെ സൗദി വനിതകളുടെ പങ്കാളിത്ത നിരക്ക് വിഷൻ 2030നുള്ളിൽ ലക്ഷ്യമിട്ട 30 ശതമാനം കവിഞ്ഞു. കല, സിനിമ, സംഗീതം എന്നീ മേഖലകളിൽ വിവിധ പരിപാടികൾ അരങ്ങേറി. ഇതിൽ വമ്പിച്ച ആഗോള സാന്നിധ്യവും പങ്കാളിത്തവും രേഖപ്പെടുത്തി.
സംഗീത കലാ മേഖലകളിലെല്ലാം പുതിയ പ്രതിച്ഛായ അവതരിപ്പിച്ചു. ലോക സിനിമകളുടെ ചിത്രീകരണത്തിനും പ്രദർശനത്തിനും ആതിഥേയത്വം വഹിച്ചു. ഇന്ത്യൻ സിനിമക്ക് പോലും സൗദിഅറേബ്യ ലൊക്കേഷനായി. ഷാരൂഖ് ഖാന്റെ പുതിയ ബ്ലോക്ക് ബസ്റ്റർ സിനിമ ‘ഡൻകി’യുടെ പല ഭാഗങ്ങളും ചിത്രീകരിച്ചത് സൗദി വടക്കൻ മേഖലയിലെ ചരിത്ര പുരാതന കേന്ദ്രമായ അൽഉലയിലാണ്. അതുപോലെ നിരവധി ലോക സിനിമകൾക്ക് സൗദി ലൊക്കേഷനുകളായി.
സിനിമാരംഗത്ത് നിരവധി അവാർഡുകൾ നേടി. അൽഉല, റെഡ്സീ, നിയോം, ദറഇയ എന്നിവിടങ്ങളിൽ നിരവധി പദ്ധതികൾ ആരംഭിച്ചു. ചുരുക്കത്തിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സൂചിപ്പിച്ച പോലെ ‘2023’ സ്വപ്നങ്ങൾ കാണുകയും അവ യഥാർഥ്യമാക്കുകയും ചെയ്ത ഒരു വർഷമാണ് സൗദിയെ സംബന്ധിച്ചിടത്തോളം. അതോടൊപ്പം 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയഗാഥയായി സൗദിയുടെ മുന്നേറ്റം തുടരുകയുകയുമാണ്. ലോകം വലിയ അഭിമാനത്തോടെയും ആശ്ചര്യത്തോടെയും ഉറ്റുനോക്കുന്ന രാജ്യമായി സൗദി മാറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.