ഇന്ധനക്ഷമതക്കനുസരിച്ച് വാഹനങ്ങൾക്ക് വാർഷിക ഫീസ് ഏർപ്പെടുത്തും; സൗദി മന്ത്രിസഭയുടെതാണ് തീരുമാനം
text_fieldsജിദ്ദ: സൗദിയിൽ ഇന്ധനക്ഷമതക്കനുസരിച്ച് വാഹനങ്ങൾക്ക് വാർഷിക ഫീസ് ഏർപ്പെടുത്താൻ മന്ത്രിസഭ തീരുമാനം. സൽമാൻ രാജാവിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് വാഹനത്തിന്‍റെ ഇന്ധനക്ഷമതക്കനുസരിച്ച് വാഹന രജിസ്ട്രേഷൻ സമയത്തും അത് പുതുക്കുമ്പോഴും വാർഷിക ഫീസ് ഈടാക്കാൻ തീരുമാനിച്ചത്. ലൈറ്റ് വാഹനങ്ങളുടെ പരമാവധി കാലയളവും പഴയ വാഹനങ്ങൾ റോഡുകളിൽ നിന്ന് ഇല്ലാതാക്കലും സംബന്ധിച്ച പ്രത്യേക നിർദേശങ്ങളും വ്യവസ്ഥകളും പരിശോധിച്ച ശേഷമാണ് തീരുമാനമെടുത്തത്.
വിവിധ വകുപ്പുകളുമായി സഹകരിച്ച് 2022 മുതലാണ് തീരുമാനം നടപ്പിലാക്കുക. പുതിയ വാഹന രജിസ്ട്രേഷനും അതു പുതുക്കുന്നതിനുമുള്ള ഫീസിനു പുറമെയാണ് വാർഷിക ഫീസ് നിശ്ചയിച്ചിരിക്കുന്നത്. അതതു മേഖല ട്രാഫിക് ഓഫീസുകളിലൂടെയായിരിക്കും ഫീസ് ഈടാക്കുക.
2016 ലും അതിനു ശേഷവും നിർമിച്ച ലൈറ്റ് വാഹനങ്ങൾ, 2015 ലും അതിനു മുമ്പും നിർമിച്ച എല്ലാ ലൈറ്റ് വാഹനങ്ങളും, മുഴുവൻ ഹെവി വാഹനങ്ങളും ഉൾപ്പെടും. രണ്ട് ഘട്ടങ്ങളായാണ് തീരുമാനം നടപ്പിലാക്കുക. 2022 മുതൽ ആദ്യംഘട്ടം നടപ്പാക്കും. 2023ൽ നിർമിച്ച പുതിയ ലൈറ്റ് വാഹനങ്ങൾ ഇതിലുൾപ്പെടും. തീരുമാനം നടപ്പിലാക്കൽ ബന്ധപ്പെട്ട വകുപ്പുകളിലെ ഇലക്ട്രോണിക് സംവിധാനങ്ങൾ തീരുമാനത്തിനനുസരിച്ച് നവീകരിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കും. രണ്ടാം ഘട്ടം 2023 മുതലാണ് നടപ്പിലാക്കുക. ഈ ഘട്ടത്തിൽ എല്ലാ വാഹനങ്ങളും ഉൾപ്പെടും. സൗദി ഊർജ്ജ കാര്യക്ഷമത കേന്ദ്രം ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ആവശ്യമായ നടപടികൾ പൂർത്തികരിച്ചതായും ആദ്യഘട്ടത്തിലെ പോരായ്മകൾ പരിഹരിച്ചെന്ന് ഉറപ്പുവരുത്തിയുമായിരിക്കും ഈ ഘട്ടവും നടപ്പിലാക്കുക.
2016 ലും അതിനു ശേഷവും നിർമിച്ച വാഹനങ്ങൾക്ക് ലിറ്ററിന് പ്രവർത്തനക്ഷമത 16 കിലോമീറ്ററോ അതിൽ കൂടുതലോ ആണെങ്കിൽ വാർഷിക ഫീസ് ഉണ്ടായിരിക്കുകയില്ല. 14 നും 16 നുമിടയിലാണെങ്കിൽ 50 റിയാലും 12 നും 14 നുമിടയിലാണെങ്കിൽ 85 റിയാലും 10 നും 12 നുമിടയിലാണെങ്കിൽ 130 റിയാലും പത്ത് കിലോമീറ്ററിനു താഴെയാണെങ്കിൽ 190 റിയാലും വാർഷിക ഫീസ് അടക്കണം. എന്നാൽ 2015 ഉം അതിനു മുമ്പും നിർമിച്ച ചെറുകിട വാഹനങ്ങൾക്കും എല്ലാ ഹെവി വാഹനങ്ങൾക്കും എഞ്ചിൻ ശേഷിക്കനുസരിച്ചാണ് ഫീസ് അടക്കേണ്ടത്. 1.9 ൽ താഴെ ശേഷിയുള്ളതാണെങ്കിൽ ഫീസ് ഇല്ല. 1.91 മുതൽ 2.4 വരെയാണെങ്കിൽ 50 റിയാലും 2.41 മുതൽ 3.2 വരെയാണെങ്കിൽ 85 റിയാലും 3.21 മുതൽ 4.5 വരെയാണെങ്കിൽ 130 റിയാലും 4.5 മുകളിലാണെങ്കിൽ 190 റിയാലും ഫീസ് അടക്കണം.
വാഹന ഉടമകൾക്ക് വാർഷിക ഫീസ് സംബന്ധിച്ച് വ്യക്തമായ വിവരം അറിയുന്നതിനാവശ്യമായ നടപടികൾ ദേശീയ ഇൻഫർമേഷൻ കേന്ദ്രവും സൗദി ഊർജ്ജ കാര്യക്ഷത കേന്ദ്രവുമായി സഹകരിച്ച് ട്രാഫിക്ക് വകുപ്പ് സ്വീകരിച്ചിക്കണമെന്ന് തീരുമാനത്തിലുണ്ട്. തീരുമാനം നടപ്പിലാക്കുമ്പോഴുണ്ടാകുന്ന സാമൂഹിക, സാമ്പത്തിക പ്രയാസങ്ങൾ ലഘൂകരിക്കാൻ അർഹരായവർക്ക് വേണ്ട സഹായം ലഭ്യമാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾ ബജറ്റിൽ വേണ്ട കാശ് വകയിരുത്തണമെന്നും നിർദേശമുണ്ട്. തീരുമാനം നടപ്പിലാക്കിയ മൂന്ന് വർഷത്തിനു ശേഷം സാമ്പത്തിക, സാമൂഹിക വശങ്ങളിൽ അതുണ്ടാക്കിയ ഫലങ്ങൾ ഉൾപ്പെടുത്തി ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ദേശീയ ഊർജ്ജ കാര്യക്ഷമതാ കേന്ദ്രം വ്യക്തമായ റിപ്പോർട്ട് നൽകണമെന്നും തീരുമാനത്തിലുണ്ട്. ഫീസിൽ പരാതിയുള്ളവർക്ക് ഊർജ്ജ കാര്യക്ഷമത കേന്ദ്രവുമായി ബന്ധപ്പെട്ട് പരിഹരിക്കാവുന്നതാണ്. 15 വർഷത്തിനു മുകളിലുള്ള വാഹനങ്ങൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന സ്വദേശികളായവർക്ക് അതിനു മേലുള്ള പിഴകളും ഫീസുകളും ഒഴിവാക്കിക്കൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.