എണ്ണവില പിടിച്ചുനിർത്താൻ സൗദിക്ക് മുന്നിൽ നിരവധി മാർഗങ്ങൾ –ഊർജ മന്ത്രി
text_fieldsറിയാദ്: ആഗോളവിപണിയിൽ എണ്ണവില പിടിച്ചുനിർത്താൻ സൗദി അറേബ്യക്ക് മുന്നിൽ നിരവധി മാർഗങ്ങളുണ്ടെന്ന് ഉൗർജമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ. ഇന്ത്യയും ചൈനയുമടക്കമുള്ള ഉപഭോക്തൃരാജ്യങ്ങൾ ഇക്കാര്യത്തിൽ സഹായിക്കുന്നുണ്ട്. എണ്ണയുൽപാദനം നിയന്ത്രിക്കാനുള്ള നീക്കം വിജയിച്ചാലും ഇല്ലെങ്കിലും ഇതര വഴികൾ തേടും. രണ്ടാഴ്ചക്കുള്ളിൽ എണ്ണയുൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് യോഗം ചേരും.
റിയാദിൽ നടക്കുന്ന ജി20 ഉച്ചകോടി ഒരുക്കങ്ങൾക്കിടെ കിങ് അബ്ദുല്ല സെൻറർ പെട്രോളിയം സ്റ്റഡീസ് ആൻഡ് റിസർച്ച് സെൻററിൽ അന്താരാഷ്ട്ര മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. എണ്ണയുൽപാദനം വെട്ടിക്കുറക്കാനാണ് ഒപെകിലെ പ്രധാന രാജ്യങ്ങളുടെ തീരുമാനമെന്ന് മന്ത്രി പറഞ്ഞു.
എന്നാൽ ഈ തീരുമാനത്തോട് ഒപെക് ഇതര എണ്ണ ഉൽപാദക രാജ്യങ്ങൾ സഹകരിച്ചാലേ നിയന്ത്രണം വിജയിക്കൂ. പക്ഷേ, ഇക്കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിലാണ് എണ്ണവില പിടിച്ചുനിർത്താൻ ഇതര മാർഗങ്ങളുണ്ടെന്ന് ഊർജമന്ത്രി പറഞ്ഞത്. കോവിഡ് വാക്സിൻ കണ്ടെത്തിയാൽ എണ്ണവില കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽനിന്നും കരകയറാനാകും. പക്ഷേ, വാക്സിൻ കണ്ടെത്തിയാൽ മാത്രം പോര, അതെല്ലായിടത്തും എത്തുന്ന സാഹചര്യവുമുണ്ടാവണം. എണ്ണവിലയിൽ കഴിഞ്ഞദിവസം മുതൽ നേരിയ വർധനയുണ്ട്. പ്രതീക്ഷയുടെ സാഹചര്യം നിലനിൽക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
സൗദി–അമേരിക്ക ബന്ധം പ്രതിസന്ധി ഘട്ടങ്ങളിൽ പോലും ഉലയാത്തത്
റിയാദ്: ഏത് പ്രതിസന്ധി ഘട്ടങ്ങളിലും ഉലയാതെ നിന്നതാണ് സൗദിയും അമേരിക്കയും തമ്മിലുള്ള ബന്ധമെന്ന് സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ. ഡെമോക്രാറ്റുകളോ റിപ്പബ്ലിക്കന്മാരോ മാറി മാറി വന്നാലും ഉലയാത്തതാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ നയതന്ത്ര ബന്ധം. റിയാദിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ജോ ബൈഡൻ അമേരിക്കൻ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഒരു സൗദി മന്ത്രിയുടെ ആദ്യ പ്രതികരണമാണിത്. ഏത് പ്രതികൂല സാഹചര്യത്തിലും മികച്ച ബന്ധം ഇരുരാജ്യങ്ങൾക്കുമിടയിലുണ്ട്.
ഡെമോക്രാറ്റുകളോ റിപ്പബ്ലിക്കന്മാരോ വരുന്നതിന് അനുസരിച്ച് മാറുന്നതല്ല അത്. അമേരിക്കയിൽ ജോ ബൈഡൻ അധികാരത്തിൽ വരുമ്പോൾ സൗദിയുമായുള്ള ബന്ധം എന്താകുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടായിരുന്നു മന്ത്രിയുടെ പ്രതികരണം. ഒരു കാറ്റിലും മാരിയിലും ഉലയാത്തതാണ് പതിറ്റാണ്ടുകളായുള്ള ബന്ധം. പ്രതിസന്ധിയുടെ എത്രയോ കാറും കോളും കഴിഞ്ഞുപോയിട്ടുണ്ട്. എന്നിട്ടും അമേരിക്കയുമായുള്ള ബന്ധം നിലനിൽക്കുന്നു. 80 വർഷമായി അതങ്ങനെയാണ്. മുമ്പുള്ളതുപോലെ തന്നെ തുടരും. ആരെങ്കിലും വരുന്നതിന് അനുസരിച്ച് മാറുന്നതല്ല. ഉറച്ച നയതന്ത്ര ബന്ധമാണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.