ഗസ്സയിൽ സൗദി ഇതുവരെ എത്തിച്ചത് 2,800 ടൺ ദുരിതാശ്വാസ വസ്തുക്കൾ
text_fieldsയാംബു: രണ്ടര മാസം പിന്നിട്ട ഇസ്രായേൽ ആക്രമണങ്ങളാൽ ജീവിതം ദുസ്സഹമായ ഗസ്സയുടെ ഉയർത്തെഴുന്നേൽപ്പിന് പിന്തുണ നൽകുന്ന സൗദി അറേബ്യയുടെ കൈത്താങ്ങ് ആഗോള ശ്രദ്ധനേടുന്നു. ഗസ്സയിൽ എത്തിയ സൗദിയുടെ ദുരിതാശ്വാസ വസ്തുക്കൾ 2800 ടൺ കവിഞ്ഞതായി കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ (കെ.എസ്. റിലീഫ്) വക്താവ് സാമീർ അൽ ജുതൈലി അറിയിച്ചു. അടിസ്ഥാന സൗകര്യങ്ങളെല്ലാം തകർന്നടിഞ്ഞ ഗസ്സയിൽ അടിയന്താരാവശ്യമായ സഹായവസ്തുക്കളാണ് സൗദി എത്തിച്ചിരിക്കുന്നത്.
രൂക്ഷമായ ഭക്ഷ്യക്ഷാമം പരിഹരിക്കാനായി ഭക്ഷണ പെട്ടികൾ കഴിഞ്ഞദിവസങ്ങളിൽ അഭയാർഥി ക്യാമ്പുകളിൽ വിതരണം ചെയ്തു. ഓരോ പെട്ടിയിലും 70 കിലോ ടിന്നിലടച്ച മാവും പഞ്ചസാരയും ചായയും ഡ്രൈഫുഡ് ഇനങ്ങളും അടങ്ങിയ നിത്യോപയോഗ സാധനങ്ങളാണുള്ളത്. ഏഴു പേരടങ്ങുന്ന കുടുംബത്തിന് ഒരു മാസം കഴിയാനുതകുന്ന പോഷകവസ്തുക്കൾ അടങ്ങിയ നൂറുകണക്കിന് പെട്ടികളാണ് ഗസ്സയിലെത്തിച്ചത്. ഗസ്സയിലേക്ക് പ്രവേശിക്കാൻ വസ്തുക്കൾ നിറച്ച 60 ട്രക്കുകൾ ഇനിയും റഫ അതിർത്തിയിൽ തയാറാക്കി നിർത്തിയിരിക്കുകയാണെന്നും യഥാസമയങ്ങളിൽ അവ കടത്തിവിടുമെന്നും കെ.എസ് റിലീഫ് വക്താവ് ചൂണ്ടിക്കാട്ടി. നാലാമത്തെ കപ്പൽ വഴി ഈജിപ്തിലെ പോർട്ട് സൈദിൽ എത്തിയ 250 കണ്ടെയ്നറുകളിലെ വസ്തുക്കളും ഗസ്സയിലെത്തിക്കാനുള്ള നടപടികളും തുടരുകയാണ്. ഇസ്രായേലിന്റെ മനുഷ്യത്വരഹിത ആക്രമണങ്ങളിൽ തകർന്നടിഞ്ഞ ആരോഗ്യ മേഖലയിലേക്ക് ആവശ്യമായ പ്രത്യേക സഹായ പദ്ധതികളും സൗദി നടപ്പാക്കി വരികയാണ്.
ആംബുലൻസുകളക്കം ചികിത്സാ രംഗത്ത് അനിവാര്യമായ സഹായങ്ങൾ ഫലസ്തീൻ റെഡ് ക്രസൻറ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് സൗദി കൈമാറ്റം ചെയ്തത്. മെഡിക്കൽ സാമഗ്രികളും മരുന്നുകളും ഗസ്സയിലെ ആശുപത്രികളിലേക്ക് വിതരണം ചെയ്യുന്ന നടപടികൾ ഇപ്പോഴും തുടരുകയാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
യുദ്ധക്കെടുതി അനുഭവിക്കുന്ന ഫലസ്തീൻ നിവാസികൾക്ക് മനുഷ്യസാധ്യമായ എല്ലാ സഹായങ്ങളും നൽകാൻ കെ.എസ്. റിലീഫ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ബൃഹത്തായ പദ്ധതികൾ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.