ആഫ്രിക്കയിൽ സൗദി അറേബ്യ 400ലധികം വികസന പദ്ധതികളെ സഹായിച്ചു -സൗദി ധനമന്ത്രി
text_fieldsറിയാദ്: വികസനത്തിനായുള്ള സൗദി അറേബ്യയുെട ഫണ്ട് ആഫ്രിക്കയിലെ 400ലധികം പദ്ധതികളെ ഇതിനോടകം പിന്തുണച്ചുവെന്നും രണ്ട് ശതകോടി റിയാലിലധികം മൂല്യമുള്ള വികസന പദ്ധതികൾ നടപ്പാക്കുന്നതിനുള്ള കരാറുകളിൽ ആഫ്രിക്കൻ രാജ്യങ്ങളുമായി ഒപ്പുവെക്കുമെന്നും സൗദി ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു.
റിയാദിൽ സൗദി-ആഫ്രിക്കൻ സാമ്പത്തിക സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു ധനമന്ത്രി. സമ്മേളനത്തിൽ അറബ് വികസന സ്ഥാപനങ്ങൾ 2030 വരെ ആഫ്രിക്കയിലെ സുസ്ഥിര വികസനത്തെ പിന്തുണക്കുന്നതിനായി അവരുടെ വലിയ ധനസഹായ പരിപാടികളും പ്രഖ്യാപിക്കും.
അന്താരാഷ്ട്ര വേദികളിൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിെൻറ ശബ്ദം ശക്തിപ്പെടുത്തുന്നതിനായി അന്താരാഷ്ട്ര നാണയ നിധിയുടെ എക്സിക്യൂട്ടിവ് ബോർഡിൽ ആഫ്രിക്കക്കായി ഒരു അധിക ഇരിപ്പിടം സൃഷ്ടിക്കാൻ സൗദി നിലവിൽ ശ്രമിക്കുന്നുണ്ടെന്നും ധനമന്ത്രി സൂചിപ്പിച്ചു. ആഫ്രിക്കയെ ഒരു വ്യാപാര പങ്കാളിയായും ഒരു പ്രധാന നിക്ഷേപകേന്ദ്രമായും രാജ്യം കണക്കാക്കുന്നു. കപ്പൽ സഞ്ചാരവും വിവിധ ആഫ്രിക്കൻ തുറമുഖങ്ങളിലേക്കുള്ള കണക്റ്റിവിറ്റിയും മെച്ചപ്പെടുത്തുന്നതിനായി സൗദി പോർട്ട് അതോറിറ്റി പ്രവർത്തിക്കുന്നു.
സൗദിയും ആഫ്രിക്കയും തമ്മിലുള്ള സേവനങ്ങളിൽ വ്യാപാരം സുഗമമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള പരിപാടികളും സൗദി ആരംഭിച്ചിട്ടുണ്ട്. ആഫ്രിക്കൻ ഭൂഖണ്ഡവുമായുള്ള രാജ്യത്തിെൻറ ബന്ധം ഭൂമിശാസ്ത്രപരമായ സാമീപ്യത്താൽ മാത്രം നിയന്ത്രിക്കപ്പെടുന്നതല്ല. പകരം പങ്കാളിത്തത്തിൽ അവരുമായി ഒന്നിച്ചിരിക്കുന്നുവെന്നും ധനമന്ത്രി പറഞ്ഞു.
ആഫ്രിക്കൻ ഭൂഖണ്ഡവുമായുള്ള വ്യാപാരബന്ധം പുരാതന കാലം മുതലുണ്ട്. അറബ് വ്യാപാരികൾ ആഫ്രിക്കയിലേക്കുള്ള വ്യാപാര പാതകളെ ആശ്രയിച്ചിരുന്നു. നൂറ്റാണ്ടുകളായി ആഫ്രിക്കൻ സാധനങ്ങളുടെ സജീവ വിപണികൂടിയാണ് സൗദി അറേബ്യ.
സൗദിയും ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ രാജ്യങ്ങളും തമ്മിൽ സംസ്കാരങ്ങളുടെ സമാനതയുണ്ട്. ആഗോള സമ്പദ്വ്യവസ്ഥ നേരിടുന്ന പ്രധാന വെല്ലുവിളികൾ കൈകാര്യം ചെയ്യുന്നതിൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിന് ഒരു പ്രധാന പങ്കുണ്ട്. ആഫ്രിക്കൻ യൂനിയൻ ജി20യുടെ സ്ഥിരാംഗത്വത്തിൽ ചേരണമെന്ന് ആദ്യം ആവശ്യപ്പെട്ട രാജ്യങ്ങളിലൊന്നാണ് സൗദിയെന്നും ധനമന്ത്രി പറഞ്ഞു. ആഫ്രിക്കൻ ഭൂഖണ്ഡം നേരിടുന്ന വെല്ലുവിളികളിലൊന്നാണ് കടബാധ്യത.
കടങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു സംരംഭം ആരംഭിച്ചിട്ടുണ്ട്. ഘാന ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ കടബാധ്യതകൾ പരിഹരിക്കുന്നതിന് സൗദി മുൻകൈയെടുത്ത് നടത്തുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.
സൗദി, അറബ്, ആഫ്രിക്കൻ രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ, സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്നുള്ള സാമ്പത്തിക, ബിസിനസ്, നിക്ഷേപ നേതാക്കൾ, വ്യാപാര ഫെഡറേഷനുകൾ, അന്താരാഷ്ട്ര സംഘടനകൾ, അക്കാദമിക് സർക്കിളുകളിലെ പ്രമുഖ വ്യക്തികൾ എന്നിവരാണ് ആഫ്രിക്കയുമായുള്ള ബന്ധങ്ങളും സംയുക്ത സഹകരണ സാധ്യതകളും ചർച്ച ചെയ്യാൻ റിയാദിൽ ഒരുമിച്ചുകൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.