സിറിയയുമായി നയതന്ത്ര ബന്ധം പുനരാരംഭിക്കാൻ സൗദി തീരുമാനം
text_fieldsറിയാദ്: സിറിയയുമായുള്ള നയതന്ത്ര ബന്ധം പുനരാരംഭിക്കാൻ സൗദി അറേബ്യ തീരുമാനിച്ചു. സൗദി അറേബ്യയിലെയും സിറിയയിലെയും ജനങ്ങളെ ഒന്നിപ്പിക്കുന്ന സാഹോദര്യ ബന്ധത്തിന്റെ ഭാഗമാണ് തീരുമാനമെന്ന് വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച വ്യക്തമാക്കി. തീരുമാനം അറബ് ഐക്യം ത്വരിതപ്പെടുത്തുകയും മേഖലയുടെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രത്യാശിച്ചു. ഐക്യരാഷ്ട്ര സഭയുടെയും അറബ് ലീഗിന്റെയും ചാർട്ടറുകളുടെയും അന്താരാഷ്ട്ര കൺവെൻഷനുകളുടെയും മാനദണ്ഡങ്ങൾക്കും തത്ത്വങ്ങൾക്കും അനുസൃതമായാണ് തീരുമാനമെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
കഴിഞ്ഞ ഞായറാഴ്ച ഈജിപ്ത് തലസ്ഥാനമായ കൈറോയിൽ ചേർന്ന അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ സിറിയയെ സഖ്യത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ തീരുമാനിച്ചിരുന്നു. ഇതിനെ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം സ്വാഗതം ചെയ്തതിന് പിന്നാലെയാണ് സിറിയയുമായുള്ള നയതന്ത്ര ബന്ധം പുനരാരംഭിക്കാനുള്ള തീരുമാനം. ഒരു ദശാബ്ദത്തിലേറെ നീണ്ട ഇടവേളക്കുശേഷം നയതന്ത്ര ബന്ധം പുനരാരംഭിക്കുന്നതിനും തങ്ങളുടെ എംബസികൾ തുറക്കുന്നതിനും മാർച്ച് 23നാണ് സൗദി അറേബ്യയും സിറിയയും പ്രാഥമിക ധാരണയിലെത്തിയത്. 2011ൽ സിറിയയിൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര യുദ്ധത്തെ തുടർന്നുള്ള സംഭവവികാസങ്ങളാണ് സൗദി ആ രാജ്യവുമായുള്ള ബന്ധം വിച്ഛേദിക്കുന്നതിലേക്ക് നയിച്ചത്. വിമതരെ ക്രൂരമായി നേരിട്ട പ്രസിഡന്റ് ബശ്ശാർ അൽ-അസദിന്റെ നടപടി തിരുത്താൻ തയാറാകാത്ത സാഹചര്യത്തിലാണ് അറബ് ലീഗിൽനിന്ന് സിറിയ പുറത്തായതും സൗദി അടക്കമുള്ള രാജ്യങ്ങൾ 2012 ൽ സിറിയയുമായുള്ള ബന്ധം വിച്ഛേദിച്ചതും. അസദിനെ പിന്തുണച്ചിരുന്ന ഇറാനുമായി സൗദി അറേബ്യ നയതന്ത്ര ബന്ധം പുനഃസ്ഥാപിച്ചതോടെ മേഖലയിലെ സമവാക്യങ്ങളും മാറുന്നതിന്റെ ഭാഗമാണ് പുതിയ തീരുമാനങ്ങൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.